മലയാള സിനിമകളുടെ കളക്ഷൻ പെരുപ്പിച്ച് കാണിക്കുന്ന നിർമാതാക്കളെ താക്കീത് ചെയ്ത് കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ഈ പ്രവണത വ്യവസായത്തിന് ഗുണകരമല്ലെന്നും ഇത്തരം പ്രവൃത്തികൾ ചെയ്യുന്ന നിർമാതാക്കൾക്കെതിരെ നടപടിയെടുക്കുമെന്നും അവർ അറിയിച്ചു. കൊച്ചിയിൽ ചേർന്ന കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭരണസമിതി യോഗമാണ് തീരുമാനമെടുത്തത്.
കളക്ഷൻ പെരുപ്പിച്ച് കാണിക്കാൻ ഇടനിലക്കാരായി നിൽക്കുന്ന പി.ആർ ഏജൻസിക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അറിയിച്ചു. കൂടാതെ സിനിമാ റിവ്യൂവിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്ന വ്യക്തികൾക്കെതിരെ ബ്യൂറോ ഓഫ് സ്റ്റാൻഡേർഡ് നിഷ്കർഷിക്കുന്ന നിയമപ്രകാരം ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകാനും യോഗം തീരുമാനിച്ചു.
ചലച്ചിത്രങ്ങളുടെ ഒടിടി അവകാശം ജിയോ സിനിമയ്ക്ക് വിറ്റ് നൽകാം എന്ന പേരില്‍ ചില ആളുകൾ നിർമാതാക്കളെ ചൂഷണം ചെയ്യുന്നത് സംബന്ധിച്ച് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ വിഷയം ജിയോ സിനിമയുടെ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ ഒടിടി അവകാശം വാങ്ങി നൽകാൻ ആരെയും ഏൽപ്പിച്ചിട്ടില്ലെന്നാണ് ജിയോ സിനിമ നൽകിയ മറുപടി. ഇതിനാൽ ഈ വിഷയത്തിൽ നിലവിൽ ലഭിച്ചിരിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ തട്ടിപ്പ് നടത്തിയ മിനിമാക്സ് എന്ന സ്ഥാപനത്തിനെതിരെയും അതുമായി ബന്ധപ്പെട്ട വ്യക്തികൾക്കെതിരെയും നിയമപരമായ നടപടികൾ കൈക്കൊള്ളാൻ യോഗം തീരുമാനിച്ചു.