ഹൈദരാബാദ്: പ്രഭാസ് ആരാധകർക്ക് പുതുവത്സര സമ്മാനവുമായി 'സ്പിരിറ്റ്' സിനിമയുടെ അണിയറപ്രവർത്തകർ. മാസ് ലുക്കിൽ പ്രഭാസിനെ അവതരിപ്പിക്കുന്ന ആദ്യ പോസ്റ്റർ പുറത്തുവിട്ടുകൊണ്ടാണ് സിനിമയുടെ അണിയറപ്രർത്തകർ പുതിയ വർഷത്തെ സ്വാഗതം ചെയ്തത്. സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന 'സ്പിരിറ്റി'ന്റെ പോസ്റ്ററിൽ പ്രഭാസിനൊപ്പം നായിക തൃപ്തി ദിമ്രിയേയും കാണാം.
സന്ദീപ് റെഡ്ഡി വാങ്കയുടെ അവസാന ചിത്രം 'അനിമലു'മായി നിരവധി സാമ്യതകൾ 'സ്പിരിറ്റ്' പോസ്റ്ററിൽ കണ്ടെത്തുകയാണ് ആരാധകർ. 'അനിമലി'ന്റെയും ആദ്യ അനൗൺസ്മെന്റ് പുതുവത്സര രാത്രിയിലാണ് പുറത്തുവിട്ടത്. മാത്രമല്ല, പോസ്റ്ററിലെ പ്രഭാസിന്റെ ലുക്കിൽ 'അനിമലി'ലെ രൺബീർ സിംഗിന്റെ ഛായകൾ കാണാം. നീളമുള്ള മുടിയും കട്ടിയുള്ള താടിയും മീശയുമായിട്ടാണ് പോസ്റ്ററിൽ പ്രഭാസിനെ അവതരിപ്പിച്ചിരിക്കുന്നത്. ശരീരത്തിൽ ചതവുകളും തോളിലും കൈയിലും പുറത്തും നിരവധി ബാൻഡേജുകളുമായി ക്യാമറയ്ക്ക് പുറംതിരിഞ്ഞു നിൽക്കുന്ന പ്രഭാസിനെയാണ് കാണുന്നത്. വാങ്കയുടെ മുൻ സിനിമകൾ പോലെ ഈ ചിത്രവും വയലന്റായിരിക്കും എന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്.
"മുമ്പ് ഉണ്ടായിരുന്നതിനെ നിങ്ങൾ സ്നേഹിച്ചു. ഇനി, ഇതുവരെ ഉണ്ടെന്ന് നിങ്ങൾക്കറിയാത്ത ഒന്നിനെ പ്രണയിക്കൂ...," എന്ന അടിക്കുറിപ്പോടെയാണ് അണിയറപ്രവർത്തകർ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്.
പ്രഭാസിനും തൃപ്തിക്കും പുറമേ, വിവേക് ഒബ്റോയ്, കാഞ്ചന, പ്രകാശ് രാജ് എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് പ്രഭാസ് എത്തുന്നത് എന്നാണ് സൂചന. സന്ദീപ് റെഡ്ഡി വാങ്ക രചനയും എഡിറ്റിങ്ങും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രം ഭൂഷൺ കുമാർ, പ്രണയ് റെഡ്ഡി വാങ്ക, കൃഷൻ കുമാർ, പ്രഭാകർ റെഡ്ഡി വാങ്ക എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം കൂടാതെ മാൻഡറിൻ, ജാപ്പനീസ്, കൊറിയൻ ഭാഷകളിലും ചിത്രം പുറത്തിറക്കാൻ അണിയറപ്രവർത്തകർ പദ്ധതിയിടുന്നതായാണ് വിവരം. 2026ൽ ചിത്രം തിയേറ്ററുകളിൽ എത്തിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.