MOVIES

തിയേറ്റർ ഇളക്കി മറിക്കാൻ മുത്തുവേൽ പാണ്ഡ്യൻ വീണ്ടുമെത്തുന്നു; ജയിലർ 2 റിലീസ് ഡേറ്റ് പുറത്ത്

ചിത്രം എന്ന് തിയേറ്ററിൽ എത്തുമെന്ന ആരാധകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് പുതിയ അപ്ഡേറ്റ്

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: തെന്നിന്ത്യൻ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രജനികാന്ത്-നെൽസൺ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ജയിലർ 2. കാത്തിരിപ്പിന് വിരാമമിട്ട് ചിത്രത്തിന്റെ പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രം എന്ന് തിയേറ്ററിൽ എത്തുമെന്ന ആരാധകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ്. സിനിമ ഒക്ടോബർ 15ന് ആ​ഗോള റിലീസായി എത്തുമെന്നാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തുവിടുന്നത്. സൺ പിക്ച്ചേർസ് അവരുടെ ഔദ്യോ​ഗിക സോഷ്യൽ ഹാൻഡിലുകളിലൂടെയാണ് വിവരം പുറത്തുവിട്ടത്.

ആദ്യ ഭാഗത്തിന്റെ വമ്പൻ വിജയത്തിന് ശേഷം മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായി രജനികാന്ത് വീണ്ടുമെത്തുമ്പോൾ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്നത്. രജനിക്കൊപ്പം ജയിലർ 2 ൽ ഇന്ത്യൻ സിനിമയിലെ വമ്പൻ താരങ്ങൾ ഒന്നിക്കുന്നുവെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ബോളിവുഡ് സൂപ്പര്‍ താരം ഹൃത്വിക് റോഷനും ജയിലര്‍ 2വിലുണ്ടാകും എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. മലയാളത്തിന്റെ പ്രിയ നടൻ സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ രജനികാന്തിനൊപ്പം നിര്‍ണായക വേഷത്തില്‍ ഉണ്ട്. പാലക്കാട് അട്ടപ്പാടിയിലും കോഴിക്കോടും സിനിമ ചിത്രീകരിച്ചിട്ടുണ്ട്.

നെൽസൺ ഒരുക്കിയ ബ്ലോക് ബസ്റ്റർ ചിത്രം ജയിലറിന്റെ രണ്ടാം ഭാ​ഗമാണ് ജയിലർ 2. മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രജനികാന്ത് അവതരിപ്പിക്കുന്നത്. 2023ൽ ആയിരുന്നു ജയിലർ റിലീസ് ചെയ്‍തത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 600 കോടിയിലേറെ നേടിയ ചിത്രം വിജയിച്ചത് മുതല്‍ ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയതാണ് രണ്ടാം ഭാഗത്തിനായി.

അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്‍റെയും സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ആദ്യ ഭാഗം പോലെതന്നെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരിക്കും രണ്ടാം ഭാഗവും. ജയിലര്‍ 2വിന്റെ ഒടിടി റൈറ്റ്‍സ് വിറ്റുപോയെന്നുള്ള റിപ്പോര്‍ട്ടുണ്ട്. ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്. റിലീസിനു മുന്നേ ഏകദേശം 160 കോടിക്കാണ് ആമസോണ്‍ പ്രൈം വീഡിയോ ജയിലര്‍ 2വിന്റെ ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്. തമിഴകത്തെ ഏറ്റവും ഉയര്‍ന്ന തുകയുടെ ഒടിടി ഡീലാണ് ഇത്.

SCROLL FOR NEXT