പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാനായി പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ ടീസറും പ്രേക്ഷകരിലെ ആകാഷ കൂട്ടിയിരിക്കുകയാണ്. ചിത്രം പാന്‍ ഇന്ത്യന്‍ തലത്തില്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. മാര്‍ച്ച് 27ന് തിയേറ്ററിലെത്തുന്ന ചിത്രം സല്‍മാന്‍ ഖാന്റെ സിക്കന്തറുമായാണ് ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടുക. 2019ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍.
തെലുങ്കില്‍ ചിത്രത്തിന്റെ ആദ്യ ഭാഗമായ ലൂസിഫര്‍ ഗോഡ്ഫാദര്‍ എന്ന പേരില്‍ റീമേക്ക് ചെയ്തിരുന്നു. ചിത്രത്തില്‍ ചിരഞ്ജീവിയും സല്‍മാന്‍ ഖാനുമായിരുന്നു പ്രധാന കഥാപാത്രങ്ങള്‍. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. അടുത്തിടെ ഫിലിമിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജിനോട് ചിത്രത്തിന്റെ ഹിന്ദി റീമേക്കില്‍ ആരെ നായകനായി തിരഞ്ഞെടുക്കുമെന്ന ചോദ്യം ചോദിച്ചു.
ചോദ്യത്തിന് അമിതാബ് ബച്ചനാണ് തന്റെ പ്രിയപ്പെട്ട ബോളിവുഡ് നടന്‍ എന്ന് താരം പറഞ്ഞെങ്കിലും സ്റ്റീഫന്‍ നെടുമ്പള്ളി അഥവ ഖുറേഷി അബ്രഹാം ആയി ഷാരൂഖ് ഖാനെ തിരഞ്ഞെടുക്കുമെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. അതേസമയം എമ്പുരാന്റെ ആദ്യ 25 മിനിറ്റ് ഒരു ഹിന്ദി സിനിമ പോലെ ആയിരിക്കുമെന്നാണ് പൃഥ്വിരാജ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. സിനിമയുടെ 35 ശതമാനവും ഹിന്ദിയിലാണ് ചിത്രീകരിച്ചതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.
'ദേശീയ അന്തര്‍ദേശീയ തലത്തിലുള്ള സിനിമയാണ് എമ്പുരാന്‍. സിനിമയുടെ 35 ശതമാനവും ചിത്രീകരിച്ചിരിക്കുന്നത് ഹിന്ദിയിലാണ്. ആദ്യത്തെ 20-25 മിനിറ്റ് എമ്പുരാന്‍ ഒരു ഹിന്ദി സിനിമ പോലെ അനുഭവപ്പെടും', എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.
എമ്പുരാനെ ഒരു ചെറിയ സിനിമ എന്നാണ് പൃഥ്വിരാജ് വിശേഷിപ്പിക്കുന്നത്. അടുത്തിടെ നടന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ചിലും പൃഥ്വിരാജ് ഇതേ കുറിച്ച് സംസാരിച്ചിരുന്നു. 'എമ്പുരാനെ ചുറ്റിപറ്റിയുള്ള ഹൈപ്പ് എനിക്ക് അറിയാവുന്നതാണ്. ഇത് മറ്റൊരു മെയിന്‍സ്ട്രീം സിനിമ മാത്രമാണെന്ന് കാണിക്കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്. പ്രേക്ഷകരും അത്തരത്തിലേ ഈ സിനിമയെ കാണാവൂ. തുറന്ന മനസോടെ വന്ന് സിനിമ കാണണം', എന്നാണ് പൃഥ്വിരാജ് ടീസര്‍ ലോഞ്ചില്‍ പറഞ്ഞത്.