രണ്ട് സിനിമകളാണ് ഇതിന് മുൻപ് നിസാം ബഷീർ സംവിധാനം ചെയ്തിട്ടുള്ളത്. ആദ്യ ചിത്രം ആസിഫ് അലി നായകനായ 'കെട്ട്യോളാണ് എന്റെ മാലാഖ', രണ്ടാം ചിത്രം മമ്മൂട്ടിയെ ഗ്രേ ഷേഡിൽ അവതരിപ്പിച്ച റോഷാക്ക്. ഈ രണ്ട് സിനിമകളിൽ നിന്നും വേറിട്ടൊരു ചിത്രവുമായാണ് നിസാം ബഷീറിന്റെ മൂന്നാം വരവ്. പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ നിസാമിന്റെ 'ഐ, നോബഡി' ഒറ്റ നോട്ടത്തിൽ ഒരു ഹൈസ്റ്റ് മൂവിയാണ്. 'നോബഡി' എന്ന പേരും കൂടിയാകുമ്പോൾ പ്രേക്ഷകരുടെ ചിന്ത 'കളിക്കളം' മുതൽ 'മണി ഹൈസ്റ്റ്' വരെ എത്തിയേക്കാം. എന്നാൽ, സിനിമ തുടങ്ങി ഏതാനും നിമിഷങ്ങൾക്കുള്ളിൽ സംവിധായകൻ കൃത്യമായ മുന്നറിയിപ്പ് നൽകുന്നു - THIS IS NOT JUST A HEIST MOVIE!
ഒരു ബാങ്ക് കൊള്ളയെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത് എന്നത് ശരി തന്നെ. സിനിമ തുടങ്ങി വയ്ക്കുന്നതും അങ്ങനെയാണ്. തൊക്കുകളുണ്ട്, ചേസുണ്ട്, മുഖംമൂടിവച്ച വില്ലന്മാരുണ്ട്, നായകനുമുണ്ട്. പക്ഷേ, കഥ മാറുന്നു. അസാധാരണമായ ഒരു സാഹചര്യത്തിൽ പെട്ടുപോയ രാജീവൻ എന്ന നോബഡിയെപ്പറ്റിയാണ് ഈ ചിത്രം. ഈ രാജീവനെ നമ്മളൊക്കെ കണ്ടിട്ടുണ്ടാകും. ഒരു മിഡിൽ ക്ലാസ് പുരുഷൻ. നമുക്കിടയിൽ നമ്മൾ ഒരിക്കലും ശ്രദ്ധിക്കാൻ സാധ്യതയില്ലാത്ത ഒരാൾ. കാരണം മറ്റൊന്നുമല്ല, നമ്മളിൽ നിന്നും അയാൾ ഒട്ടും വ്യത്യസ്തനല്ല.
രാജീവൻ സെക്രട്ടറിയേറ്റ് ജീവനക്കാരനാണ്. ഭാര്യ മീരയും രണ്ട് പെൺമക്കളും അടങ്ങുന്ന അയാളുടെ കുടുംബത്തിൽ ചില അസ്വാരസ്യങ്ങളുണ്ട്. അത് അവർ താമസിക്കുന്ന ഫ്ലാറ്റ് പ്രേക്ഷകർക്ക് മുന്നിൽ തുറക്കുന്ന നിമിഷം വ്യക്തമാണ്. ഈ അസ്വാരസ്യങ്ങൾക്ക് പല കാരണങ്ങളുണ്ട്. അതിൽ ഒന്ന് രാജീവന്റെ സ്വഭാവം തന്നെ. നഗരത്തിലെ ഒരു ബാങ്കിൽ പട്ടാപ്പകൽ നടക്കുന്ന കൊള്ളയിൽ രാജീവന്റെ ജീവിതം തലകീഴ്‌മറിയുന്നു. ചുറ്റുമുള്ളവരുടെ ശ്രദ്ധ മുഴുവൻ അയാളിലാകുന്നു. പതിയെ അയാളെ എല്ലാവരും വേട്ടയാടാൻ തുടങ്ങുന്നു. പുതിയ ഭക്ഷ്യ ശ്യംഖലയിൽ പിടിച്ചുനിൽക്കാൻ പുൽച്ചാടിക്ക് പുല്ല് മാത്രമല്ല തവളയേയും തിന്നേണ്ടി വരും എന്ന് തിരിച്ചറിയുന്നിടത്ത് അയാൾക്ക് ചില കടുത്ത കാര്യങ്ങൾ ചെയ്യേണ്ടി വരുന്നു. അത് ആ നോബഡിയെ മാത്രമല്ല അയാളുടെ കുടുംബത്തേയും കൂടുതൽ കുഴപ്പത്തിലാക്കുന്നു. ഇതാണ് ഈ സിനിമയുടെ കഥാപരിസരം.
