കൊച്ചി: മലയാള സിനിമ-രാഷ്ട്രീയ മണ്ഡലങ്ങളില്‍ ഏറെ ചർച്ചയായ സിനിമയാണ് പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ 'എമ്പുരാൻ'. കടുത്ത വിവാദങ്ങളും സൈബർ ആക്രമണങ്ങളും, രാഷ്ട്രീയ വാക്പോരുകളുമാണ് സിനിമയുടെ റിലീസിന് പിന്നാലെ അരങ്ങേറിയത്.
പാൻ ഇന്ത്യൻ ചിത്രമെന്ന രീതിയിൽ വന്ന എമ്പുരാനിൽ, ഗുജറാത്ത് കലാപത്തെ സംബന്ധിച്ച റെഫറൻസുകളെ ചൊല്ലി സംഘപരിവാർ ഗ്രൂപ്പുകളിൽ നിന്ന് വ്യാപക സൈബർ ആക്രമണങ്ങളാണ് അണിയറ പ്രവർത്തകർ നേരിട്ടത്. രാഷ്ട്രീയ വിമർശത്തിനപ്പുറം പൃഥ്വിരാജിനും, മോഹൻലാലിനും നേരെ കടുത്ത അധിക്ഷേപങ്ങളാണ് ഉയർന്നത്. സിനിമ റിലീസ് ആയതിന് പിന്നാലെ 24 കട്ടുകള്‍ വേണമെന്ന സെൻസർ ബോർഡ് നിർദേശം വിവാദങ്ങള്‍ ശക്തമാക്കി. അപ്പോഴൊന്നും പൃഥ്വിരാജ് പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ വിഷയത്തിൽ മൗനം വെടിഞ്ഞിരിക്കുകയാണ് നടൻ.
വിവാദങ്ങള്‍ തന്നെ ബാധിക്കില്ലെന്നാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടന്റെ പ്രതികരണം. ഒരു പ്രത്യേക ഉദ്ദേശ്യത്തോടെയല്ല സിനിമ ചെയ്തതെന്നും നടൻ വ്യക്തമാക്കി.
"എമ്പുരാന്റെ വിവാദങ്ങൾ എന്നെ ബാധിക്കണമെങ്കിൽ മനഃപൂർവം ഒരു പ്രത്യേക ഉദ്ദേശ്യത്തോട് കൂടി സിനിമ ചെയ്തു എന്ന് ഞാൻ ബോധവാൻ ആയിരിക്കണം. അതല്ല എന്ന് എനിക്ക് പൂർണ ബോധ്യമുണ്ട്.. ഞാൻ ആ സിനിമയുടെ കഥ കേട്ടു, എനിക്ക് ബോധ്യപ്പെട്ടു, തിരക്കഥ രൂപത്തിൽ അതിന്റെ നായകനെയും നിർമാതാവിനെയും കേൾപ്പിച്ച് അവരും കണ്‍വിൻസിഡ് ആയിട്ടാണ് ആ സിനിമ ചെയ്തത്. എന്നെ സംബന്ധിച്ചിടത്തോളം പ്രേക്ഷകനെ എന്റർടെയ്‌ൻ ചെയ്യിക്കുക എന്നൊരു ഉദ്ദേശ്യം മാത്രമേ എനിക്കുള്ളൂ, അതിൽ ഞാൻ പരാജയപ്പെട്ടിട്ടുണ്ടെങ്കിൽ അത് ഒരു സംവിധായകൻ എന്ന നിലയിൽ എന്റെ പരാജയം ആണ്. അല്ലാതെ ഒരിക്കലും ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് നടത്താൻ വേണ്ടി ഞാൻ ഒരു സിനിമ ചെയ്യില്ല. കോടികൾ മുടക്കി ഇന്നത്തെ കാലത്ത് അങ്ങനെ ചെയ്യേണ്ട ആവശ്യമില്ല. നമ്മുടെ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ഇട്ടാൽ മതി. എന്റെ ഉള്ളിൽ എനിക്ക് ഈ ബോധ്യം ഉണ്ടെങ്കിൽ എനിക്ക് സങ്കടപ്പെടേണ്ട കാര്യമോ ആരെയെങ്കിലും ഭയപ്പെടേണ്ട കാര്യമോ ഉണ്ടെന്ന് ഞാൻ കരുതുന്നില്ല," പൃഥ്വിരാജ് പറയുന്നു.
വിവാദങ്ങള്‍ക്ക് പിന്നാലെ നടൻ മോഹൻലാൽ മാപ്പ് പറയുകയും, നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ പ്രസ്താവനപ്രകാരം 24 റീ എഡിറ്റുകൾ നടത്തുകയും ചെയ്തിരുന്നു. രണ്ട് മിനിറ്റോളമാണ് സിനിമയില്‍ നിന്ന് നീക്കിയത്. അതേസമയം, വിവാദങ്ങള്‍ സിനിമയുടെ കളക്ഷനെ ബാധിച്ചില്ലെന്ന് വേണം കരുതാൻ. 268.08 കോടി രൂപയാണ് ആഗോളതലത്തില്‍ സിനിമ കളക്ട് ചെയ്തത്. ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ മലയാള ചിത്രമാണ് 'എമ്പുരാൻ'.