MOVIES

'മോദി ഷാരൂഖ് ഖാനെ പോലെ '; പ്രധാനമന്ത്രിയുടെ ആരാധകനെന്ന് രണ്‍ബീര്‍ കപൂര്‍

രാഷ്ട്രീയത്തിലേക്ക് വരാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നും എപ്പോഴും ഒരു കലാകാരനായി ഇരിക്കുന്നാണ് ഇഷ്ടമെന്നും രണ്‍ബീര്‍ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂര്‍. മോദിയുടെ പ്രസംഗ ശൈലിയെ പ്രശംസിച്ച നടന്‍ പ്രധാനമന്ത്രിയെ ആരാധിക്കുന്നുവെന്ന് പറഞ്ഞു. രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് കാര്യമായി ചിന്തിക്കാറില്ലെന്നും പെരുമാറ്റത്തില്‍ ഷാരൂഖ് ഖാനെ പോലെയാണ് മോദിയെന്നും രണ്‍ബീര്‍ പറഞ്ഞു. സെറോദ സഹസ്ഥാപകൻ നിഖിൽ കാമത്തുമായി നടത്തിയ പോഡ്‌കാസ്റ്റ് ഷോയിലായിരുന്നു താരത്തിന്‍റെ പരാമര്‍ശം.

ബോളിവുഡിലെ അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയെ അനുസ്മരിച്ച താരം മോദിയുമായി നടത്തിയ സംഭാഷണത്തെക്കുറിച്ചും വാചാലനായി.

"നാല്, അഞ്ച് വർഷങ്ങള്‍ക്ക് മുൻപ് ഞങ്ങളെല്ലാവരും ചേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചിരുന്നു. നിങ്ങള്‍ അദ്ദേഹത്തെ ടിവിയിൽ കണ്ടിട്ടുണ്ടാകും. സംസാരിക്കുന്നതും കേട്ടിട്ടുണ്ടാകും. അദ്ദേഹം ഞങ്ങൾ ഓരോരുത്തരുടെയും അടുത്തുവന്ന് പ്രത്യേകം സംസാരിച്ചു. വ്യക്തിപരമായ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. എന്റെ അച്ഛൻ ആ സമയത്ത് ചികിത്സയ്ക്കായി പോകുന്ന സമയമായിരുന്നു. അച്ഛന്റെ ആരോ​ഗ്യത്തേയും ചികിത്സയേയും കുറിച്ച് പ്രധാനമന്ത്രി എടുത്തു ചോദിച്ചു." രൺബീര്‍ പറഞ്ഞു.

ഓരോരുത്തരുടെയും അടുത്തുവന്ന് ഇതുപോലെ പെരുമാറിയ മോദിയുടെ സ്വഭാവ​ഗുണം മുന്‍പ് പലരിലും കാണാൻ കഴിഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രിക്ക് അങ്ങനെ ചെയ്യേണ്ട ആവശ്യമില്ലെങ്കിലും അദ്ദേഹമത് ചെയ്തു. ഷാരൂഖ് ഖാൻ ഇതുപോലെ ആണെന്നും രണ്‍ബീര്‍ കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയത്തിലേക്ക് വരാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നും എപ്പോഴും ഒരു കലാകാരനായി ഇരിക്കാനാണ് ഇഷ്ടമെന്നും രണ്‍ബീര്‍ പറഞ്ഞു. ഒരു രാഷ്ട്രീയക്കാനാകാനുള്ള കഴിവ് തനിക്ക് ഇല്ലെന്നും രണ്‍ബീര്‍ വ്യക്തമാക്കി.

SCROLL FOR NEXT