കൂലി സിനിമ പോസ്റ്റർ Source; X
MOVIES

"കൂലി 'എ' സര്‍ട്ടിഫിക്കറ്റ് അര്‍ഹിക്കുന്നില്ല"; തമിഴ് സിനിമാ സമൂഹം പ്രതികരിക്കണമെന്ന് നിര്‍മാതാവ് എല്‍റെഡ് കുമാര്‍

ലോകേഷ് കനകരാജിന് 'എ' സര്‍ട്ടിഫിക്കറ്റ് ലഭിച്ച ആദ്യ ചിത്രമാണിത്.

Author : ന്യൂസ് ഡെസ്ക്

രജനികാന്ത് - ലോകേഷ് കനകരാജ് ചിത്രം കൂലി ഓഗസ്റ്റ് 14നാണ് തിയേറ്ററിലെത്തിയത്. ചിത്രം നിലവില്‍ 300 കോടി ആഗോള ബോക്‌സ് ഓഫീസില്‍ നേടി കഴിഞ്ഞു. ചിത്രത്തിലെ വയലന്‍സ് കാരണം 'എ' സര്‍ട്ടിഫിക്കറ്റാണ് കൂലിക്ക് സെന്‍സര്‍ ബോര്‍ഡ് നല്‍കിയത്. ഇപ്പോഴിതാ അതിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് നിര്‍മാതാവ് എല്‍റെഡ് കുമാര്‍.

ചിത്രം കാണുകയും അതിനെ പ്രശംസിക്കുകയും ചെയ്ത എല്‍റെഡ് കുമാര്‍, എ സര്‍ട്ടിഫിക്കറ്റ് ചിത്രം അര്‍ഹിക്കുന്നില്ലെന്ന് പറയുകയായിരുന്നു. "ലോകേഷിന്റെ അതിശയകരമായ ചിത്രം ഞാന്‍ കണ്ടു. രജനി സര്‍ എന്ന അത്ഭുതപ്പെടുത്തി. സൂപ്പര്‍സ്റ്റാര്‍ എപ്പോഴും സൂപ്പര്‍സ്റ്റാര്‍ തന്നെയാണ്. അനിരുദ്ധ് ചിത്രത്തെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തി. ഇവിടെ കൂടുതല്‍ വയലന്‍സുള്ള മറ്റ് ഭാഷാ സിനിമകള്‍ക്ക് യു/എ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നു. എന്നിട്ടും കൂലിക്ക് ലഭിച്ചത് എ സര്‍ട്ടിഫിക്കറ്റാണ്. അത് ഈ സിനിമ അര്‍ഹിക്കുന്നില്ല. ഇതിന് പിന്നില്‍ അവ്യക്തമായ എന്തോ ഒന്ന് ഉണ്ട്. തമിഴ് സിനിമാ ലോകം മുന്നോട്ട് വരണം", എന്നാണ് അദ്ദേഹം എക്‌സില്‍ കുറിച്ചത്. വെട്രിമാരന്റെ വിടുതലൈ പാര്‍ട്ട് 1 ആന്‍ഡ് 2ന്റെ നിര്‍മാതാവാണ് എല്‍റെഡ് കുമാര്‍.

അതേസമയം എ സര്‍ട്ടിഫിക്കറ്റ് എന്നാല്‍ ചിക്രം മുതിര്‍ന്ന (18+) പ്രേക്ഷകര്‍ക്ക് മാത്രമുള്ളതാണ് എന്നാണ് അര്‍ത്ഥമാക്കുന്നത്. കാരണം സിനിമയുടെ ഉള്ളടക്കത്തില്‍ അക്രമം, ലൈംഗിക ഉള്ളടക്കം തുടങ്ങിയവ ഉള്‍പ്പെട്ടേക്കാം. ലോകേഷ് കനകരാജിന് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ആദ്യ ചിത്രമാണിത്. അദ്ദേഹത്തിന്റെ മുന്‍ ചിത്രങ്ങളായ വിക്രം, ലിയോ എന്നിവയ്ക്ക് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്.

ലോകേഷ് സംവിധാനം ചെയ്ത കൂലി കലാനിധി മാരന്റെ സണ്‍ പിക്‌ചേഴ്‌സാണ് നിര്‍മിച്ചത്. രജനീകാന്തിന് പുറമെ നാഗാര്‍ജുന, ഉപേന്ദ്ര, സൗബിന്‍ ഷാഹിര്‍, സത്യരാജ്, ശ്രുതി ഹാസന്‍, ആമിര്‍ ഖാന്‍ എന്നിവരും പ്രധാന റോളുകള്‍ ചെയ്തു.

SCROLL FOR NEXT