രാം ഗോപാല്‍ വർമ്മ, വിഷ്ണു മഞ്ചു  Source : X
MOVIES

"നിരീശ്വരവാദിയായ എനിക്ക് പോലും ഇഷ്ടപ്പെട്ടു"; കണ്ണപ്പയെ പ്രശംസിച്ച് രാം ഗോപാല്‍ വര്‍മ്മ

കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം 1976 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് നിര്‍മിച്ചിരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

തെലുങ്ക് താരം വിഷ്ണു മഞ്ചു നായകനായി എത്തിയ 'കണ്ണപ്പ'യെ പ്രശംസിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. സിനിമ കണ്ടതിന് ശേഷം വിഷ്ണു മഞ്ചുവിന് രാം ഗോപാല്‍ വര്‍മ്മ അയച്ച മെസേജിലൂടെയാണ് അദ്ദേഹം ചിത്രത്തെ പ്രശംസിച്ചത്. വിഷ്ണു മഞ്ചു സമൂഹമാധ്യമത്തിലൂടെ ഇത് പങ്കുവെച്ചിട്ടുണ്ട്.

"ആദ്യം തന്നെ എനിക്ക് ദൈവങ്ങളെയും ഭക്തരെയും ഇഷ്ടമല്ല എന്ന് പറയട്ടെ. അതുകൊണ്ട് തന്നെ അത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു സിനിമകള്‍ ഞാന്‍ ഒരിക്കലും കാണാറില്ല. കോളേജ് കാലഘട്ടത്തില്‍ ഞാന്‍ യഥാര്‍ത്ഥ കണ്ണപ്പ നാല് തവണ കണ്ടിട്ടുണ്ട്. പക്ഷേ ഞാന്‍ അത് കണ്ടത് നായകനും നായികയും പാട്ടുകളും കാണുന്നതിനു വേണ്ടിയാണ്. വിഷയത്തിനു വേണ്ടിയല്ല. തിന്നഡു എന്ന കഥാപാത്രമായി നിങ്ങള്‍ അഭിനയിക്കുക മാത്രമല്ല, ഒരു മഹാപുരോഹിതനെപ്പോലെ ഒരു വിശ്വാസത്തിന്റെ ഒരു ലോകം രൂപപ്പെടുത്തി എന്നെ സ്തബ്ധനാക്കി", രാം ഗോപാല്‍ വര്‍മ്മ കുറിച്ചു.

"ക്ലൈമാക്‌സില്‍, ശിവലിംഗത്തില്‍ നിന്ന് ചോരയൊലിക്കുന്നത് തടയാന്‍ തിന്നഡു തന്റെ കണ്ണുകള്‍ നല്‍കുന്നിടത്ത്, നിങ്ങള്‍ ഹൃദയഭേദകമായ അഭിനയത്തിന്റെ ഉയരങ്ങളിലേക്ക് ഉയരുകയായിരുന്നു. സാധാരണയായി ഒരു നിരീശ്വരവാദി എന്ന നിലയില്‍ എനിക്ക് വെറുപ്പുള്ള ഒരു രംഗമാണിത്, പക്ഷേ നിങ്ങള്‍ എന്നെ അത് ഇഷ്ടപ്പെടാന്‍ പ്രേരിപ്പിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. ശിവന് കീഴടങ്ങുമ്പോള്‍ നിങ്ങള്‍ ആ കഥാപാത്രത്തിന്റെ പൂര്‍ണ്ണത നിലനിര്‍ത്തികൊണ്ട് തന്നെ അഭിനയിച്ചിട്ടുണ്ട്", എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം 1976 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് നിര്‍മിച്ചിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിംഗിന്റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. വിശ്വാസം, ഭക്തി, വിധി എന്നിവയുടെ ഒരു ഇതിഹാസ യാത്രയാണ് ഈ ചിത്രം.

മുകേഷ് കുമാര്‍ സിംഗ് സംവിധാനം ചെയ്ത ചിത്രം മോഹന്‍ ബാബുവിന്റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്ടറി, എ വി എ എന്റര്‍ടൈന്‍മെന്റ്‌സ് എന്നീ ബാനറുകളിലാണ് നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തില്‍ ശരത് കുമാര്‍, മോഹന്‍ ബാബു,കാജല്‍ അഗര്‍വാള്‍, പ്രീതി മുകുന്ദന്‍, അര്പിത് രംഗ, കൗശല്‍ മന്ദ ദേവരാജ്, ഐശ്വര്യ, മധുബാല എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.

ഹോളിവുഡ് ചായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ക്യാമറ ചലിപ്പിച്ച ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍ കെച്ചയാണ്. സംഗീതം- സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍- ആന്റണി ഗോണ്‍സാല്‍വസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ചിന്ന, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വിനയ് മഹേശ്വര്‍, ആര്‍ വിജയ് കുമാര്‍.

SCROLL FOR NEXT