വിഖ്യാത പോപ്പ് ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റിന്‍റെ സംഗീത നിശയില്‍ ആടിപ്പാടി വില്യം രാജകുമാരന്‍. തന്‍റെ 42-ാം പിറന്നാള്‍ ദിനത്തില്‍ വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന ടെയ്‌ലര്‍ സ്വിഫ്റ്റിന്‍റെ 'ദി എറാസ്' ടൂര്‍ കോണ്‍സെര്‍ട്ടിലാണ് വില്യം രാജകുമാരനും മക്കളായ ജോര്‍ജും ഷാര്‍ലെറ്റും പങ്കെടുത്തത്. സംഗീത നിശക്കിടെ ഗ്യാലറിയില്‍ നൃത്തം ചെയ്യുന്ന വില്യം രാജകുമാരന്‍റെ വീഡിയോ വൈറലാണ്. കോണ്‍സെര്‍ട്ടിന് മുന്‍പ് ടെയ്‌ലര്‍ സ്വിഫ്റ്റിനും മക്കള്‍ക്കും ഒപ്പമെടുത്ത രാജകുമാരന്‍റെ സെല്‍ഫി കെന്‍സിംഗ്ടണ്‍ പാലസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
"ഒരു മികച്ച സായാഹ്നത്തിന് ടെയ്‌ലർ സ്വിഫ്റ്റിന് നന്ദി!" എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. രാജകുടുംബത്തിനൊപ്പം തന്‍റെ ബോയ്ഫ്രണ്ട് ട്രാവിസ് കെലന്‍സിനെയും ചേര്‍ത്ത് മറ്റൊരു സെല്‍ഫിയും ടെയ്‌ലര്‍ സ്വിഫ്റ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. വില്യം രാജകുമാരന് ജന്മദിന ആശംസകള്‍ നേര്‍ന്നതിനൊപ്പം ലണ്ടന്‍ ഷോയ്ക്ക് ഗംഭീര തുടക്കമാണ് ലഭിച്ചതെന്നും താരം കുറിച്ചു. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി അടുത്തറിയാവുന്നവരാണ് ടെയ്‌ലര്‍ സ്വിഫ്റ്റും വില്യം രാജകുമാരനും.
ഡെന്‍മാര്‍ക്കുമായുള്ള ഇംഗ്ലണ്ടിന്‍റെ യൂറോ കപ്പ് മത്സരത്തില്‍ പങ്കെടുത്ത ശേഷമാണ് വില്യം രാജകുമാരന്‍ സംഗീത നിശക്കെത്തിയത്. എഡിന്‍ബര്‍ഗ്, ലിവര്‍പൂള്‍, കാര്‍ഡിഫ് എന്നിവിടങ്ങളിലെ ഷോകള്‍ക്ക് പിന്നാലെ യുകെയില്‍ ഉടനീളം പര്യടനം നടത്തുകയാണ് ടെയ്‌ലര്‍ സ്വിഫ്റ്റ്. വെള്ളിയാഴ്ച വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന സംഗീതനിശയില്‍ 90,000 കാണികള്‍ പങ്കെടുത്തുന്നു. നേരം വെളുക്കും മുന്‍പ് വരെ സ്റ്റേഡിയത്തിന് മുന്നില്‍ ആരാധകരുടെ നീണ്ടനിര രൂപപ്പെട്ടിരുന്നു. ബ്രിഡ്ജർടൺ താരം നിക്കോള കോഗ്‌ലാനും ലേബർ നേതാവ് സർ കെയർ സ്റ്റാർമറും ഉൾപ്പെടെയുള്ള പ്രമുഖരും പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു.