എഴുത്തുകാരനും തിരക്കഥാകൃത്തുമായ പി.വി ഷാജികുമാര്‍ എഴുതിയ മരണവംശം എന്ന നോവല്‍ സിനിമയാവുകയാണ്. നടനും സംവിധായകനുമായ രാജേഷ് മാധവനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ മരണവംശം സിനിമയാക്കുന്നതിനെ കുറിച്ച് ന്യൂസ് മലയാളത്തോട് പ്രതികരിച്ചിരിക്കുകയാണ് രാജേഷ് മാധവന്‍. തന്റെ നാട്ടിലുണ്ടായ കഥകളെ ആസ്പദമാക്കി ഒരുക്കിയ നോവലാണ് മരണവംശമെന്ന് രാജേഷ് മാധവന്‍ പറഞ്ഞു.
രാജേഷ് മാധവന്‍ പറഞ്ഞത് :
പി.വി ഷാജികുമാര്‍ എന്റെ സുഹൃത്താണ്. ഷാജി ഏട്ടന്‍ മരണവംശം എഴുതി പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ നോവലിന്റെ റൈറ്റ്‌സ് തരുമോ എന്ന് ചോദിച്ച് ഞാന്‍ അദ്ദേഹത്തിന് അടുത്ത് പോയിരുന്നു. അന്ന് ഞാന്‍ ഇതിന്റെ റൈറ്റ്‌സ് വാങ്ങിയിരുന്നു. ഈ നോവല്‍ ഇപ്പോള്‍ ഇറങ്ങി. അത് വളരെ നല്ലൊരു നോവലാണ്. നമുക്ക് അറിയാവുന്ന ഒരു കഥയാണ് നോവലായിട്ട് വരുന്നത്. അപ്പോള്‍ അതൊക്കെ വിചാരിച്ച് മനസില്‍ ഒരു സിനിമയുണ്ടായിട്ടാണ് പോയത്. പക്ഷെ ഇതിപ്പോള്‍ നോവല്‍ ഭയങ്കര സോള്‍ ഉള്ള ഒന്നാണ്. അത് പ്രകാശന സമയത്ത് അനൗണ്‍സ് ചെയ്തു എന്നെ ഉള്ളൂ. അതിന്റെ വേറെയൊരു സ്റ്റേജും എത്തിയിട്ടില്ല.
ഞങ്ങളുടെ നാട്ടിലെല്ലാം നടന്നിരുന്ന കഥകളെ ആസ്പദമാക്കിയാണ് ആ നോവല്‍ ഉണ്ടാകുന്നത്. ആ കഥയും പിന്നെ ഷാജി ഏട്ടന്റെ നോവലും എന്നുള്ള നിലയ്ക്കാണ് ഞാന്‍ ആലോചിച്ച് തുടങ്ങിയത്. ഇപ്പോള്‍ നോവല്‍ വായിച്ചപ്പോഴാണ് അതിന്റെ ഒരു വിശാലതയെല്ലാം മനസിലായത്. ഭയങ്കര കണ്ടന്റ് ആയിട്ടുള്ള ഭയങ്കര കനമുള്ള നോവലാണത്. ഒരുപാട് കഥാപാത്രങ്ങളൊക്കെയുണ്ട്. അതുകൊണ്ട് തന്നെ ഒരു നോവല്‍ സിനിമയാക്കുന്നതിന്റെ ചലഞ്ചുകളെ കുറിച്ച് ഒരു പൊതുധാരണ എനിക്കുണ്ട്. അത് അത്ര എളുപ്പമാകില്ല എന്നത് അറിയാം. അതുകൊണ്ട് തന്നെ അതിനെ അത്രയും സീരിയസ് ആയിട്ടാണ് അതിനെ കണ്ടിട്ടുള്ളത്.
പെണ്ണും പൊറാട്ടുമാണ് രാജേഷ് മാധവന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം. നിലവില്‍ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പരിപാടികള്‍ പുരോഗമിക്കുകയാണെന്നും രാജേഷ് മാധവന്‍ പറഞ്ഞു. എസ്.ടി.കെ ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.