MOVIES

മഞ്ഞുമ്മല്‍ ബോയ്‌സ് കണ്ട് റഷ്യന്‍ പ്രേക്ഷകര്‍ കരഞ്ഞു; ഒപ്പം പുരസ്‌കാര നേട്ടവും

ചലച്ചിത്ര മേളയില്‍ മികച്ച സംഗീതത്തിനുള്ള പുരസ്‌കാരമാണ് ചിത്രം നേടിയത്

Author : ന്യൂസ് ഡെസ്ക്



മഞ്ഞുമ്മല്‍ ബോയ്‌സ് കണ്ട് റഷ്യന്‍ പ്രേക്ഷകര്‍ കരഞ്ഞെന്ന് സംവിധായകന്‍ ചിദംബരം. റഷ്യന്‍ ചലച്ചിത്രോത്സവത്തിന്റെ അനുഭവം ടൈംസ് ഓഫ് ഇന്ത്യയുമായി പങ്കുവെച്ചിരിക്കുകയാണ് ചിദംബരം. റഷ്യയില്‍ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും സ്‌ക്രീനിങ്ങിന് ശേഷം പല പ്രേക്ഷകരും കരഞ്ഞെന്നും ചിദംബരം പറഞ്ഞു. അതോടൊപ്പം ചിത്രത്തിന് റഷ്യന്‍ ഫിലിം ഫസ്റ്റിവലില്‍ പുരസ്‌കാരവും ലഭിച്ചു. ചലച്ചിത്ര മേളയില്‍ മികച്ച സംഗീതത്തിനുള്ള പുരസ്‌കാരമാണ് ചിത്രം നേടിയത്. സുഷിന്‍ ശ്യാമിന് വേണ്ടി പുരസ്‌കാരം ചിദംബരം ഏറ്റുവാങ്ങി.

നമ്മുടെ നാട്ടില്‍ ആരംഭിച്ച കഥ ഇപ്പോള്‍ സോച്ചിയിലെ കിനോ ബ്രാവോയില്‍ എത്തിയിരിക്കുന്നു. ഇതൊരു അഭിമാനകരമായ യാത്രയായിരുന്നു എന്നാണ് ചിത്രത്തിന്റെ നിര്‍മാതാവായ ഷോണ്‍ ആന്റണി പറഞ്ഞത്. കിനോ ബ്രാവോ ഫിലിം ഫെസ്റ്റിവലില്‍ മത്സരിക്കുന്ന ആദ്യ മലയാള ചിത്രവും ഈ വര്‍ഷം മത്സര വിഭാഗത്തില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ ചിത്രവുമായിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സ്.

സംവിധായകന്‍ വിശാല്‍ ഭരദ്വാജ് ഫിലിം ഫെസ്റ്റിവലിന്റെ ജൂറിയായിരുന്നു. കാന്‍ ഫിലിം ഫസ്റ്റിവലില്‍ ഗ്രാന്‍ പ്രീ പുരസ്‌കാരം നേടിയ പായല്‍ കപാഡിയയുടെ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രവും എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആറും റഷ്യന്‍ ഫിലിം ഫസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചു.

അതേസമയം മലയാളത്തിലെ ആദ്യ 200 കോടി ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ചിത്രം തിയേറ്ററിലെത്തിയത് ഫെബ്രുവരി 22നാണ്. യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രമായിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സ്. ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഗണപതി തുടങ്ങി വലിയ താരനിര തന്നെ ഉണ്ടായിരുന്നു. ജാനേമന്‍ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.



SCROLL FOR NEXT