MOVIES

"എനിക്കൊന്നും അറിയില്ല"; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് രജനികാന്ത്

നടന്‍ മോഹന്‍ലാലും മമ്മൂട്ടിയും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തങ്ങളുടെ പ്രതികരണം അറിയിച്ചിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്


ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിച്ച് നടന്‍ രജനികാന്ത്. തനിക്കൊന്നും അറിയില്ല എന്നായിരുന്നു ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ താരത്തിന്റെ മറുപടി. ഞായറാഴ്ച്ച ചെന്നൈ എയര്‍പോര്‍ട്ടില്‍ വെച്ചാണ് മാധ്യമങ്ങള്‍ രജനികാന്തിനോട് ഇതേ പറ്റി ചോദിച്ചത്. അതോടൊപ്പം തന്റെ പുതിയ ചിത്രമായ കൂലിയെ കുറിച്ചും മാധ്യമങ്ങള്‍ രജനികാന്തിനോട് ചോദിച്ചു. അതെ കുറിച്ച് വളരെ സന്തോഷത്തോടെയാണ് താരം പ്രതികരിച്ചത്. എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് ചോദിച്ചപ്പോള്‍ രജനികാന്ത് ഒഴിഞ്ഞുമാറുകയായിരുന്നു.

അതേസമയം, നടന്‍ മോഹന്‍ലാലും മമ്മൂട്ടിയും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തങ്ങളുടെ പ്രതികരണം അറിയിച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമാണ്. രണ്ട് തവണ കമ്മിറ്റിയോട് സംസാരിച്ചിരുന്നു. AMMA ട്രേഡ് യൂണിയന്‍ സ്വഭാവമുള്ള സംഘടനയല്ല, കുടുംബം പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഇപ്പോഴുണ്ടായ സംഭവങ്ങളില്‍ മലയാള സിനിമ ഒന്നടങ്കമാണ് മറുപടി നല്‍കേണ്ടത്. എന്തിനും ഏതിനും AMMAയെ കുറ്റപ്പെടുത്തുന്ന പ്രവണതയാണ് ഇപ്പോഴുള്ളത്, എല്ലാത്തിനും AMMAയല്ല മറുപടി നല്‍കേണ്ടത് എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. മാധ്യമങ്ങളോടായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മമ്മൂട്ടി പ്രതികരിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതം ചെയ്യുന്നുവെന്നും അതിനെ പിന്തുണയ്ക്കുന്നുവെന്നും മമ്മൂട്ടി വ്യക്തമാക്കി. റിപ്പോര്‍ട്ടില്‍ ശക്തമായ അന്വേഷണം നടക്കുകയാണ്. പൊലീസ് സത്യസന്ധമായി അന്വേഷിക്കട്ടെ, ശിക്ഷാവിധികള്‍ കോടതി തീരുമാനിക്കട്ടെ. സിനിമയില്‍ ഒരു ശക്തികേന്ദ്രവുമില്ല. അങ്ങനെ നിലനില്‍ക്കാന്‍ പറ്റുന്ന രംഗമല്ല അത്. ഈ രംഗത്ത് അനഭിലഷണീയമായതൊന്നും സംഭവിക്കാതിരിക്കാന്‍ സിനിമാ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ടതും ജാഗരൂകരാകേണ്ടതുമാണ്. ആത്യന്തികമായി സിനിമ നിലനില്‍ക്കണമെന്നും മമ്മൂട്ടി പറഞ്ഞു.




SCROLL FOR NEXT