ഇന്ത്യയിലൊട്ടാകെ ഏറെ ആരാധകരുള്ള ബോളിവുഡ് താര ദമ്പതികളാണ് ആലിയ ഭട്ടും രൺബീർ കപൂറും. ഇവർ ചെയ്യുന്നതും പറയുന്നതുമായ പല കാര്യങ്ങളും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ രൺബീർ മകൾ റാഹയ്ക്ക് വേണ്ടി മലയാളം താരാട്ട് പാട്ട് പഠിച്ചിരിക്കുകയാണ് എന്നാണ് ആലിയ ഭട്ട് പറഞ്ഞിരിക്കുന്നത്. ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ എന്ന പരിപാടിയിൽ പങ്കെടുക്കവെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
'ഉണ്ണി വാവാ വോ' എന്ന താരാട്ട് പാട്ടാണ് രൺബീർ റഹയ്ക്ക് വേണ്ടി പഠിച്ചിരിക്കുന്നത്. റഹായുടെ ആയ പാടികൊടുക്കുന്ന താരാട്ടാണിതെന്നും ആലിയ പറഞ്ഞു. റഹയ്ക്ക് ഉറക്കം വരുവാണെങ്കിൽ "മമ്മ വാവോ, പപ്പ വാവോ" എന്നാണിപ്പോൾ പറയുന്നതെന്നും ആലിയ ഭട്ട് പറഞ്ഞു.
ആലിയ ഭട്ടിന്റെ പുതിയ ചിത്രം ജിഗ്രയുടെ പ്രൊമോഷൻ പരിപാടികൾക്കായാണ് ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ താരം എത്തിയത്. വസൻ ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വേദങ് റെയ്നയും ആലിയ ഭട്ടുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒക്ടോബർ 11ന് ചിത്രം തിയേറ്ററുകളിൽ എത്തും.