സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലർ 2'ലെ പുതിയ ക്യാരക്ടർ ഇൻട്രോ വീഡിയോ പുറത്ത്. നടി വിദ്യാ ബാലൻ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ, റിലീസ് ചെയ്ത സുരാജ് വെഞ്ഞാറമൂട്, എസ്.ജെ. സൂര്യ എന്നിവരുടെ ഇൻട്രോ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്.
'കാന്ത' എന്ന കഥാപാത്രത്തെയാണ് 'ജയിലർ 2'ൽ വിദ്യാ ബാലൻ അവതരിപ്പിക്കുന്നത്. സിഗരറ്റ് പുകച്ച്, മാസ് ഡയലോഗുമായി എത്തുന്ന 'കാന്ത' ഇതിനോടകം ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു.
രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത 'ജയിലർ 2' ഒക്ടോബർ 15നാണ് ആഗോള തലത്തിൽ തിയേറ്ററുകളിൽ എത്തുന്നത്. 2023ൽ റിലീസ് ചെയ്ത 'ജയിലറി'ന്റെ രണ്ടാം ഭാഗമാണ് ചിത്രം. 600 കോടിയിലേറെ ആഗോള ബോക്സ് ഓഫീസിൽ നിന്ന് കളക്ട് ചെയ്ത 'ജയിലറി'ന്റെ രണ്ടാം ഭാഗത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് രജനികാന്ത് ആരാധകർ.
രജനികാന്തിനൊപ്പം മോഹൻലാൽ, വിദ്യാ ബാലൻ, ശിവ രാജ്കുമാർ, മിഥുൻ ചക്രവർത്തി, എസ്.ജെ. സൂര്യ, സുരാജ് വെഞ്ഞാറമൂട്, രമ്യ കൃഷ്ണൻ, യോഗി ബാബു, ജതിൻ ശർമ, ജാക്കി ഷ്റോഫ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അതിഥി വേഷത്തിൽ വിജയ് സേതുപതിയും ചിത്രത്തിലുണ്ടാകും. ഇവർക്ക് പുറമേ ചില സർപ്രൈസ് ക്യാമിയോകളും ചിത്രത്തിലുണ്ടെന്നാണ് സൂചന.
നേരത്തെ പുറത്തുവിട്ട സിനിമയുടെ പ്രൊമോ വീഡിയോയിൽ നിറഞ്ഞ് നിന്നത് മലയാളി താരങ്ങളാണ്. സുരാജിന് പുറമേ സുനിൽ സുഖദ, ഹക്കിം ഷാ, കോട്ടയം നസീർ, സുജിത് ശങ്കർ എന്നീ മലയാളി താരങ്ങളും ചിത്രത്തിലുണ്ട്.
അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം: വിജയ് കാർത്തിക് കണ്ണൻ, എഡിറ്റിങ്: ആർ. നിർമൽ, ആർട്ട്: കിരൺ, ആക്ഷൻ: ചേതൻ ഡിസൂസ.