മലയാളത്തില്‍ മാത്രമല്ല ബോളിവുഡിലും പ്രിയദർശന്‍ ചിത്രങ്ങള്‍ക്ക് പ്രത്യേക അരാധകവൃന്ദമുണ്ട്. ഹേരാ ഫേരി, ഭൂല്‍ ഭുലയ്യ എന്നിങ്ങനെയുള്ള ചിത്രങ്ങള്‍ക്ക് കള്‍ട്ട് സ്റ്റാറ്റസാണ് ഹിന്ദി പ്രേക്ഷകർക്കിടയിലുള്ളത്. അവയില്‍ പലതും പ്രിയദർശന്‍ സംവിധാനം ചെയ്ത മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ റീമേക്കുകളാണ്.
തന്റെ പല സിനിമകളും റീമേക്കുകളാണെങ്കിലും അവയൊന്നും ഫ്രെയിം ടു ഫ്രെയിം കോപ്പികളല്ലെന്നാണ് പ്രിയദർശന്‍ പറയുന്നത്. എന്നാല്‍ ഒരു സിനിമയെ ഈ നിരയില്‍ നിന്ന് സംവിധായകന്‍ മാറ്റി നിർത്തുന്നു - ഹേരാ ഫേരി. ഇപ്പോഴും മീമുകളായും ട്രോളുകളായും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന ചിത്രം 1989ല്‍ റിലീസായ സിദ്ദിഖ്-ലാല്‍ സിനിമ റാംജി റാവു സ്പീക്കിങ്ങിന്റെ റീമേക്കായിരുന്നു. എന്നാല്‍ ഈ പടം മാത്രം താന്‍ ഫ്രെയിം ടു ഫ്രെയിം കോപ്പി ചെയ്യുകയായിരുന്നു എന്നാണ് പ്രിയദർശന്‍ പിങ്ക്‌വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
"ഞാൻ ഒരിക്കലും ഒരു സിനിമ അതേപടി പകർത്തിവയ്ക്കാറില്ല. ഒരു സിനിമ ഒഴികെ, ഹേരാ ഫേരി. അതു മാത്രം ഞാന്‍ ഒറിജിനലിനു സമാനമായി ഫ്രെയിം-ടു-ഫ്രെയിം ആയിട്ടാണ് എടുത്തത്. ആ ചിത്രത്തിനായി ആരും ഹിന്ദിയിൽ ഡയലോഗുകള്‍ എഴുതിയിട്ടില്ല. അതെല്ലാം വിവർത്തനം ചെയ്യുകയായിരുന്നു, പ്രിയദർശന്‍ പറഞ്ഞു. റാംജി റാവു സ്പീക്കിങ് ഇംഗ്ലീഷ് ടിവി ഫിലിം സീ ദ മാന്‍ റണിന്റെ അഡാപ്റ്റേഷനാണെന്നും സംവിധായകന്‍ കൂട്ടിച്ചേർത്തു.
ബോളിവുഡിലെ 90 ശതമാനം റീമേക്കുകളും പരാജയപ്പെടാനുള്ള കാരണവും പ്രിയദർശന്‍ വ്യക്തമാക്കി. ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ നിന്ന് റീമേക്ക് ചെയ്യുന്ന സിനിമകള്‍ ഹിന്ദി സിനിമ പോലെ തോന്നിക്കുന്നില്ല എന്നതാണ് സംവിധായകന്റെ കണ്ടെത്തല്‍. മലയാളം ചിത്രം മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്ക്, ഭൂല്‍ ഭുലയ്യ, അക്കാര്യത്തില്‍ വ്യത്യസ്തമാണെന്നും പ്രിയദർശന്‍ പറയുന്നു.
2000ലാണ് പ്രിയദർശന്‍ ഹേരാ ഫേരി സംവിധാനം ചെയ്യുന്നത്. അക്ഷയ് കുമാർ, സുനിൽ ഷെട്ടി, പരേഷ് റാവൽ എന്നിവർ പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രത്തിന്റെ രണ്ട് ഭാഗങ്ങള്‍ക്കും വലിയ പ്രേക്ഷക പ്രീതിയാണുള്ളത്. നിലവില്‍ സിനിമയുടെ മൂന്നാം ഭാഗം സംവിധാനം ചെയ്യുന്നതിന്റെ തിരക്കിലാണ് പ്രിയദർശന്‍.