ചെന്നൈ: ഉലകനായകന്‍ കമല്‍ ഹാസന് ഒപ്പം വീണ്ടും ഒന്നിച്ച് അഭിനയിക്കുന്നുവെന്ന വാർത്തകള്‍ സ്ഥിരീകരിച്ച് സൂപ്പർ സ്റ്റാർ രജനികാന്ത്. ഏറെ പ്രതീക്ഷവച്ച ലോകേഷ് കനഗരാജ് ചിത്രത്തിന് വിചാരിച്ച നേട്ടമുണ്ടാക്കാന്‍ സാധിക്കാതിരുന്നത് ആരാധകരെ ചില്ലറയൊന്നുമല്ല നിരാശരാക്കിയിരുന്നത്. എന്നാല്‍, രജനി-കമല്‍ കോംപോ വീണ്ടും എത്തുന്നു എന്ന വാർത്തകള്‍ അവരെ ആവേശഭരിതരാക്കിയിരിക്കുകയാണ്.
നെല്‍സണ്‍ ദിലീപ്‍കുമാർ സംവിധാനം ചെയ്യുന്ന 'ജയിലർ 2' ആണ് അടുത്ത് റിലീസ് ആകുന്ന രജനി ചിത്രം. അതിന് ശേഷമാകും 46 വർഷമായി സിനിമാ അസ്വാദകർ കാത്തിരുന്ന ആ സിനിമ വരിക. 1979ല്‍ ഇറങ്ങിയ 'അലാവുദ്ദീനും അത്ഭുത വിളക്കും' ആയിരുന്നു അവസാനം ഈ കൂട്ടുകെട്ടില്‍ ഇറങ്ങിയ ചിത്രം. ലോകേഷ് കനഗരാജ് ഈ സിനിമ സംവിധാനം ചെയ്യുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ രജനിയുടെ മറുപടി ആരാധകരെ ആശയക്കുഴപ്പത്തില്‍ ആക്കിയിരിക്കുകയാണ്.
ചെന്നൈ വിമാനത്താവളത്തില്‍ മാധ്യമപ്രവർത്തകരെ കണ്ടപ്പോഴാണ് രജനികാന്ത് സിനിമയെ സംബന്ധിക്കുന്ന വിവരങ്ങള്‍ പങ്കുവച്ചത്. "അടുത്തതായി, രാജ് കമലും റെഡ് ജയന്റും ചേർന്ന് നിർമിക്കുന്ന ചിത്രമാണ് ഞങ്ങള്‍ ചെയ്യുന്നത്. ആരാകും സംവിധായകന്‍ എന്ന് തീരുമാനമായിട്ടില്ല. എനിക്ക് കമല്‍ ഹാസന് ഒപ്പം അഭിനയിക്കണം," രജനികാന്ത് പറഞ്ഞു.
സിനിമയുടെ സംവിധായകന്‍ ആരെന്നതില്‍ തീരുമാനം ആയില്ലെന്നത് താരത്തിന്റെ വാക്കുകളില്‍ നിന്ന് വ്യക്തം. രജനിയെ കമലിന്റെ വില്ലനാക്കി സിനിമ ചെയ്യണമെന്ന പല പ്രമുഖ സംവിധായകരും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. വരാനിരിക്കുന്ന ചിത്രത്തില്‍ സൂപ്പർ സ്റ്റാർ വില്ലന്‍ ആണ് എന്നതില്‍ സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ഇരു താരങ്ങള്‍ക്കും ചിത്രത്തില്‍ തുല്യ പ്രാധാന്യമായിരിക്കുമെന്ന് ഉറപ്പാണ്. ചിത്രത്തിന്റെ പ്രാരംഭ ചർച്ചകള്‍ നടക്കുന്നതേയുള്ളൂ. ജയിലർ രണ്ടാം ഭാഗത്തിന്റെ റിലീസിനോട് അടുപ്പിച്ച് കമല്‍-രജനി ചിത്രത്തിന്റെ അപ്ഡേറ്റുകളും പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.