കൃത്യമായി കൊറിയോഗ്രഫി ചെയ്ത നിരവധി ആക്ഷൻ സെറ്റ്‌പീസുകളുണ്ട് ചിത്രത്തിൽ. എല്ലാം ഒന്നിനൊന്ന് മെച്ചം. ആദ്യാവസാനം നായകൻ അടി കൊള്ളുന്നുമുണ്ട്,കൊടുക്കുന്നുമുണ്ട്. വഴിയെ പോകുന്ന അടി ഇരന്നുവാങ്ങുന്ന ഒരാളാണ് രാജീവൻ എന്ന് വിചാരിക്കരുത്. പ്രശ്നങ്ങൾ തുടങ്ങിവച്ചതിന് ശേഷം പിന്നൊന്നും അയാളുടെ കയ്യിലല്ല. പൃഥ്വിരാജ് എന്ന നടനിൽ ഈ ആക്ഷൻ രംഗങ്ങൾ ഭദ്രമാണ്. ആക്ഷൻ മാത്രമല്ല, ആ കഥാപാത്രത്തെ അടിമുടി നടൻ ഉൾക്കൊണ്ടിട്ടുണ്ട് എന്ന് പറയാം. ഭാര്യ മീരയോടും ഇളയമകളോടും രാജീവൻ പെരുമാറുന്ന വിധത്തിൽ നിന്നുതന്നെ സങ്കീർണമായ അയാളുടെ സ്വഭാവം മനസിലാക്കിത്തരാൻ സംവിധായകന് സാധിക്കുന്നത് അതുകൊണ്ടാണ്. അല്ലെങ്കിൽ നല്ലപോലെ അടിക്കാൻ അറിയുന്ന, നോക്കിയാൽ ചൂടാകുന്ന, അത്ര നല്ല പങ്കാളിയല്ലാത്ത, ഒരു സെക്രട്ടറിയേറ്റ് ജീവനക്കാരൻ മാത്രമാകുമായിരുന്നു രാജീവൻ. പൃഥ്വിരാജ് സുകുമാരൻ എന്ന നടൻ ആ ദുർവിധിയിലേക്ക് നായകനെ തള്ളിവിടുന്നില്ല.
മീരയായി എത്തിയ പാർവതിയും കയ്യൊതുക്കത്തോടെയാണ് ആ കഥാപാത്രത്തെ അതരിപ്പിച്ചിരിക്കുന്നത്. അമിതാഭിനയം കൊണ്ട് സ്വാഭാവികതയെ ഞെരിക്കാതെയാണ് നടി മീരയെ നമുക്ക് മുന്നിലേക്ക് എത്തിക്കുന്നത്. രാജീവനുമായുള്ള പ്രശ്നങ്ങൾക്കിടയിൽ മറ്റ് പല വയ്യാവേലികൾ കൂടി കടന്നുവരുമ്പോൾ ആ സ്ത്രീ അനുഭവിക്കുന്ന വീർപ്പുമുട്ടൽ പാർവതിയുടെ ശരീരഭാഷയിൽ വ്യക്തമാണ്. നക്ഷത്ര, ഐറ എന്നീ ബാലതാരങ്ങളും തങ്ങളുടെ ഭാഗം മനോഹരമാക്കി. ഇനി, എടുത്ത് പറയേണ്ട മറ്റൊരു കഥാപാത്രം അശോകൻ ചെയ്ത ജേക്കബ് ആണ്. റോഷാക്കിൽ ബിന്ദു പണിക്കർക്ക് നൽകിയപോലെ ഒരിടം ഈ സിനിമയിൽ അശോകനും നിസാം ബഷീർ നൽകിയിട്ടുണ്ട്.
