രജനീകാന്ത് Source : X
MOVIES

സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കി രജനീകാന്ത്; സൂപ്പര്‍ സ്റ്റാറിന് ആശംസയുമായി താരങ്ങള്‍

നാളെ റിലീസിനെത്തുന്ന രജനീകാന്ത് ചിത്രം കൂലിക്കും അഭിനന്ദനങ്ങള്‍ അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന് ആശംസ അറിയിച്ച് താരങ്ങള്‍. കമല്‍ ഹാസന്‍, മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ താരങ്ങളാണ് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. നാളെ റിലീസിനെത്തുന്ന രജനീകാന്ത് ചിത്രം കൂലിക്കും അഭിനന്ദനങ്ങള്‍ അറിയിച്ചു.

"അരനൂറ്റാണ്ടിന്റെ തിളക്കത്തില്‍ എന്റെ പ്രിയ സുഹൃത്ത് രജനികാന്ത്. രജനികാന്ത് സിനിമയില്‍ എത്തിയിട്ട് 50 വര്‍ഷം പിന്നിടുന്ന ഈ അവസരത്തില്‍ നമ്മുടെ സൂപ്പര്‍ സ്റ്റാറിന് ഏറെ സ്‌നേഹത്തോടെയും ആദരവോടെയും ഞാന്‍ ആശംസകള്‍ നേരുന്നു. ഈ സുവര്‍ണ ജൂബിലി ആഘോഷിക്കാന്‍ അനുയോജ്യമായ 'കൂലി' എന്ന അദ്ദേഹത്തിന്റെ സിനിമയുടെ വിജയത്തിനും ആശംസകള്‍", എന്നാണ് കമല്‍ ഹാസന്‍ കുറിച്ചത്.

"സിനിമയില്‍ 50 മഹത്തായ വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ പ്രിയ രജനികാന്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. താങ്കളോടൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ കഴിഞ്ഞത് യഥാര്‍ഥത്തില്‍ ഒരു ബഹുമതിയായിരുന്നു. 'കൂലി' എന്ന ചിത്രത്തിന് എല്ലാവിധ ആശംസകളും നേരുന്നു. എന്നും പ്രചോദിപ്പിച്ചുകൊണ്ടും ശോഭിച്ചുകൊണ്ടും ഇരിക്കുക", എന്ന് മമ്മൂട്ടിയും കുറിച്ചു.

"സ്‌ക്രീനില്‍ 50 വര്‍ഷത്തെ അതുല്യമായ കരിഷ്മ, സമര്‍പ്പണം, മാജിക്ക്. ഈ മഹത്തായ നാഴികക്കല്ലിന് രജനീകാന്ത് സാറിന് അഭിനന്ദനങ്ങള്‍. കൂലിക്കൊപ്പം മറ്റ് നിരവധി ഐതിഹാസിക നിമിഷങ്ങള്‍ ഇനിയും വരാനിരിക്കുകയാണ്", മോഹന്‍ലാല്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന കൂലിയില്‍ രജനികാന്ത് ദേവ എന്ന ഗ്യാങ്സ്റ്റര്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നാഗാര്‍ജുനയാണ് ചിത്രത്തിലെ വില്ലനെന്ന് ഒരു അഭിമുഖത്തില്‍ ശ്രുതി ഹാസന്‍ വെളിപ്പെടുത്തിയിരുന്നു. അവര്‍ക്കൊപ്പം സത്യരാജ്, സൗബിന്‍ ഷാഹിര്‍, ഉപേന്ദ്ര എന്നിവരും അണിനിരക്കുന്നുണ്ട്. കൂടാതെ കാമിയോ റോളില്‍ ആമിര്‍ ഖാനും എത്തും. ഓഗസ്റ്റ് 14നാണ് ചിത്രം തിയേറ്ററിലെത്തുന്നത്.

SCROLL FOR NEXT