സൂര്യയ്‌ക്കൊപ്പം റെട്രോയില്‍ തന്റെ അഭിനയ മികവ് കാഴ്ച്ചവെച്ച പൂജ ഹെഗ്‌ഡെ കൂലിയിലെ മോണിക്ക സോങ്ങും അവതരിപ്പിച്ചിരുന്നു. അടുത്തിടെ ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ടൈപ്പ്കാസ്റ്റിംഗിനെ കുറിച്ച് താരം സംസാരിച്ചു.
പൂജ ഗ്ലാമറസ് വേഷങ്ങളില്‍ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന്, "അത് തീര്‍ച്ചയായും സംഭവിക്കുന്ന കാര്യമാണ്", എന്നാണ് അവര്‍ മറുപടി പറഞ്ഞത്. മുംബൈയിലാണ് അത് കൂടുതലായി നടക്കുന്നതെന്നും പൂജ പറഞ്ഞു.
"ഇപ്പോള്‍ പ്രേക്ഷകര്‍ പോലുമല്ല, സംവിധായകരാണ് അത്തരത്തില്‍ ചെയ്യുന്നത്. ഒരുപക്ഷെ അവര്‍ ഞാന്‍ സൗത്ത് ഇന്ത്യയില്‍ ചെയ്ത ചില കാര്യങ്ങള്‍ കണ്ടിട്ടുണ്ടാകാം. പക്ഷെ ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് അവര്‍ക്ക് അറിയില്ലായിരിക്കാം. തീര്‍ച്ചയായും ടൈപ്പ്കാസ്റ്റിംഗ് ഉണ്ട്. അതുകൊണ്ടാണ് ഈ വര്‍ഷം വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്ത് അതിനെ തകര്‍ക്കാന്‍ ഞാന്‍ ആഗ്രഹിച്ചത്", പൂജ വ്യക്തമാക്കി.
ഗ്ലാമറസ് റോളിന് പകരം കൂടുതല്‍ അഭിനയ സാധ്യതയുള്ള റെട്രോ എന്ന ചിത്രത്തിലെ കഥാപാത്രം തനിക്ക് നല്‍കിയതില്‍ കാര്‍ത്തിക് സുബ്ബരാജിനെ പൂജ പ്രശംസിച്ചു. നമ്മളില്‍ അത് കാണാന്‍ ഒരു നല്ല സംവിധായകനെ സാധിക്കു എന്നും അവര്‍ പറഞ്ഞു.
"നല്ല കാഴ്ച്ചപ്പാടുള്ള സംവിധായകന്‍ വേണം. അവര്‍ക്ക് നമ്മളില്‍ ഇങ്ങനെയൊരു വശമുണ്ടെന്ന് ചിന്തിക്കാന്‍ കഴിയും. അത് ബോധ്യപ്പെടുത്തുന്ന തരത്തില്‍ നിങ്ങള്‍ ചെയ്തു കഴിഞ്ഞാല്‍ കൂടുതല്‍ സംവിധായകര്‍ക്ക് അത് മനസിലാകും" , താരം കൂട്ടിച്ചേര്‍ത്തു.