MOVIES

'വാഴൈ' സിനിമയുടെ കഥ കോപ്പിയടിച്ചതാണെന്ന് ആരോപണം; പ്രതികരിച്ച് മാരി സെല്‍വരാജ്

തമിഴ്നാട്ടിലെ തിയേറ്ററുകളില്‍ നേടിയ മികച്ച പ്രതികരണത്തിന് പിന്നാലെ ചിത്രം ഇന്ന് കേരളത്തില്‍ പ്രദര്‍ശനം ആരംഭിച്ചു

Author : ന്യൂസ് ഡെസ്ക്

മാരി സെല്‍വരാജ് ചിത്രം 'വാഴൈ'യുടെ കഥ കോപ്പിയിച്ചതാണെന്ന ആരോപണവുമായി എഴുത്തുകാരന്‍ ചോ ധര്‍മ്മന്‍. ഓഗസ്റ്റ് 23ന് തമിഴ്നാട്ടിലെ തിയേറ്ററുകളിലെത്തിയ ചിത്രത്തിന് വന്‍വരവേല്‍പ്പാണ് ലഭിച്ചത്. സിനിമ കണ്ട നിരവധി പേര്‍ ചോ ധര്‍മ്മന്‍റെ ചെറുകഥയുമായി സിനിമയ്ക്ക് സാമ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി എഴുത്തുകാരനെ ബന്ധപ്പെട്ടിരുന്നു. തുടര്‍ന്ന് ചോ ധര്‍മ്മന്‍ 'വാഴൈ' സിനിമ കാണുകയും തന്റെ സഹോദരനും മാതൃസഹോദരനും ജനിച്ച തിരുവായിക്കുണ്ടത്തെ പൊന്നാന്‍കുറിച്ചി ഗ്രാമത്തിലെ വാഴക്കുല ചുമന്ന് ജീവിക്കുന്ന ആളുകളുടെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് എഴുതിയ ചെറുക്കഥയാണ് സിനിമയുടെ പശ്ചാത്തലമായതെന്നും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 'നീര്‍പാളി' എന്ന ചെറുകഥാ സമാഹാരത്തിലെ രണ്ടാമത്തെ കഥയായി 'വാഴൈ' ഉള്‍പ്പെടുത്തിയത്.

സിനിമ എന്ന ബഹുജന മാധ്യമത്തിലേക്ക് വന്നതുകൊണ്ടാണ് വാഴൈ ആഘോഷിക്കപ്പെടുന്നത്. പത്ത് വർഷം മുമ്പ് എഴുതിയ ചെറുകഥ, തൻ്റെ കഥയ്ക്ക് സമാനമായ ഒരു സിനിമയായി ഇന്ന് ആഘോഷിക്കപ്പെടുന്നതിൽ സന്തോഷമുണ്ട്. ഒരു സൃഷ്ടാവ് എന്ന നിലയിൽ അഭിമാനിക്കുന്നുവെന്ന് ചോ ധർമ്മൻ പറഞ്ഞു.

ഇതിനിടെ ചോ ധര്‍മ്മന്‍റെ ചെറുകഥ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് സംവിധായകന്‍ മാരി സെൽവരാജ് രംഗത്ത് എത്തി. എഴുത്തുകാരൻ ചോ ധർമ്മന്റെ 'വാഴയാടി' എന്ന ചെറുകഥ ഇപ്പോൾ ഞാൻ വായിച്ചു, തൊഴിലാളികൾ വാഴപ്പഴം ചുമക്കുന്നതിനെക്കുറിച്ചുള്ളകഥ, വാഴയടി എന്ന ചെറുകഥ ഇതാ. എല്ലാവരും ഈ കഥ വായിക്കണം. എഴുത്തുകാരൻ ചോ ധർമ്മന് നന്ദി' എന്നായിരുന്നു മാരി സെൽവരാജിന്റെ പോസ്റ്റ്.

തമിഴ്നാട്ടിലെ തിയേറ്ററുകളില്‍ നേടിയ മികച്ച പ്രതികരണത്തിന് പിന്നാലെ ചിത്രം ഇന്ന് കേരളത്തില്‍ പ്രദര്‍ശനം ആരംഭിച്ചു. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. കലൈയരശൻ, നിഖില വിമല്‍, പൊൻവേൽ എം, രാകുൽ ആർ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

SCROLL FOR NEXT