സൂപ്പർസ്റ്റാർ രജനികാന്ത് നായകനാകുന്ന പുതിയ ചിത്രം 'ധർമൻ' രണ്ടാം ഷെഡ്യൂളിന് തുടക്കം. സ്പെഷ്യൽ ഗ്ലിംപ്സ് വീഡിയോയിലൂടെയാണ് ഇക്കാര്യം അണിയറപ്രവർത്തകർ പുറത്തുവിട്ടത്. മാസ് സ്റ്റൈലിഷ് ആക്ഷൻ രംഗങ്ങളാകും സെക്കൻഡ് ഷെഡ്യൂളിൽ ഷൂട്ട് ചെയ്യുക എന്ന സൂചനയാണ് ഗ്ലിംപ്സ് വീഡിയോ നൽകുന്നത്.
'ഓ മൈ കടവുളെ', 'ഡ്രാഗൺ' എന്നീ സിനിമകളിലൂടെ പ്രശസ്തനായ അശ്വന്ത് മാരിമുത്തുവാണ് 'ധർമൻ' സംവിധാനം ചെയ്യുന്നത്. കമല്‍ ഹാസന്റെ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലാണ് ഈ ചിത്രത്തിന്റെ നിര്‍മാണം. അനിരുദ്ധ് രവിചന്ദർ ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. സിമ്രാൻ, രാഷി ഖന്ന എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. 'പേട്ട'ക്ക് ശേഷം രജനീകാന്തും സിമ്രാനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
നേരത്തെ പുറത്തുവിട്ട സിനിമയുടെ ഫസ്റ്റ് ലുക്ക് സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ഒരു ഡോക്ടറുടെ വേഷത്തിൽ, കയ്യിൽ രക്തം പുരണ്ട സർജിക്കൽ ബ്ലേഡുമായി നിൽക്കുന്ന രജനികാന്തിനെയാണ് പോസ്റ്ററിൽ അവതരിപ്പിച്ചിരുന്നത്. 'ദ ഡെഡ്‌ലി ഡോക്ടർ' എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ.
അതേസമയം, നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത രജനികാന്ത് ചിത്രം 'ജയിലർ 2' ഒക്ടോബർ 15ന് ആഗോള റിലീസായി പ്രേക്ഷകരിലേക്ക് എത്തും. സൺ പിക്ച്ചേർസ് ആണ് സിനിമയുടെ നിർമാണം. സൂപ്പർ ഹിറ്റായി മാറിയ 'ജയിലർ' സിനിമയുടെ രണ്ടാം ഭാഗമാണ് ഈ ചിത്രം. മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായി രജനികാന്ത് വീണ്ടുമെത്തുന്ന ചിത്രത്തിനായി വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് ഈ സിനിമയുടേയും സംഗീതം.
രമ്യ കൃഷ്ണൻ, യോഗി ബാബു, എസ്.ജെ. സൂര്യ, വിദ്യാ ബാലൻ, ജതിൻ ശർമ, മോഹൻലാൽ, ജാക്കി ഷ്റോഫ്, മിഥുൻ ചക്രവർത്തി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഷാരൂഖ് ഖാൻ, ഹൃത്വിക് റോഷൻ എന്നിവരുടെ കാമിയോയും ചിത്രത്തിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.