MOVIES

'സ്റ്റാര്‍ മാത്രമല്ല, മികച്ച നടന്‍മാര്‍ കൂടിയാണ്'; രണ്‍ബീര്‍-രണ്‍വീറിനെ കുറിച്ച് രാജ്കുമാര്‍ റാവു

ബോളിവുഡില്‍ താരപരിവേഷം എന്നത് പ്രധാന ഘടകമാണ്

Author : ന്യൂസ് ഡെസ്ക്


തന്റെ സമകാലികരായ രണ്‍ബീര്‍ കപൂറിന്റെയും രണ്‍വീര്‍ സിംഗിന്റെയും താരമൂല്യത്തെ കുറിച്ച് തുറന്ന് സംസാരിച്ച് ബോളിവുഡ് താരം രാജ്കുമാര്‍ റാവു. തന്റെ ബ്ലോക്ബസ്റ്റര്‍ ചിത്രമായ സ്ത്രീ 2ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് അണ്‍ഫില്‍റ്റേഡ് ബൈ സാംദഷ് എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് താരം താരപദവിയെ കുറിച്ചുള്ള തന്റെ കാഴ്ച്ചപാടിനെ കുറിച്ച് സംസാരിച്ചത്.

'അവര്‍ വലിയ താരങ്ങളാണ്. ഇപ്പോള്‍ അവര്‍ എവിടെയാണോ അവിടെ എത്താന്‍ അവര്‍ അര്‍ഹരാണ്. ഞാന്‍ താരപദവിയെ വിജയത്തിന്റ അളവ് കോലായി കാണുന്നില്ല. എങ്കിലും സിനിമ വ്യവസായത്തില്‍ അതിന്റെ പ്രാധാന്യം കാണാതിരിക്കാന്‍ ആവില്ല. രണ്‍ബീറും രണ്‍വീറും നല്ല നടന്‍മാരാണ്. അവരുടെ അഭിനയ മികവിനോട് എനിക്ക് ആരാധനയാണ്', എന്നാണ് രാജ് കുമാര്‍ റാവു പറഞ്ഞത്.

താരപദവിയെ കുറിച്ചും പ്രത്യേകിച്ച് കുടുംബത്തിന്റെ പേരില്‍ മാധ്യമശ്രദ്ധ ലഭിക്കുന്ന അഭിനേതാക്കളെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു രാജ് കുമാര്‍ റാവുവിന്റെ പ്രതികരണം. രണ്‍ബീര്‍ കപൂര്‍ എന്ന നടന്റെ അനിമല്‍ എന്ന സിനിമയുടെ ബോക്‌സ് ഓഫീസ് വിജയവും വരാനിരിക്കുന്ന നിധീഷ് തിവാരിയുടെ രാമായണവും എല്ലാം തന്നെ അദ്ദേഹത്തിന്റെ താരമൂല്യം കൂട്ടുന്നതാണെന്നും രാജ്കുമാര്‍ റാവു വ്യക്തമാക്കി.

റോക്കി ഓര്‍ റാണി ക്കി പ്രേം കഹാനി എന്ന ചിത്രത്തിലെ രണ്‍വീര്‍ സിംഗിന്റെ പ്രകടനത്തെയും രാജ്കുമാര്‍ റാവു പ്രശംസിച്ചു. സിനിമ വ്യവസായത്തില്‍ ഇരുവരും നേടിയ പദവിയോട് തനിക്ക് ആദരവുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവരുടെ താരമൂല്യത്തെ അംഗീകരിക്കുന്നുണ്ടെങ്കിലും തന്റെ അഭിനയ ജീവിതത്തിന്റെ ഈ ഘട്ടത്തില്‍ അത്ര പ്രശസ്തി നേടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും റാവു അഭിപ്രായപ്പെട്ടു.


'എന്റെ കാഴ്ച്ചപാടില്‍ താരപദവിയെ പലപ്പോഴും നിര്‍വചിക്കുന്നത് ഒരു സിനിമയുടെ വലിപ്പവും 200 കോടി രൂപവരുന്ന സിനിമയെ കൊണ്ടുപോകാനുള്ള താരത്തിന്റെ മേലുള്ള സമ്മര്‍ദ്ദവും ആണ്. ബോളിവുഡില്‍ താരപരിവേഷം എന്നത് പ്രധാന ഘടകമാണ്. എന്നാല്‍ ഞാന്‍ ഇപ്പോള്‍ അതിലേക്കല്ല മറിച്ച് എന്നെ തന്നെ വെല്ലുവിളിക്കും തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്', എന്നും രാജ്കുമാര്‍ റാവു കൂട്ടിച്ചേര്‍ത്തു.

SCROLL FOR NEXT