ഷാരൂഖ് ഖാന്‍ Shah Rukh Khan
MOVIES

ഷാരൂഖ് ഫാനാണോ? എങ്കില്‍ റെഡിയായിക്കൊള്ളൂ... കിംഗ് ഖാന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ഫിലിം ഫെസ്റ്റിവലുമായി പിവിആർ ഐനോക്സ്

നവംബർ രണ്ടിനാണ് താരത്തിന്റെ പിറന്നാള്‍

Author : ന്യൂസ് ഡെസ്ക്

മുംബൈ: ബോളിവുഡിന്റെ കിംഗ് ഖാന്റെ അറുപതാം ജന്‍മദിനം ആഘോഷമാക്കാന്‍ ഇന്ത്യയിലെ മുന്‍നിര മള്‍ട്ടിപ്ലക്സ് ശൃംഖലയായ പിവിആർ ഐനോക്സ്. നവംബർ രണ്ടിനാണ് ഷാരൂഖ് ഖാന്റെ പിറന്നാള്‍. ഇതിനോടനുബന്ധിച്ച് നടന്റെ സിനിമകള്‍ കോർത്തിണക്കി 'ഷാരുഖ് ഖാന്‍ ഫിലിം ഫെസ്റ്റിവല്‍' നടത്തുമെന്ന് പിവിആർ പ്രഖ്യാപിച്ചു.

ഒക്ടോബർ 31ന് ആണ് 'ഷാരുഖ് ഖാന്‍ ഫിലിം ഫെസ്റ്റിവല്‍' ആരംഭിക്കുന്നത്. രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന ചലച്ചിത്രോത്സവത്തില്‍ രാജ്യത്തെ 30 നഗരങ്ങളിലെ 75 സ്ക്രീനുകളില്‍ ഷാരൂഖ് ഖാന്റെ പ്രശസ്തമായ വിവിധ സിനിമകള്‍ പ്രദർശിപ്പിക്കും. രോഹിത് ഷെട്ടിയുടെ ഫണ്‍ ആക്ഷന്‍ മൂവി 'ചെന്നൈ എക്സ്പ്രസ്', പ്രണയത്തിന്റെയും വിരഹത്തിന്റെയും കഥ പറയുന്ന സഞ്ജയ് ലീല ബന്‍സാലിയുടെ മാസ്റ്റർ പീസ് സിനിമയായ 'ദേവ്‍‌‌ദാസ്', 'കഭി ഹം കഭി നാ', 'മേം ഹൂം നാ', 'ഓം ശാന്തി ഓം', 'ജവാന്‍' തുടങ്ങിയ ചിത്രങ്ങളാകും മേളയില്‍ പ്രദർശിപ്പിക്കുക എന്നാണ് സൂചന. എസ്‌ആർകെ അനശ്വരമാക്കിയ മറ്റ് നിരവധി സിനിമകളും പട്ടികയിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകള്‍.

ഫിലിം ഫെസ്റ്റിവലിനെപ്പറ്റി ഷാരുഖ് ഖാന്‍ പ്രതികരിച്ചു. "സിനിമയാണ് എപ്പോഴും എന്റെ വീട്. ഈ സിനിമകൾ വലിയ സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്നത് കാണുന്നത് മനോഹരമായ ഒരു പുനഃസമാഗമം പോലെയാണ് തോന്നുന്നത്. ഈ സിനിമകൾ എന്റെ മാത്രം കഥകളല്ല; കഴിഞ്ഞ 33 വർഷമായി അവയെ സ്നേഹപൂർവ്വം സ്വീകരിച്ച പ്രേക്ഷകരുടേതാണ്. കാണാൻ വരുന്ന എല്ലാവരും നമ്മൾ ഒരുമിച്ച് പങ്കിട്ട സിനിമയുടെ സന്തോഷം, സംഗീതം, വികാരങ്ങൾ, മാന്ത്രികത എന്നിവ വീണ്ടും അനുഭവിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," ഷാരൂഖ് ഖാന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഷാരൂഖ് ആരാധകരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ പ്രിയ നടന്‍ അനശ്വരമാക്കിയ നിരവധി കഥാപാത്രങ്ങളെ വീണ്ടും തിയേറ്ററില്‍ കാണാനുള്ള അവസരം ആണ് ഒരുങ്ങുന്നത്. ഈ ഫിലിം ഫെസ്റ്റിവല്‍ അവർക്ക് ഇഷ്ട താരവുമായുള്ള വർഷങ്ങള്‍ നീണ്ട യാത്രയുടെ ഓർമ പുതുക്കല്‍ കൂടിയാണ്.

SCROLL FOR NEXT