MOVIES

Vettaiyan | വേട്ടയ്യന്‍ 'വേട്ട' തുടങ്ങിയോ ? രജനികാന്ത് ചിത്രത്തിന്‍റെ ആദ്യ പ്രതികരണങ്ങള്‍

ജയിലറിന്‍റെ വിജയത്തിന് പിന്നാലെ എത്തുന്ന സിനിമയെന്ന നിലയിലും വലിയ ഹൈപ്പാണ് ആദ്യം മുതല്‍ വേട്ടയ്യന് ലഭിച്ചിരുന്നത്

Author : ന്യൂസ് ഡെസ്ക്



ദക്ഷിണേന്ത്യന്‍ സിനിമ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന രജനികാന്ത് ചിത്രം വേട്ടയ്യന്‍ തിയേറ്ററുകളിലെത്തി. തമിഴ്നാട്ടിലും കേരളത്തിലുമടക്കമുള്ള സ്ക്രീനുകളില്‍ വലിയ ആഘോഷത്തോടെയാണ് സിനിമയുടെ ആദ്യ ഷോ നടന്നത്. ജയിലറിന്‍റെ വിജയത്തിന് പിന്നാലെ എത്തുന്ന സിനിമയെന്ന നിലയിലും വലിയ ഹൈപ്പാണ് ആദ്യം മുതല്‍ വേട്ടയ്യന് ലഭിച്ചിരുന്നത്. പതിവ് രജനികാന്ത് മാസ് ആക്ഷന്‍ സിനിമ എന്നതിലപ്പുറം സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയം കൈകാര്യം ചെയ്യുന്ന ഉള്ളടക്കത്തിന് പ്രാധാന്യമുള്ള സിനിമയാണ് ടി.ജെ ജ്ഞാനവേല്‍ ഒരുക്കിയിരിക്കുന്നതെന്നാണ് ആദ്യ പ്രതികരണം. മുഴുനീള ആക്ഷന്‍ മാസ് പടം പ്രതീക്ഷിച്ച് പോയ രജനി ആരാധകരെ പൂര്‍ണമായും ചിത്രം തൃപ്തിപ്പെടുത്തിയില്ല എന്നും സമൂഹമാധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

കൃത്യമായ രാഷ്ട്രീയം പറയുന്നതിനൊപ്പം രജനികാന്തിനെ പോലെ ഒരു താരത്തെ ഉപയോഗപ്പെടുത്താനും സംവിധായകന്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും അഭിപ്രായമുണ്ട്. കഥ സ്ലോ പേസ് ആണെങ്കിലും അനിരുദ്ധിന്‍റെ ബിജിഎം സീനുകളെ വേണ്ടവിധത്തില്‍ ലിഫ്റ്റ് ചെയ്യുന്നുണ്ടെന്നാണ് പ്രേക്ഷക പ്രതികരണം. എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ പൊലീസ് ഉദ്യോഗസ്ഥനായാണ് രജനികാന്ത് എത്തുന്നത്.

ഫഹദിന്‍റെ കഥാപാത്രത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അമിതാഭ് ബച്ചന്‍, മഞ്ജു വാര്യര്‍, റാണ ദഗുബാട്ടി, ദുഷാര വിജയന്‍, റിതിക സിങ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുഭാസ്‌കരന്‍ അല്ലിരാജ നിര്‍മിച്ച ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസാണ്.

SCROLL FOR NEXT