അക്ഷയ് കുമാർ - പ്രിയദർശൻ ചിത്രം 'ഭൂത് ബംഗ്ല' 
MOVIES

നാലാം നാൾ 100 കോടി ക്ലബിൽ; 'ധുരന്ധർ' കൊടുങ്കാറ്റിൽ ഉലയാതെ പ്രിയദർശൻ - അക്ഷയ് കുമാർ ചിത്രം 'ഭൂത് ബംഗ്ല'

14 വർഷത്തിന് ശേഷം പ്രിയദർശനും അക്ഷയ് കുമാറും ഒന്നിച്ച ചിത്രമാണ് 'ഭൂത് ബംഗ്ല'

Author : ന്യൂസ് ഡെസ്ക്

റിലീസ് ആയി നാലാം നാൾ 100 കോടി ക്ലബിൽ ഇടംപിടിച്ച് അക്ഷയ് കുമാർ - പ്രിയദർശൻ ചിത്രം 'ഭൂത് ബംഗ്ല'. ആദിത്യ ധർ ചിത്രം 'ധുരന്ധർ 2' ഇന്ത്യൻ ബോക്സ് ഓഫീസിൽ തുടർച്ചയായി അഞ്ചാം വാരവും ആധിപത്യം തുടരുന്നതിനിടെയാണ് ഈ നേട്ടം. വർഷങ്ങൾക്ക് ശേഷം അക്ഷയ് കുമാറും പ്രിയദർശനും ഒന്നിച്ച ചിത്രമാണ് 'ഭൂത് ബംഗ്ല'.

ബോക്സ് ഓഫീസ് ട്രാക്കർമാരായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം, 10,984 ഷോകളിൽ നിന്ന് 6.75 കോടി രൂപയാണ് ആദ്യ തിങ്കളാഴ്ച 'ഭൂത് ബംഗ്ല' കളക്ട് ചെയ്തത്. ഇതോടെ സിനിമയുടെ ആഭ്യന്തര നെറ്റ് കളക്ഷൻ 64.75 കോടി രൂപയായി ഉയർന്നു. 77.34 കോടി രൂപയാണ് സിനിമയുടെ ഇന്ത്യയിലെ ഗ്രോസ് കളക്ഷൻ. ഇതോടെ, സിനിമയുടെ ആഗോള ഗ്രോസ് കളക്ഷൻ 106.34 കോടി രൂപയായി ഉയർന്നു.

അതേസമയം, ബോക്സ് ഓഫീസിൽ സിനിമയുടെ മുഖ്യ എതിരാളികളായ 'ധുരന്ധർ: ദ റിവഞ്ച്' റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോൾ ആഗോള തലത്തിൽ 1,783 കോടി രൂപയാണ് സ്വന്തമാക്കിയത്. 1,153 കോടി രൂപയാണ് ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം നേടിയ നെറ്റ് ഗ്രോസ് കളക്ഷൻ.

14 വർഷത്തിന് ശേഷം പ്രിയദർശനും അക്ഷയ് കുമാറും ഒന്നിച്ച ചിത്രമാണ് 'ഭൂത് ബംഗ്ല'. 2010ൽ പുറത്തിറങ്ങിയ ‘ഖാട്ടാ മീട്ട’യാണ് ഇരുവരും അവസാനം ഒന്നിച്ച ചിത്രം. അക്ഷയ് കുമാറിനൊപ്പം വമിഖ ഗബ്ബി, തബു, പരേഷ് റാവല്‍, ഗോവർദ്ധൻ അസ്രാനി, രാജ്‍പാൽ യാദവ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബാലാജി മോഷൻ പിക്ചേഴ്സാണ് നിർമാണം.

SCROLL FOR NEXT