MOVIES

'കേരള സ്റ്റോറി', 'കശ്മീർ ഫയൽസ്'... ഇപ്പോൾ 'രാമായണ'; ചിത്രം ബംഗാളിൽ നികുതിരഹിതമാക്കുമെന്ന് സുവേന്ദു അധികാരി

ഭാവിയിൽ കൂടുതൽ പുരാണ ചിത്രങ്ങൾ പ്രതീക്ഷിക്കാമെന്നും ബംഗാൾ മുഖ്യമന്ത്രി

Author : ന്യൂസ് ഡെസ്ക്

നിതേഷ് തിവാരി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം 'രാമായണ' സംസ്ഥാനത്ത് നികുതിരഹിതമാക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. കൊൽക്കത്തയിലെ സെൻട്രൽ പാർക്കിൽ നടന്ന ദസറ ആഘോഷത്തിനിടെയാണ് പ്രഖ്യാപനം. ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്ന രൺബീർ കപൂർ, യഷ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ആഷോഷങ്ങളിൽ പങ്കെടുത്തിരുന്നു.

"രാമായണ സിനിമ നികുതി രഹിതമാക്കിയിരിക്കുന്നു. 'ദ കേരള സ്റ്റോറി, 'ദ കശ്മീർ ഫയൽസ്', 'ദ ബംഗാൾ ഫയൽസ്' എന്നീ സിനിമകൾ നികുതിരഹിതമാക്കിയിരുന്നു. അത് 'രാമായണ'യ്ക്കും ബാധകമാകും," സുവേന്ദു അധികാരി എഎൻഐയോട് പറഞ്ഞു. ശ്രീകൃഷ്ണൻ, അർജുനൻ, മഹാഭാരതം എന്നിവയെ അടിസ്ഥാനമാക്കിയുള്ള കൂടുതൽ പുരാണ ചിത്രങ്ങൾ ഭാവിയിൽ പ്രതീക്ഷിക്കാമെന്നും ബംഗാൾ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

രണ്ട് ഭാഗങ്ങളായി എത്തുന്ന 'രാമായണ'യുടെ ഒന്നാം ഭാഗം 2026 നവംബർ അഞ്ചിന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. 2027 ദീപാവലി റിലീസായാണ് രണ്ടാം ഭാഗം എത്തുന്നത്. രൺബീർ കപൂർ (ശ്രീരാമൻ), സായ് പല്ലവി (സീത), യാഷ് (രവണൻ), സണ്ണി ഡിയോൾ (ഹനുമാൻ) എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സിനിമയുടെ അഡ്വാൻസ് ബുക്കിംഗിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യദിന ടിക്കറ്റുകളുടെ അഡ്വാൻസ് ബുക്കിങ്ങിലൂടെ മാത്രം 1.5 കോടി രൂപയിലധികം ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. ഏകദേശം 4000 കോടി രൂപ ബജറ്റിലാണ് 'രാമായണ' ഒരുങ്ങുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.

നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും ഡിഎൻഇജിയും യഷിന്‍റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും സംയുക്തമായി നിർമ്മിക്കുന്നതാണ് ചിത്രം. സോണി പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ അന്താരാഷ്ട്ര വിതരണം ഏറ്റെടുത്തിരിക്കുന്നത്. വടക്കേ ഇന്ത്യയിൽ ധർമ്മ പ്രൊഡക്ഷൻസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ താരനിരയാണ് ഈ ഇതിഹാസ സിനിമയ്ക്കായി അണിനിരക്കുന്നത്.

എട്ട് തവണ അക്കാദമി അവാർഡ് നേടിയ ഡിഎൻഇജി ആണ് ചിത്രത്തിന്റെ വിഎഫ്എക്സിന് പിന്നിൽ. ഓസ്കാർ ജേതാക്കളായ സംഗീത ഇതിഹാസങ്ങൾ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ആദ്യമായി ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ശ്രീധർ രാഘവനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

SCROLL FOR NEXT