ബോളിവുഡ് താരം രൺബീർ കപൂറിന്റെ ജന്മദിനത്തോടനുബന്ധിച്ച്, ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന 'രാമായണ' എന്ന ചിത്രത്തിന്റെ പ്രത്യേക ബിഹൈൻഡ് ദ സീൻസ് വീഡിയോ പുറത്തുവിട്ടു. ശ്രീരാമന്റെ കഥാപാത്രത്തിനായുള്ള രൺബീറിന്റെ തയ്യാറെടുപ്പുകളും കഥാപാത്രത്തിലേക്കുള്ള മാറ്റവുമാണ് ഈ വീഡിയോയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചിരിക്കുന്നത്.
'രാമായണ' പോലുള്ള ഒരു ചിത്രത്തിൽ ശരിയായ നടനെ തിരഞ്ഞെടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംവിധായകൻ നിതീഷ് തിവാരി വീഡിയോയിൽ സംസാരിക്കുന്നുണ്ട്. ശ്രീരാമനായി വേഷമിടുന്ന രൺബീർ കപൂറും തന്റെ അനുഭവങ്ങൾ പങ്കുവച്ചു. ഇതൊരു സാധാരണ സിനിമയോ കഥാപാത്രമോ ആയിട്ടല്ല, മറിച്ച് ഈ കഥാപാത്രത്തോട് പൂർണമായും നീതി പുലർത്തേണ്ട വലിയൊരു ഉത്തരവാദിത്തമായാണ് താൻ കാണുന്നതെന്ന് രൺബീർ വ്യക്തമാക്കി. "ഈ കഥാപാത്രത്തിന് യോഗ്യനാവുകയല്ല, മറിച്ച് ആളുകൾ ഈ കഥയിൽ അർപ്പിക്കുന്ന വിശ്വാസത്തിന് യോഗ്യനാവുക എന്നതാണ് എന്റെ കടമ എന്ന് ഞാൻ ദിവസവും എന്നെത്തന്നെ ഓർമിപ്പിച്ചുകൊണ്ടിരിക്കുകയാണ്," രൺബീർ പറയുന്നു.
ദശരഥനായി എത്തുന്ന അരുൺ ഗോവിൽ, സീതയായി വേഷമിടുന്ന സായ് പല്ലവി, ലക്ഷ്മണനായി എത്തുന്ന രവി ദുബെ എന്നിവരും രൺബീറിലെ ശ്രീരാമന്റെ സവിശേഷതകളെക്കുറിച്ച് വീഡിയോയിൽ സംസാരിക്കുന്നുണ്ട്. കഥാപാത്രങ്ങളുടെ മേക്കോവർ, പ്രധാന രംഗങ്ങളുടെ ചിത്രീകരണം, അതിനായി നടത്തുന്ന കൃത്യമായ തയ്യാറെടുപ്പുകൾ എന്നിവയെല്ലാം ഈ അണിയറ ദൃശ്യങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഹോളിവുഡിലെയും ബോളിവുഡിലെയും മികച്ച സാങ്കേതിക വിദഗ്ധരെ ഒരുമിപ്പിച്ചാണ് നിർമാതാവ് നമിത് മൽഹോത്ര ഈ ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നത്. അന്താരാഷ്ട്ര ആക്ഷൻ ഡയറക്ടറായ ടെറി നോടറി ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്കായി രൺബീറിന് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. രാമായണത്തിന്റെ സാംസ്കാരിക മഹിമ നിലനിർത്തുന്നതിനോടൊപ്പം, ആഗോള നിലവാരത്തിലുള്ള വിഎഫ്എക്സും ആക്ഷൻ രംഗങ്ങളുമാണ് ചിത്രത്തിലുടനീളം ഒരുക്കിയിരിക്കുന്നത്.രൺബീർ കപൂറിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് അണിയറപ്രവർത്തകർ പുറത്തുവിട്ട വീഡിയോ ഇതിനകം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുകയാണ്.
അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇതൊടെ രണ്ട് ഭാഗങ്ങളിലായി എത്തുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകളും ഇരട്ടിച്ചിരിക്കുകയാണ്. രൺബീർ കപൂർ (ശ്രീരാമൻ), സായ് പല്ലവി (സീത), റോക്കിംഗ് സ്റ്റാർ യാഷ് (രാവണൻ), സണ്ണി ഡിയോൾ (ഹനുമാൻ), രവി ദുബെ (ലക്ഷ്മണൻ) എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രം നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, എട്ട് തവണ ഓസ്കർ പുരസ്കാരം നേടിയ ഡിഎൻഇജി, യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ധർമ്മ പ്രൊഡക്ഷൻസും സോണി പിക്ചേഴ്സും ചേർന്നാണ് വിതരണം നിർവഹിക്കുന്നത്. രണ്ട് ഭാഗങ്ങളിലായി നിർമിക്കുന്ന ചിത്രത്തിന്റെ ഒന്നാം ഭാഗം 2026 ദീപാവലിക്കും രണ്ടാം ഭാഗം 2027 ദീപാവലിക്കും ഐമാക്സ് ഫോർമാറ്റിൽ തിയേറ്ററുകളിലെത്താനായി ഒരുങ്ങുകയാണ്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യും. പി ആർ ഒ: ആതിര ദിൽജിത്ത്.