പ്രദീപ് രംഗനാഥൻ ചിത്രം 'ലവ് ഇൻഷുറൻസ് കമ്പനി' 
MOVIES

പ്രദീപിന്റെ നാലാം ചിത്രവും 100 കോടി ക്ലബിൽ കയറുമോ? 'ലവ് ഇൻഷുറൻസ് കമ്പനി' റിലീസ് അപ്ഡേറ്റ്

കഴിഞ്ഞ വർഷം സെപ്റ്റംബർ 18ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: പ്രദീപ് രംഗനാഥന്റെ സൈഫൈ റൊമാന്റിക് ചിത്രം 'ലവ് ഇൻഷുറൻസ് കമ്പനി'യുടെ റിലീസ് അപ്ഡേറ്റ് പുറത്ത്. വിഘ്നേഷ് ശിവൻ ഒരുക്കുന്ന ചിത്രം വാലന്റൈൻസ് ഡേ പ്രമാണിച്ച് ഫെബ്രുവരി 12ന് തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്. സെൻസർ സർട്ടിഫിക്കേഷൻ ലഭിച്ചാലുടൻ അണിയറപ്രവർത്തകർ ഔദ്യോഗികമായി റിലീസ് തീയതി പ്രഖ്യാപിക്കും.

കഴിഞ്ഞ വർഷം സെപ്റ്റംബർ 18ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ, പിന്നീടിത് ഒക്ടോബർ 17ന് ദീപാവലി റിലീസ് ആയി നിശ്ചയിച്ചു. പ്രദീപിനെ നായകനാക്കി കീർത്തീശ്വരൻ ഒരുക്കിയ 'ഡ്യൂഡും' ഇതേ തീയതി തിയേറ്ററുകളിൽ എത്തുന്നതിനാൽ 'ലവ് ഇൻഷുറൻസ് കമ്പനി'യുടെ റിലീസ് തള്ളിവയ്ക്കുകയായിരുന്നു.

പ്രദീപ്-വിഘ്നേഷ് ചിത്രത്തിനായി ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ബോക്സ് ഓഫീസിൽ 100 ശതമാനം വിജയസാധ്യത കൽപ്പിക്കപ്പെടുന്ന ചുരുക്കം നടന്മാരിൽ ഒരാളാണ് പ്രദീപ് രംഗനാഥൻ. നടന്റെ 'ലവ് ടുഡേ', 'ഡ്രാഗൺ', 'ഡ്യൂഡ്' എന്നീ ചിത്രങ്ങൾ 100 കോടി ക്ലബിൽ ഇടംപിടിച്ചിരുന്നു. ഇതിൽ 'ലവ് ടുഡെ' സംവിധാനം ചെയ്തതും പ്രദീപ് ആണ്. യുവാക്കളെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്ന പ്രദീപ് രംഗനാഥൻ, പുതിയ കാലഘട്ടത്തിലെ മാസ് നായകനായി ആണ് വിലയിരുത്തപ്പെടുന്നത്.

പ്രദീപ് രംഗനാഥനൊപ്പം കൃതി ഷെട്ടി, എസ്.ജെ. സൂര്യ, മിഷ്കിൻ, സുനിൽ റെഡ്ഡി,സീമൻ, യോഗി ബാബു, ഗൗരി കിഷൻ തുടങ്ങിയവരും 'ലവ് ഇൻഷുറൻസ് കമ്പനി' യിൽ പ്രധാന വേഷങ്ങളിലെത്തുന്നു. നയൻതാരയുടെ റൗഡി പിക്ചേഴ്സും സെവൻ സ്ക്രീൻ സ്റ്റുഡിയോസും ചേർന്നാണ് നിർമാണം. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. രവി വർമനും സത്യൻ സൂര്യനും ആണ് ഛായാഗ്രഹണം. എഡിറ്റിങ് പ്രദീപ് ഇ രാഘവ്.

SCROLL FOR NEXT