പുലി സിനിമയില്‍ നിന്ന്  Source : X
MOVIES

"പുലിയുടെ പരാജയം എന്നെ തകര്‍ത്തു കളഞ്ഞു"; എന്നാല്‍ വിജയ്‌യുടെ പ്രതിഫലം ഇരട്ടിയായെന്ന് നിര്‍മാതാവ്

2015ല്‍ പുറത്തിറങ്ങിയ തമിഴ് ഫാന്റസി ചിത്രമാണ് പുലി.

Author : ന്യൂസ് ഡെസ്ക്

2015ല്‍ പുറത്തിറങ്ങിയ തമിഴ് ഫാന്റസി ചിത്രം പുലി നിര്‍മിക്കുന്നതിന് മുമ്പ് പി.ടി സെല്‍വകുമാര്‍ വര്‍ഷങ്ങളോളം വിജയ്‌യുടെ സുഹൃത്തും പിആര്‍ഒയുമായിരുന്നു. അടുത്തിടെ സിനിമയിലെ സംഭാവനകള്‍ക്ക് അദ്ദേഹത്തിന് ഓണററി ഡോക്ട്രേറ്റ് ലഭിച്ചപ്പോള്‍ തന്റെ കരിയറിനെ കുറിച്ചും പുലിയുടെ പരാജയം തന്നെ എങ്ങനെ തകര്‍ത്തുവെന്നും തുറന്ന് പറഞ്ഞു. പുലി പരാജയപ്പെട്ടെങ്കിലും അതിന് ശേഷം വിജയ്‌യുടെ പ്രതിഫലം ഇരട്ടിക്കുകയായിരുന്നെന്നും സെല്‍വകുമാര്‍ വ്യക്തമാക്കി.

ഒരു ദിവസം വിജയ് തന്നെ വീട്ടിലേക്ക് വിളിച്ച് സംവിധായകന്‍ ചിമ്പു ദേവനോടൊപ്പം ഒരു സിനിമ നിര്‍മിക്കാന്‍ ആവശ്യപ്പെട്ടതായി സെല്‍വകുമാര്‍ വെളിപ്പെടുത്തി. ചിത്രത്തില്‍ ശ്രീദേവി ചെയ്ത കഥാപാത്രത്തിനായി ആദ്യം തീരുമാനിച്ചത് ശോഭനയെ ആയിരുന്നു. പിന്നീട് മുംബൈയില്‍ വെച്ച് ശ്രീദേവിയെ കാസ്റ്റ് ചെയ്യുകയായിരുന്നു എന്നും നിര്‍മാതാവ് പറഞ്ഞു.

നിര്‍ഭാഗ്യവശാല്‍, തന്നോട് അടുപ്പമുള്ളവര്‍ തന്നെ ഒറ്റികൊടുത്തു എന്നും സെല്‍വകുമാര്‍ പറഞ്ഞു. പുലി റിലീസ് ചെയ്യുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ആദായനികുതി വകുപ്പ് സെല്‍വകുമാറിന്റെയും വിജയ് യുടെയും നിര്‍മാതാവ് ഷിബു തമീന്‍സിന്റെയും വീടുകള്‍ റെയ്ഡ് ചെയ്തു.

"ഞാന്‍ സമ്പന്ന കുടുംബത്തില്‍ നിന്നല്ല വരുന്നത്. എന്റെ വീടിന്റെ ആധാരം ഉള്‍പ്പെടെ ചെലവഴിച്ചാണ് ഞാന്‍ ചിത്രം പുറത്തിറക്കിയത്. നിര്‍ഭാഗ്യവശാല്‍ അത് വലിയൊരു പരാജയമായിരുന്നു. എന്റെ 27 വര്‍ഷത്തെ കഠിനാധ്വാനമാണ് തകര്‍ന്നത്. മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ ആത്മഹത്യ ചെയ്‌തേനെ", സെല്‍വകുമാര്‍ പറഞ്ഞു.

ചിത്രം ആഗോളതലത്തില്‍ 100 കോടി നേടിയെങ്കിലും ബിഗ് ബജറ്റ് ചിത്രമായതിനാല്‍ കഷ്ടിച്ച് ലാഭം ഉണ്ടാക്കാന്‍ പോലും കഴിഞ്ഞില്ല. എന്നാല്‍ ആ സമയത്ത് വിജയ്‌യുടെ പ്രതിഫലം ഇരട്ടിയായെന്നും അദ്ദേഹം വെളിപ്പെടുത്തി. "ചിത്രം പരാജയപ്പെട്ടെങ്കിലും അത് ആദ്യത്തെ പാന്‍ ഇന്ത്യന്‍ സിനിമയായിരുന്നു. ഹോളിവുഡ് സ്റ്റണ്ട് ഡയറക്ടര്‍മാര്‍ ആദ്യമായി ഇവിടെ ജോലി ചെയ്ത സിനിമ. മറ്റ് ഭാഷകളില്‍ നിന്നുള്ള അഭിനേതാക്കളും സിനിമയില്‍ ഉണ്ടായിരുന്നു. 100 കോടി നേടിയ ആദ്യ വിജയ് ചിത്രമായിരുന്നു പുലി. സിനിമയില്‍ അദ്ദേഹത്തിന് 25 കോടി പ്രതിഫലവും ലഭിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ 2016ല്‍ പുറത്തിറങ്ങിയ അടുത്ത ചിത്രത്തിന് 45 കോടിയായിരുന്നു പ്രതിഫലം", നിര്‍മാതാവ് കൂട്ടിച്ചേര്‍ത്തു.

പോക്കിരി, ഗജിനി എന്നിവയുള്‍പ്പെടെ നിരവിധി ഹിറ്റ് ചിത്രങ്ങളുടെ പിആര്‍ഒ ആയി സെല്‍വകുമാര്‍ പ്രവര്‍ത്തിച്ചു. പുലിക്ക് പുറമെ പോക്കിരി രാജ, ബന്ദ പരമശിവം എന്നീ ചിത്രങ്ങളും അദ്ദേഹം നിര്‍മിച്ചിട്ടുണ്ട്.

SCROLL FOR NEXT