ഹൈദരാബാദ്: തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിച്ച പാൻ ഇന്ത്യൻ ചിത്രമായ 'പെദ്ധി'ക്ക് മെഗാ ബ്ലോക്ക്ബസ്റ്റർ ഓപ്പണിങ്. ജൂൺ നാലിന് ആഗോള റിലീസായി എത്തിയ ചിത്രം ആദ്യ ദിനം നേടിയ ആഗോള ഗ്രോസ് 135 കോടി 36 ലക്ഷം രൂപയാണ്. നിർമാതാക്കൾ ഔദ്യോഗികമായി പുറത്തുവിട്ട കണക്കാണിത്. രാം ചരണിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ആഗോള ഓപ്പണിങ്ങുകളിൽ ഒന്നാണ് ചിത്രം സ്വന്തമാക്കിയത്. നടൻ സോളോ ഹീറോ ആയെത്തിയ ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ ആദ്യ ദിന ആഗോള കളക്ഷൻ കൂടിയാണിത് എന്നാണ് റിപ്പോർട്ട്.
ചിത്രത്തിന്റെ മലയാളം, തമിഴ് പതിപ്പുകൾ കേരളത്തിലും തമിഴ്‌നാട്ടിലും പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത് തിങ്ക് സ്റ്റുഡിയോസ് ആണ്. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്ത ചിത്രം വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമിച്ചത്. മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ 'പെദ്ധി' ആയാണ് രാം ചരൺ വേഷമിട്ടിരിക്കുന്നത്. ക്രിക്കറ്റ്, ഗുസ്തി, ഓട്ടം എന്നിവയിൽ അഗ്രഗണ്യനായ ഒരു യുവാവായാണ് രാം ചരൺ ചിത്രത്തിലെത്തുന്നത്. മെഗാ കാൻവാസിൽ ആണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് വ്യക്തമാക്കുന്ന തരത്തിലാണ് ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്. ആക്ഷൻ, ഡ്രാമ, റൊമാൻസ്, ത്രിൽ എന്നിവയെല്ലാം കൃത്യമായി കോർത്തിണക്കിയാണ് ചിത്രം കഥ പറയുന്നതെന്നും ട്രെയ്‌ലർ കാണിച്ചു തരുന്നു. ക്രിക്കറ്റ്, ഗുസ്തി, ഓട്ടം എന്നിവയ്ക്കും ചിത്രത്തിന്റെ കഥാഗതിയിൽ നിർണായകമായ സ്ഥാനം ഉണ്ടെന്നും ട്രെയ്‌ലർ വ്യക്തമാക്കുന്നുണ്ട്. രാം ചരൺ എന്ന താരത്തിനൊപ്പം അദ്ദേഹത്തിലെ നടനെയും മികച്ച രീതിയിൽ ഉപയോഗിക്കുന്ന വൈകാരികമായ കഥാസന്ദർഭങ്ങൾ ചിത്രത്തിലുണ്ടെന്നും ട്രെയ്‌ലറിൽ നിന്ന് മനസിലാക്കാൻ സാധിക്കും.
ആരാധകരെ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ്. ചിത്രത്തിനായി രാം ചരൺ നടത്തിയ വമ്പൻ ശാരീരിക പരിവർത്തനം അവതരിപ്പിക്കുന്ന ഗ്ലിംപ്സ് വീഡിയോ അടുത്തിടെ പുറത്തു വരികയും മികച്ച ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ബോളിവുഡ് താരം ജാൻവി കപൂർ ആണ് ചിത്രത്തിലെ നായിക. കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ഈ ചിത്രത്തിൽ ഒരു നിർണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാം ചരൺ- ശിവരാജ് കുമാർ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ബോളിവുഡ് താരം ദിവ്യേന്ദു ശർമ, ജഗപതി ബാബു, ബോമൻ ഇറാനി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എ.ആർ. റഹ്മാൻ ഈണം നൽകി പുറത്തുവന്ന, ചിത്രത്തിലെ 'ചികിരി ചികിരി' എന്ന ഗാനവും 'റായ് റായ് രാ രാ' എന്ന ഗാനവും ഇതിനോടകം ആഗോള തലത്തിൽ സൂപ്പർ ഹിറ്റുകളായി ട്രെൻഡ് സെറ്ററുകളായി മാറിയിട്ടുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, ടൈറ്റിൽ ഗ്ലിംപ്സ് എന്നിവയും സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്താനൊരുങ്ങുന്നത്.
രചന, സംവിധാനം - ബുചി ബാബു സന, അവതരണം - മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാർ റൈറ്റിംഗ്സ്, നിർമാണം - വെങ്കട സതീഷ് കിലാരു, ബാനർ - വൃദ്ധി സിനിമാസ്, കോ പ്രൊഡ്യൂസർ - ഇഷാൻ സക്സേന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വി. വൈ. പ്രവീൺ കുമാർ, ഛായാഗ്രഹണം - രത്നവേലു, സംഗീതം - എ ആർ റഹ്മാൻ, എഡിറ്റർ- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ - അവിനാഷ് കൊല്ല, മാർക്കറ്റിങ്- ഫസ്റ്റ് ഷോ, പിആർഒ - ശബരി.