രൺബീർ കപൂർ കേന്ദ്രകഥാപാത്രമായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം 'രാമായണ' നവംബർ ആറിന് ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. നടന് ഇതൊരു വിശേഷ ദിനമാണ്. കരിയറിലെ ഏറ്റവും വലിയ ചിത്രം റിലീസ് ചെയ്യുന്നു എന്നത് മാത്രമല്ല രൺബീറിന് ഈ തീയതി വിശേഷപ്പെട്ടതാകാൻ കാരണം. അന്നാണ്, രൺബീർ-ആലിയ ഭട്ട് ദമ്പതികളുടെ മകൾ റാഹയുടെ ജന്മദിനം. 2022 നവംബർ ആറിന് ജനിച്ച റാഹയ്‌ക്ക് അന്നേ ദിവസം നാല് വയസ് തികയും.
“എന്റെ ജീവിതത്തിൽ അത് വളരെ മനോഹരമായ ഒരു യാദൃശ്ചികതയായിരുന്നു. റാഹ എന്നെ കൂടുതൽ നല്ലൊരു മനുഷ്യനാക്കി. അതേസമയം റാഹയ്ക്ക് വേണ്ടി കൂടുതൽ മികച്ചൊരു വ്യക്തിയാകാൻ 'രാമായണ' എന്നെ പ്രേരിപ്പിച്ചു. അങ്ങനെ എല്ലാം പരസ്പരം ബന്ധപ്പെട്ടിരുന്നു," എന്നാണ് രൺബീർ ഇതിനെപ്പറ്റി പറഞ്ഞത്.
ശ്രീരാമനായിട്ടാണ് ചിത്രത്തിൽ രൺബീർ കപൂർ എത്തുന്നത്. രാമന്റെ കഥാപാത്രത്തോട് തനിക്ക് പൂർണമായി നീതി പുലർത്താൻ സാധിക്കുമോ എന്ന് തുടക്കത്തിൽ സംശയിച്ചിരുന്നതായി രൺബീർ തുറന്നുപറഞ്ഞിരുന്നു. ഈ വേഷത്തിന് താൻ യോഗ്യനാണോ എന്ന് പോലും സ്വയം ചോദിച്ചിരുന്നതായിട്ടാണ് താരം വെളിപ്പെടുത്തിയത്.
“ഈ കഥാപാത്രം എന്റെ കരിയറിനെ നിർവചിക്കുന്ന ഒന്നാകും എന്നതിനേക്കാൾ ഉപരി, എന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ച ഒന്നാണെന്ന് ഞാൻ മനസിലാക്കി. ഇത് രാമായണത്തെക്കുറിച്ചും ശ്രീരാമന്റെ ജീവിതയാത്രയെക്കുറിച്ചും കൂടുതൽ ആഴത്തിൽ മനസിലാക്കാൻ എന്നെ സഹായിച്ചു. എന്റെ ജീവിതത്തിൽ ഒട്ടേറെ നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ ഇതിനായി എന്ന് ഞാൻ കരുതുന്നു. എന്റെ മോശം ശീലങ്ങൾ മാറി, എന്റെ മൂല്യബോധം, ജീവിതത്തെയും നഷ്ടങ്ങളെയും ത്യാഗങ്ങളെയും ധർമത്തെയും ഞാൻ നോക്കിക്കാണുന്ന രീതി എന്നിവയെല്ലാം മാറി. എന്റെ ജീവിതത്തിൽ അത് ഏറെ ആവശ്യമായിരുന്നു,” ടോപ്പ് മാഗസിന് നൽകിയ അഭിമുഖത്തിൽ രൺബീർ പറഞ്ഞു.
ജൂലൈ 30നാണ് 'രാമായണ' ട്രെയ്‌ലർ ആഗോളതലത്തിൽ റിലീസ് ചെയ്തത്. സമ്മിശ്ര പ്രതികരണമാണ് ട്രെയ്‌ലറിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ഏകദേശം 4,000 കോടി രൂപയുടെ ബ്രഹ്മാണ്ഡ ബജറ്റിലാണ് 'രാമായണ' ഒരുങ്ങുന്നത്. നിതീഷ് തിവാരി ആണ് ചിത്രത്തിന്റെ സംവിധാനം. നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും എട്ട് തവണ ഓസ്കാർ പുരസ്കാരം നേടിയ പ്രമുഖ വിഷ്വൽ ഇഫക്റ്റ്സ് സ്റ്റുഡിയോയായ ഡിഎൻഇജിയും യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും സംയുക്തമായാണ് 'രാമായണ' നിർമിക്കുന്നത്. സോണി പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ അന്താരാഷ്ട്ര വിതരണം ഏറ്റെടുത്തിരിക്കുന്നത്. വടക്കേ ഇന്ത്യയിൽ ധർമ പ്രൊഡക്ഷൻസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.
ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ താരനിരയാണ് ഈ ഇതിഹാസ സിനിമയ്ക്കായി അണിനിരക്കുന്നത്. രൺബീർ കപൂർ (രാമൻ), സായ് പല്ലവി (സീത), യഷ് (രാവണൻ), ശോഭന (കൈകസി), അരുൺ ഗോവിൽ (ദശരഥൻ), രവി ദുബെ (ലക്ഷ്മണൻ), അജിങ്ക്യ ദേവ് (വിശ്വാമിത്ര മഹർഷി), കുനാൽ കപൂർ (ഇന്ദ്രദേവൻ), രാകുൽ പ്രീത് സിംഗ് (ശൂർപ്പണഖ) എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നത്.