MOVIES

കേരളത്തില്‍ റിലീസിന് ഒരുങ്ങി പായല്‍ കപാഡിയയുടെ 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട വാര്‍ത്താ കുറിപ്പില്‍ സിനിമ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലെല്ലാം റിലീസ് ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്


പായല്‍ കപാഡിയ സംവിധാനം ചെയ്ത ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രം കേരളത്തില്‍ റിലീസിന് ഒരുങ്ങുന്നു. ചിത്രം സെപ്റ്റംബര്‍ 21ന് കേരളത്തിലെ തിയേറ്ററുകളില്‍ എത്തും. മലയാളത്തില്‍ 'പ്രഭൈ നിനച്ചതെല്ലാം' എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട വാര്‍ത്താ കുറിപ്പില്‍ സിനിമ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലെല്ലാം റിലീസ് ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ട്.

'കേരളത്തില്‍ നിന്ന് മുംബൈയിലേക്ക് ജോലി ചെയ്യാന്‍ എത്തുന്ന രണ്ട് സ്ത്രീകളാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. അതുകൊണ്ട് തന്നെ ആദ്യമായി സിനിമ റിലീസ് ചെയ്യുന്ന സംസ്ഥാനം കേരളമാകുന്നത് നല്ല കാര്യമാണ്. ഇന്ത്യയില്‍ എല്ലായിടത്തും സിനിമ റിലീസ് ചെയ്യുന്നതിന്റെ ആവേശത്തിലാണ് ഞാന്‍', എന്നാണ് പായല്‍ കപാഡിയ ചിത്രത്തിന്റെ റിലീസിനെ കുറിച്ച് പറഞ്ഞത്.

അതേസമയം ചിത്രം ഒരേ സമയം ഫ്രാന്‍സിന്റെയും ഇന്ത്യയുടെയും ഓസ്‌കാര്‍ എന്‍ട്രി ഷോര്‍ട്ട്‌ലിസ്റ്റില്‍ ഇടം നേടിയിരിക്കുകയാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. 2025 ലെ അന്താരാഷ്ട്ര ഫീച്ചര്‍ വിഭാഗത്തില്‍ ഫ്രാന്‍സ്, ഇന്ത്യ എന്നീ രണ്ട് രാജ്യങ്ങളില്‍ നിന്നുള്ള ഓസ്‌കാര്‍ എന്‍ട്രിയായി ചിത്രം മാറാനുള്ള സാധ്യതകളാണ് ഇതോടെ ഉയരുന്നത്. ജാക്വസ് ഓഡിയാര്‍ഡിന്റെ എമിലിയ പെരസ് , അലക്സാണ്ടര്‍ ഡുമാസിന്റെ അഡാപ്‌റ്റേഷനായ ദി കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ, അലൈന്‍ ഗ്യൂറോഡിയുടെ മിസ്രികോര്‍ഡിയ എന്നീ ചിത്രങ്ങള്‍ക്കൊപ്പമാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റും ഫ്രാന്‍സിലെ ഓസ്‌കാര്‍ കമ്മിറ്റി തിരഞ്ഞെടുത്തത്.

ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഇന്ത്യന്‍ ചിത്രമാണ്. പായല്‍ കപാഡിയ എഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം, ഹൃദു ഹാറൂണ്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍.

77-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. 1994-ന് ശേഷം ഇന്ത്യയില്‍ നിന്ന് ആദ്യമായാണ് ഒരു സിനിമ ഇത്തരത്തില്‍ കാനില്‍ പ്രദര്‍ശിപ്പിക്കുന്നത്. ചിത്രത്തിന് കാനില്‍ ഗ്രാന്‍ഡ് പ്രീ പുരസ്‌കാരവും ലഭിച്ചിരുന്നു. നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ചിത്രം മികച്ച പ്രതികരണങ്ങള്‍ നേടുന്നുണ്ട്.

SCROLL FOR NEXT