ഷെയിന്‍ നിഗം ചിത്രം 'ബള്‍ട്ടി'യുടെ പോസ്റ്ററുകള്‍ കീറിയ നിലയില്‍ Source: Facebook / Santhosh T Kuruvila
MOVIES

"എന്തിനാണ് ഷെയ്ൻ നിഗത്തിന്റെ പോസ്റ്ററുകൾ വലിച്ചു കീറുന്നത്, ഇത് കടുത്ത അസഹിഷ്ണുതയാണ്"; നിർമാതാവ് സന്തോഷ് ടി കുരുവിള

സന്തോഷ് ടി കുരുവിള നിർമിച്ച 'ബള്‍ട്ടി' മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ഷെയ്ന്‍ നിഗം നായകനായ ബള്‍ട്ടി, ഹാൽ എന്നീ സിനിമകളുടെ പോസ്റ്ററുകള്‍ ആസൂത്രിതമായി കീറിക്കളയുന്നതായി നിർമാതാവ് സന്തോഷ് ടി കുരുവിള. തിയേറ്ററുകളിൽ വിജയകരമായി പ്രദർശിപ്പിക്കുന്ന ഒരു മലയാള സിനിമയുടെ മുകളിലേക്ക് എന്തിനാണ് മറ്റൊരു ചിത്രത്തിൻ്റെ പോസ്റ്ററുകൾ അറിഞ്ഞു കൊണ്ടുതന്നെ ഒട്ടിച്ചു മറയ്ക്കുന്നത് എന്നതാണ് നിർമാതാവിന്റെ ചോദ്യം.

എന്തുകൊണ്ടാണ് ഷെയ്ൻ നിഗം എന്ന മികച്ച യുവ നടൻ ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നതെന്നും സന്തോഷ് ടി കുരുവിള ചോദിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് നിർമാതാവ് തന്റെ പ്രതിഷേധം അറിയിച്ചത്.

സന്തോഷ് ടി കുരുവിള നിർമിച്ച 'ബള്‍ട്ടി' മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. സെപ്റ്റംബർ 26നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. സ്പോർട്സ് ആക്ഷൻ ഴോണറില്‍ കംപ്ലീറ്റ് എന്റർടൈനറായിട്ടാണ് 'ബള്‍ട്ടി' അണിയിച്ചൊരുക്കിയിരിക്കുന്നത്. നവാഗതനായ ഉണ്ണി ശിവലിംഗമാണ് 'ബൾട്ടി'യുടെ സംവിധാനം.

സന്തോഷ് ടി കുരുവിള ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഇത് കടുത്ത അസഹിഷ്ണുതയാണ് !

എന്തിനാണ് വളരെ ആസൂത്രിതമായ് ഷെയ്ൻ നിഗം എന്ന നടൻ്റെ പോസ്റ്ററുകൾ വലിച്ചു കീറുന്നത് എന്ന് മനസ്സിലാവുന്നില്ല ?

തീയറ്ററുകളിൽ വിജയകരമായ് പ്രദർശിപ്പിയ്ക്കുന്ന ഒരു മലയാള സിനിമയുടെ മുകളിലേയ്ക്ക് എന്തിനാണ് മറ്റൊരു ചിത്രത്തിൻ്റെ പോസ്റ്ററുകൾ അറിഞ്ഞു കൊണ്ടുതന്നെ ഒട്ടിച്ചു മറയ്ക്കുന്നത് ?

ഈ പ്രവർത്തി അങ്ങയറ്റം ഹീനമായ ഒന്നാണ് . ഷെയിൻ നിഗം ചിത്രങ്ങളായ ബൾട്ടി , ഹാൽ എന്നീ സിനിമകളുടെ പ്രൊമോഷണൽ മറ്റീരിയൽ വലിച്ചു കീറണമെന്നും ഒട്ടിച്ചു മറയ്ക്കണമെന്നതും ആരുടെ താൽപര്യമാണ് ?

ഷെയ്ൻ നിഗം എന്ന നടൻ്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാണ് ബൾട്ടി , പ്രേക്ഷകർ നല്ല അഭിപ്രായങ്ങൾ ഉറക്കെ പറയുമ്പോൾ ആരാണ് അസ്വസ്ഥരാവുന്നത് ?

ആരാണ് മുൻ നിരയിലേയ്ക്ക് എത്തുന്ന ഈ ചെറുപ്പക്കാരനെ അപ്രസക്തനാക്കാൻ ശ്രമിയ്ക്കുന്നത് ?

ഇവിടെ ചേർത്തിരിയ്ക്കുന്ന ഫോട്ടോകൾ എനിയ്ക്ക് ലഭിച്ച ഏതാനും ചിലത് മാത്രമാണ് , കേരളത്തിലങ്ങോളം ഇങ്ങോളം ഈ പരിപാടി തുടങ്ങിയിട്ട് പത്ത് ദിവസത്തോളമായ് , എന്താണിവരുടെ ഉദ്ദേശം ?

ഞാൻ തന്നെ നിർമ്മിച്ച എൻ്റെ മുൻകാല ചിത്രങ്ങളായ ആൻഡ്രോയ്ഡ് കുഞ്ഞപ്പനൊപ്പം കെട്ടിയോളാണെൻ്റെ മാലാഖ , അതിനും മുമ്പ് മഹേഷിൻ്റെ പ്രതികാരത്തിനൊപ്പം ആക്ഷൻ ഹീറോ ബിജു , മായാ നദിയ്ക്കൊപ്പം ആട് 2 അവസാനമായ് ന്നാ താൻ കേസ് കൊടിനൊപ്പം തല്ലുമാല , അപ്പോഴൊന്നും സംഭവിയ്ക്കാത്തതാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിയ്ക്കുന്നത് ഈ പോസ്റ്റർ കീറൽ പരിപാടി , അപ്പോൾ കാര്യങ്ങൾ വ്യക്തമാവുന്നുണ്ടല്ലോ ?

എന്താണ് ഷെയ്ൻ നിഗം എന്ന ഒരു മികച്ച യുവ നടൻ ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നത് ?

മലയാളത്തിലെ എൻ്റെ പ്രിയപ്പെട്ട സിനിമാ സ്നേഹികളോട് ഒരു നിർമ്മാതാവ് എന്ന നിലയിൽ പിന്തുണ തേടുകയാണ് .

SCROLL FOR NEXT