ഇനി, ഈ സിനിമ ഒരു ഹൈസ്റ്റ് മൂവി മാത്രമല്ലാതാകാനുള്ള മറ്റൊരു കാരണം പറയാം. അച്ഛനും അമ്മയും മുറിയടച്ച് വഴക്കിടുമ്പോൾ വാതിൽപ്പുറത്ത് ചെവിവച്ച് എന്താണ് ഉള്ളിൽ നടക്കുന്നതെന്ന് അറിയാതെ നിൽക്കുന്ന മക്കൾ. ഇതെല്ലാം അവർ അറിയുന്നുണ്ടെന്നും അവരെ ഇതെല്ലാം ബാധിക്കുന്നുണ്ടെന്നും ഈ കോലാഹലങ്ങൾക്കിടയിലും ഒരു ദീർഘനിശ്വാസം എടുത്ത ശേഷം സിനിമ സമാധാനപൂർവം പറയുന്നുണ്ട്. അഡ്രിനാലിൻ പമ്പ് ചെയ്യാനുള്ള സീനുകൾ കുത്തിക്കയറ്റാതെ അതിനുള്ള അവസരം ഒരുക്കിയതാണ് ഈ സിനിമയുടെ വിജയം.
സാങ്കേതികമായും മികച്ച നിലവാരം പുലർത്തുന്ന ചിത്രമാണ് 'ഐ നോബഡി'. ജേക്‌സ് ബിജോയ് ഒരുക്കിയ പശ്ചാത്തല സംഗീതം സിനിമയുടെ കയറ്റിറക്കങ്ങൾക്കൊപ്പമാണ് സഞ്ചരിക്കുന്നത്. പശ്ചാത്തല സംഗീതം മാത്രമല്ല സിനിമയുടെ എഡിറ്റിങ്ങും സിനിമാറ്റോഗ്രഫിയും ആ വിധമാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിസാമിന്റെ കഥപറച്ചിലിന് വ്യത്യസ്ത നൽകുന്നതും ദിനേശ് പുരുഷോത്തമൻ ഒരുക്കിയ ദൃശ്യങ്ങളും റമീസ് അതിനെ സംയോജിപ്പിച്ച രീതിയുമാണ്.
ഒരു സാധാരണക്കാരൻ അസാധാരണമായ ചില കാര്യങ്ങൾ ചെയ്യുന്നു - ഇത് സിനിമയിൽ പുതുമയുള്ള കാര്യമല്ല. പട്ടിയെ പേപ്പട്ടിയാക്കുന്നതും എന്നിട്ടതിനെ തല്ലിക്കൊല്ലുന്നതും നവമാധ്യമ, സത്യാനന്തര കാലത്ത് - പുതുമയല്ല. നമ്മൾ ദിവസേന കാണുന്ന കാര്യമാണ്. എന്നാൽ, ഈ പഴകിയ വീഞ്ഞിനെ നിസാം പായ്ക്ക് ചെയ്തത്, ഒന്ന് കയ്യിലെടുത്ത് തുറന്നുനോക്കാൻ തോന്നുന്ന പോലെയാണ്. രണ്ടേമുക്കാൽ മണിക്കൂർ നിങ്ങളെ ഒരു സിനിമയിൽ എന്തൊക്കെ പിടിച്ചിരുത്തുമോ അതൊക്കെ, 'ഐ, നോബഡി'യിലുണ്ട്. അതെ, നിങ്ങൾക്ക് ആവശ്യമുള്ളത് രാജീവന്റെ പക്കലുണ്ട്.