MOVIES

മുതലയെ കറക്കി എറിയും, ജോക്കറാകും; രാജാസാബ് ട്രെയിലറില്‍ പ്രഭാസിന്റെ അഴിഞ്ഞാട്ടം

സഞ്ജയ് ദത്താണ് പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

പ്രഭാസിന്റെ ദി രാജാസാബിന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. മാരുതി സംവിധാനം ചെയ്യുന്ന ഹൊറര്‍ ഫാന്റസി ചിത്രമാണ് രാജാസാബ്. പ്രഭാസിന്റെ അഴിഞ്ഞാട്ടമാണ് മൂന്ന് മിനുട്ടുള്ള ട്രെയിലര്‍ മുഴുവന്‍. പ്രഭാസിനൊപ്പം സഞ്ജയ് ദത്താണ് പ്രധാന വേഷത്തിലെത്തുന്നത്.

നായികമാരായി നിധി അഗര്‍വാള്‍, മാളവിക മോഹനന്‍, റിദ്ധി കുമാര്‍ എന്നിവരും എത്തുന്നു. സെറീന വഹാബും പ്രധാന വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നുണ്ടെന്നാണ് ട്രെയിലറില്‍ നിന്നും മനസ്സിലാകുന്നത്.

ജനുവരി 9 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. തെലുങ്കിനു പുറമെ, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. 400 മുതല്‍ 450 കോടി രൂപ വരെ മുതല്‍ മുടക്കിയാണ് മാരുതി രാജാസാഭ് ഒരുക്കിയിരിക്കുന്നത്.

പ്രഭാസ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തില്‍ സഞ്ജയ് ദത്താണ് പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു ഹിപ്‌നോട്ടിസ്റ്റിന്റെ വേഷമാണ് സഞ്ജയ് ദത്തിന്റേത്.

ഒരു കൊട്ടാരവും അതിലെ നിഗൂഢതകളും ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ നടക്കുന്നത്. തന്റെ പൂര്‍വ്വികരുടെ തകര്‍ന്നടിഞ്ഞ കൊട്ടാരത്തിന് അവകാശിയായി എത്തുന്ന ഒരു യുവാവിന്റെ (പ്രഭാസ്) കഥയാണിത്. അവിടെയുള്ള ദുഷ്ടശക്തികളെയും അധികാര തര്‍ക്കങ്ങളെയും അയാള്‍ക്ക് നേരിടേണ്ടി വരുന്നു. ഹൊററിനൊപ്പം കോമഡിക്കും പ്രണയത്തിനും പ്രാധാന്യം നല്‍കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

തമന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പുതിയ ട്രെയിലറില്‍ പ്രഭാസിന്റെ 'ജോക്കര്‍' വേഷവും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്.

SCROLL FOR NEXT