MOVIES

സംഘടനയ്‌ക്കെതിരായ നീക്കങ്ങളെ പ്രതിരോധിക്കും; ആന്റണി പെരുമ്പാവൂരിനെതിരെ നിര്‍മാതാക്കളുടെ സംഘടന

സുരേഷ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ചത് സംഘടനാ ഭരണ സമിതിയുടെ തീരുമാനപ്രകാരമാണെന്നും അറിയിച്ചിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്


നിര്‍മാതാവ് ജി സുരേഷ് കുമാറിനെ വിമര്‍ശിച്ച ആന്റണി പെരുമ്പാവൂരിനെതിരെ നിര്‍മാതാക്കളുടെ സംഘടന രംഗത്ത്. ആന്റണിയെ ക്ഷണിച്ചിട്ടും അദ്ദേഹം യോഗത്തില്‍ പങ്കെടുത്തില്ല. സംഘടനയ്‌ക്കെതിരായ നീക്കങ്ങളെ പ്രതിരോധിക്കുമെന്നും നിര്‍മാതാക്കളുടെ സംഘടന അറിയിച്ചു. സംഘടന ജി സുരേഷ് കുമാറിനെ പിന്തുണയ്ക്കുകയും ചെയ്തു. സുരേഷ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ചത് സംഘടനാ ഭരണ സമിതിയുടെ തീരുമാനപ്രകാരമാണെന്നും അറിയിച്ചിട്ടുണ്ട്.

നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സിനിമാ മേഖല ജൂണ്‍ ഒന്ന് മുതല്‍ നിശ്ചലമാകുമെന്ന് പ്രഖ്യാപിച്ചത്. സിനിമ മേഖലയിലെ വിവിധ സംഘടനകളുടെ സംയുക്ത തീരുമാനമാണിതെന്ന് സുരേഷ് കുമാര്‍ പറഞ്ഞെങ്കിലും സമര പ്രഖ്യാപനത്തെ വിമര്‍ശിച്ച് നിര്‍മാതാക്കളടക്കം നിരവധി പേര്‍ രംഗത്തെത്തി. ഇതെല്ലാം പറയാന്‍ സുരേഷ് കുമാറിനെ ആരാണ് ചുമതലപ്പെടുത്തിയതെന്നായിരുന്നു നിര്‍മാതാവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അംഗവുമായ ആന്റണി പെരുമ്പാവൂരിന്റെ ചോദ്യം. എംപുരാന്റെ ബജറ്റിനെ കുറിച്ച് സുരേഷ് കുമാര്‍ സംസാരിച്ചതിനെയും ആന്റണി വിമര്‍ശിച്ചു.'ആശിര്‍വാദ് സിനിമാസിന്റെ എംപുരാന്‍ എന്ന സിനിമയുടെ ബജറ്റിനെക്കുറിച്ച് പൊതുസമക്ഷം അദ്ദേഹം സംസാരിച്ചതിന്റെ ഔചിത്യബോധമെന്തെന്ന് എത്രയാലോചിച്ചിട്ടും മനസിലാവുന്നില്ല' എന്നായിരുന്നു ആന്‍ണി പെരുമ്പാവൂരിന്റെ പ്രതികരണം.

അതേസമയം ജി സുരേഷ് കുമാര്‍ സര്‍ക്കാരിന് സിനിമ സമരത്തെ ബന്ധപ്പെട്ട് കത്ത് നല്‍കി. കത്ത് ഉടന്‍ പരിശോധിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ അറിയിച്ചിട്ടുണ്ട്. മൂന്ന് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കത്ത് നല്‍കിയിട്ടുള്ളത്. പരിശോധിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും സജി ചെറിയാന്‍ പറഞ്ഞു. സമരത്തിന് ആധാരമായ വിഷയം എന്താണെന്ന് സര്‍ക്കാരിന് ബോധ്യപ്പെട്ട് വരുന്നേയുള്ളൂ. നിലവില്‍ സര്‍ക്കാര്‍ സിനിമാ നയം രൂപീകരിച്ചിട്ടുണ്ട്. ഉടനെ തന്നെ സര്‍ക്കാര്‍ കോണ്‍ക്ലേവിലേക്ക് പോകുന്ന ഘട്ടം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

സിനിമ മേഖലയുടെ വളര്‍ച്ചയ്ക്ക് വേണ്ടി സര്‍ക്കാര്‍ വലിയ തോതില്‍ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. നിലവില്‍ നിര്‍മാതാക്കളുടെ സംഘടനയാണ് കത്ത് നല്‍കിയിരിക്കുന്നത്. കത്തിലെ കാര്യങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ പരിശോധിക്കും. എന്നാല്‍ പ്രശ്‌നങ്ങള്‍ അവര്‍ തമ്മിലാണ് പരിഹരിക്കേണ്ടതെന്നും സജി ചെറിയാന്‍ വ്യക്തമാക്കി. അതേസമയം കത്തില്‍ സര്‍ക്കാര്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും ചര്‍ച്ച ചെയ്യും. സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഏറ്റവും കൂടുതല്‍ ഇടപെടല്‍ നടത്തിയ സര്‍ക്കാരാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

SCROLL FOR NEXT