നവാഗതനായ രാജാ കറുപ്പുസ്വാമി സംവിധാനം ചെയ്ത 'മൊദ രാത്രി'യെ പ്രശംസിച്ച നടൻ ആർ. മാധവൻ. 'മൊദ രാത്രി'യെ ഗംഭീര ചിത്രമെന്ന് വിശേഷിപ്പിച്ച നടൻ വളരെക്കാലത്തിന് ശേഷമാണ് ഒരു തമിഴ് സിനിമ ഇത്രയധികം ആസ്വദിച്ചു കാണുന്നതെന്നും സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
"എന്തൊരു ഗംഭീര സിനിമ! ഒരു തമിഴ് സിനിമ ഇത്രയധികം ആസ്വദിച്ചു കാണുന്നത് വളരെക്കാലത്തിന് ശേഷമാണ്. മികച്ച തിരക്കഥ, മനോഹരമായ വിഷ്വൽ സ്റ്റോറിടെല്ലിങ്, അതിഗംഭീര പ്രകടനങ്ങൾ! ഒരുപാട് നാളുകൾക്ക് ശേഷമാണ് ഇതുപോലെ ചിരിക്കുന്നതും കയ്യടിച്ച് ആർത്തുവിളിക്കുന്നതും. സിനിമയുടെ കാസ്റ്റിനും ക്രൂവിനും മുഴുവൻ ടീമിനും എന്റെ ഹൃദയം നിറഞ്ഞ ബിഗ് സ്റ്റാൻഡിങ് ഓവേഷൻ! ദൈവം നിങ്ങളെ കൂടുതൽ ഉയരങ്ങളിലെത്തിക്കട്ടെ," എന്നാണ് മാധവൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
റിഷികാന്ത്, അനിഷ്മ അനിൽകുമാർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഓഗസ്റ്റ് 21നാണ് തിയേറ്ററുകളിലേക്ക് എത്തിയത്. ഷെല്ലി കിഷോർ, ചേതൻ, ഭഗവതി പെരുമാൾ, വർഷിണി കാർമേഗം, രാജ കറുപ്പുസ്വാമി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. റിലീസ് ചെയ്ത് ആദ്യ ദിനം മുതൽ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.
ഭരത് ശങ്കർ ആണ് സിനിമയുടെ സംഗീതം. സുരേന്ദ്രൻ പരംജ്യോതി ആണ് ഛായാഗ്രഹണവും അശോക് അർജുനൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. മൈത്രി മൂവി മേക്കേഴ്സ് ആണ് നിർമാണം.