രജനികാന്ത്, ഇളയരാജ Source : X
MOVIES

അന്ന് അരക്കുപ്പി ബിയര്‍ കുടിച്ച് ഇളയരാജ നടത്തിയ ആട്ടം വെളുപ്പിന് മൂന്ന് മണിവരെ നീണ്ടു: രജനീകാന്ത്

1980ല്‍ മഹേന്ദ്ര സംവിധാനം ചെയ്ത ജോണി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഇളയരാജക്കൊപ്പം ബിയര്‍ കുടിച്ച കഥയാണ് തമാശരൂപേണ രജനീകാന്ത് പങ്കുവെച്ചത്.

Author : ന്യൂസ് ഡെസ്ക്

പ്രശസ്ത സംഗീത സംവിധായകന്‍ ഇളയരാജ സിനിമയില്‍ 50 വര്‍ഷം പിന്നിട്ടതിന്റെ ആഘോഷ പരിപാടികള്‍ കഴിഞ്ഞ ദിവസം ചെന്നൈയില്‍ വെച്ച് നടന്നിരുന്നു. തമിഴ്‌നാട് സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ വെച്ച് രജനീകാന്ത് ഇളയരാജയെ കുറിച്ച് പറഞ്ഞ വാക്കുകളാണിപ്പോള്‍ സമൂഹ മാധ്യമത്തില്‍ ചര്‍ച്ച. 1980ല്‍ മഹേന്ദ്ര സംവിധാനം ചെയ്ത ജോണി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഇളയരാജക്കൊപ്പം ബിയര്‍ കുടിച്ച കഥയാണ് തമാശരൂപേണ രജനീകാന്ത് പങ്കുവച്ചത്.

"സിനിമയുടെ ഷൂട്ടിങ്ങിനിടെ ഒരു ദിവസം ഞാനും മഹേന്ദ്രനും മദ്യപിച്ചു കൊണ്ടിരിക്കെ ഇളയരാജ മുറിയിലേക്ക് കയറിവന്നു. അന്ന് അരക്കുപ്പി ബിയര്‍ കുടിച്ചിട്ട് ഇളയരാജ നടത്തിയ ആട്ടം വെളുപ്പിന് മൂന്ന് മണി വരെ നീണ്ടു. അത് മാത്രമല്ല, അതിന് ശേഷം സിനിമയിലെ ഗോസിപ്പുകളെക്കുറിച്ച് പറയാന്‍ ഇളയരാജ ആവശ്യപ്പെട്ടു. പ്രത്യേകിച്ചും നായികമാരെക്കുറിച്ചുള്ള കഥകള്‍. വളരെ റൊമാന്റിക് ആണ് ഇളയരാജ, അങ്ങനെയാണ് ഈ പാട്ടൊക്കെ ഉണ്ടാക്കിയത്. ഇനിയും ഒരുപാട് കഥകളുണ്ട്. അത് ഞാന്‍ വേറെ ഒരു അവസരത്തില്‍ പറയാം," എന്നാണ് രജനീകാന്ത് പറഞ്ഞത്.

ഇളയരാജയാണ് മദ്യപിച്ച കഥ ആദ്യം പറഞ്ഞു തുടങ്ങിയത്. എന്നാല്‍ കഥ പൂര്‍ത്തിയാക്കുന്നതിന് മുന്നെ തന്നെ രജനീകാന്ത് കഥയുടെ ബാക്കി പറയുകയായിരുന്നു. "ദേ നോക്കണേ സമയവും സന്ദര്‍ഭവും ഒത്തു വരുമ്പോള്‍ ഇങ്ങേര്‍ ഇല്ലാത്ത കാര്യങ്ങള്‍ ചുമ്മാ അടിച്ചു വിടും", എന്ന് രജിനികാന്ത് കഥ പറഞ്ഞ ശേഷം ഇളയരാജ പറയുകയും ചെയ്തു. രജനീകാന്തിന്റെ ഭാര്യയായ ലത, നടന്മാരായ സത്യരാജ്, നാസര്‍ എന്നിവരെല്ലാം തന്നെ ചടങ്ങില്‍ ഉണ്ടായിരുന്നു.

SCROLL FOR NEXT