അല്ലു അര്‍ജുനെ കേന്ദ്ര കഥാപാത്രമാക്കി സുകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് പുഷ്പ 2. 2021ല്‍ പുറത്തിറങ്ങിയ പുഷ്പ ദി റൈസിന്റെ രണ്ടാം ഭാഗമാണ് പുഷ്പ ദി റൂള്‍. ഡിസംബര്‍ 5ന് തിയേറ്ററിലെത്തിയ പുഷ്പ 2 ദിവസങ്ങള്‍ക്കുള്ളിലാണ് ആഗോള ബോക്‌സ് ഓഫീസില്‍ 1800 കോടി കടന്നത്. ശനിയാഴ്ച്ച നടന്ന സിനിമയുടെ സക്‌സസ് മീറ്റില്‍ വെച്ച് അല്ലു അര്‍ജുന്‍ സുകുമാറിനോടും ആരാധകരോടും നന്ദി അറിയിച്ചു. പുഷ്പ എന്നതൊരു സിനിമയല്ല മറിച്ച് വികാരമാണെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു.
'എന്നെ സംബന്ധിച്ച് പുഷ്പ സിനിമയല്ല. അഞ്ച് വര്‍ഷത്തെ യാത്രയാണ്. വികാരമാണ്. ഈ സിനിമയുടെ പ്രയ്തനവും വിജയവും ഞാന്‍ എന്റെ ആരാധകര്‍ക്കായി സമര്‍പ്പിക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. നിങ്ങളെ ഞാന്‍ കൂടുതല്‍ അഭിമാനം കൊള്ളിക്കും. ഇതെന്റെ വാക്കാണ്. ഇതൊരു നല്ല തുടക്കമാണ്. നിങ്ങളുടെ സ്‌നേഹവും അനുഗ്രഹവും കൊണ്ട് ഞാന്‍ നിങ്ങളെ അഭിമാനം കൊള്ളിക്കും', പുഷ്പയുടെ താങ്ക്യൂ മീറ്റില്‍ അല്ലു അര്‍ജുന്‍ സംസാരിച്ചു.
താരം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനേതാക്കളായ രശ്മികയ്ക്കും ഫഹദിനും നന്ദി അറിയിച്ചു. അതോടൊപ്പം സംവിധായകന്‍ സുകുമാറിനെയും താരം പ്രശംസിച്ചു. 'പുഷ്പയുടെ വിജയത്തിന് പിന്നില്‍ ഒരാളെയുള്ളൂ. അത് മറ്റൊരുമല്ല സിനിമയുടെ സംവിധായകന്‍ സുകുമാറാണ്. ഇത് പൂര്‍ണ്ണമായും അദ്ദേഹത്തിന്റെ വിജയമാണ്. അദ്ദേഹത്തിന്റെ സ്വപ്‌നത്തിലുള്ള കഥാപാത്രങ്ങളാണ് ഞങ്ങളെല്ലാം. അദ്ദേഹത്തിന്റെ കാഴ്ച്ചപാടിലുള്ള ചിത്രങ്ങളാണ് നമ്മള്‍. സംവിധായകനാണ് പ്രേക്ഷകരോട് നേരിട്ട് സംസാരിക്കുന്നത്', അല്ലു അര്‍ജുന്‍ പറഞ്ഞു.
'ഞങ്ങളെ ജയിപ്പിച്ചതില്‍ നന്ദി. തെലുങ്ക് സിനിമ മേഖലയെ അഭിമാനം കൊള്ളിച്ചതിന് നന്ദി. സുകുമാര്‍ എനിക്ക് ഒരു വ്യക്തിയല്ല വികാരമാണ്. ഞാന്‍ നിങ്ങളുടെ വലിയ ആരാധകനാണ്. നിങ്ങളോട് അടുത്ത് നില്‍ക്കാന്‍ സാധിച്ചത് വലിയ കാര്യമാണെന്ന് ഞാന്‍ എന്റെ സുഹൃത്തുക്കളോടും കുടുംബത്തോടും പറയാറുണ്ട്. നിങ്ങളൊരു ജീനിയസ് ആണ്', എന്നും താരം കൂട്ടിച്ചേര്‍ത്തു.