MOVIES

മലൈകോട്ട വാലിബന്‍ സാമ്പത്തികമായി നഷ്ടമായിരുന്നില്ല, പക്ഷെ രണ്ടാം ഭാഗം ആലോചനയിലില്ല: ഷിബു ബേബി ജോണ്‍

സിനിമ മേഖലയിലെ പ്രതിസന്ധിയെ കുറിച്ചുള്ള ചോദ്യത്തിനും അദ്ദേഹം പ്രതികരണം അറിയിച്ചു

Author : ന്യൂസ് ഡെസ്ക്



മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ട വാലിബന്‍ സാമ്പത്തികമായി നഷ്ടമായിരുന്നില്ലെന്ന് നിര്‍മാതാവ് ഷിബു ബേബി ജോണ്‍. മറ്റ് വരുമാനമാര്‍ഗമുള്ളതിനാലാണ് നഷ്ടം വരാതിരുന്നത്. ഒടിടി സാറ്റ്‌ലൈറ്റ് റൈറ്റ്‌സുകള്‍ക്ക് വന്‍ തുക ലഭിച്ചുവെന്നും നിര്‍മാതാവ് വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം ഷിബു ബേബി ജോണ്‍ അറിയിച്ചത്.

'വാലിബന്റെ രണ്ടാംഭാഗത്തെക്കുറിച്ച് ഇപ്പോള്‍ ആലോചനയില്ല. ഒന്നാമത് ഞാനതില്‍നിന്ന് പൂര്‍ണമായി മാറി. ആദ്യം തുടങ്ങിയപ്പോള്‍ അതുമായി കുറച്ചുസമയം ചെലവഴിച്ചു എന്നതല്ലാതെ ഇപ്പോള്‍ പൂര്‍ണമായും യാതൊരു ബന്ധവുമില്ല. രണ്ടാംഭാഗം എന്നത് ഇപ്പോള്‍ ആലോചനയിലില്ല എന്ന് തറപ്പിച്ച് പറയാം', ഷിബു ബേബി ജോണ്‍ പറഞ്ഞു.

സിനിമ മേഖലയിലെ പ്രതിസന്ധിയെ കുറിച്ചുള്ള ചോദ്യത്തിനും അദ്ദേഹം പ്രതികരണം അറിയിച്ചു. 'സിനിമ തീയേറ്ററില്‍ ഇറങ്ങി ആ രണ്ടുമണിക്കൂര്‍ സാധനം കൊള്ളാമെങ്കില്‍ ആളുകേറും. സാധനം കൊള്ളില്ലെങ്കില്‍ ആളുകേറില്ല. അതിന്മേല്‍ കയറി ചര്‍ച്ച ചെയ്തിട്ട് വല്ല കാര്യവുമുണ്ടോ?', എന്നാണ് ഷിബു ബേബി ജോണ്‍ പറഞ്ഞത്.


ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് പി.എസ് റഫീഖാണ്. മോഹന്‍ലാലിന് പുറമെ, ഹരീഷ് പേരടി, സൊനാലി കുല്‍ക്കര്‍ണി, സുമിത്ര നായര്‍, മനോജ് മോസസ്, കഥ നന്ദി എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായിരുന്നു. 2024 ജനുവരി 25ന് തിയേറ്ററിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്.



SCROLL FOR NEXT