കൊച്ചി: പ്രഭാസ് ആരാധകരെ ആവേശത്തിലാഴ്ത്തി 'സ്പിരിറ്റ്' സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ. സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വർഷം മാർച്ച് ആഞ്ചിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും.
തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ടി-സീരീസ് ഈ വിവരം പങ്കുവച്ചത്. തൃപ്തി ദിമ്രിയാണ് സിനിമയിൽ പ്രഭാസിന്റെ നായികയായി എത്തുന്നത്. പുതുവത്സര ദിനത്തിൽ പുറത്തുവിട്ട 'സ്പിരിറ്റ്' ഫസ്റ്റ് ലുക്കിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. നീളമുള്ള മുടിയും കട്ടിയുള്ള താടിയും മീശയുമായിട്ടാണ് പോസ്റ്ററിൽ പ്രഭാസ് പ്രത്യക്ഷപ്പെട്ടത്. ശരീരത്തിൽ ചതവുകളും തോളിലും കൈയിലും പുറത്തും നിരവധി ബാൻഡേജുകളുമായി ക്യാമറയ്ക്ക് പുറംതിരിഞ്ഞു നിൽക്കുന്ന പ്രഭാസിന് ഒപ്പം തൃപ്തിയേയും അവതരിപ്പിക്കുന്നതായിരുന്നു ഫസ്റ്റ് ലുക്ക്.
റിലീസ് തീയതി പ്രഖ്യാപിച്ചതോടെ പ്രഭാസ് ആരാധകർ വലിയ ആവേശത്തിലാണ്. എന്നാൽ, ചിത്രം തിയേറ്ററിലെത്താൻ 2027 വരെ കാത്തിരിക്കേണ്ടി വരുന്നതിലുള്ള നിരാശയും ചിലർ കമന്റുകളിലൂടെ പങ്കുവയ്ക്കുന്നുണ്ട്.
'അർജുൻ റെഡ്ഡി', 'അനിമൽ' എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സന്ദീപ് റെഡ്ഡി വാങ്കയും പ്രഭാസും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് സ്പിരിറ്റ്. പ്രഭാസിനും തൃപ്തിക്കും പുറമേ, വിവേക് ഒബ്റോയ്, കാഞ്ചന, പ്രകാശ് രാജ് എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് പ്രഭാസ് എത്തുന്നത് എന്നാണ് സൂചന. സന്ദീപ് റെഡ്ഡി വാങ്ക രചനയും എഡിറ്റിങ്ങും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രം ഭൂഷൺ കുമാർ, പ്രണയ് റെഡ്ഡി വാങ്ക, കൃഷൻ കുമാർ, പ്രഭാകർ റെഡ്ഡി വാങ്ക എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം കൂടാതെ മാൻഡറിൻ, ജാപ്പനീസ്, കൊറിയൻ ഭാഷകളിലും ചിത്രം പുറത്തിറക്കാൻ അണിയറപ്രവർത്തകർ പദ്ധതിയിടുന്നതായാണ് വിവരം.