മുംബൈ: ബോളിവുഡിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളിൽ ഒന്നായ 'രംഗ് ദേ ബസന്തി' റിലീസ് ആയിട്ട് 20 വർഷം പിന്നിടുന്നു. 2006 ജനുവരി 26ന്, റിപ്പബ്ലിക് ദിനത്തിലാണ് രാകേഷ് ഓംപ്രകാശ് മെഹ്റ സംവിധാനം ചെയ്ത ചിത്രം പുറത്തിറങ്ങിയത്. 'രംഗ് ദേ ബസന്തി'യുടെ 20ാം വാർഷികം, സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളും അണിയറ പ്രവർത്തകരും ആഘോഷമാക്കി.
മുംബൈയിൽ നടന്ന സിനിമയുടെ സ്പെഷ്യൽ സ്ക്രീനിങ്ങിൽ സംവിധായകൻ രാകേഷ് ഓംപ്രകാശ് മെഹ്‌റയും അഭിനേതാക്കളായ ആമിർ ഖാൻ, സിദ്ധാർഥ്, സോഹ അലി ഖാൻ, കുനാൽ കപൂർ, ശർമൻ ജോഷി, അതുൽ കുൽക്കർണി എന്നിവർ പങ്കെടുത്തു. 'രംഗ് ദേ ബസന്തി' എന്ന് എഴുതിയ ഹൂഡികൾ ധരിച്ചാണ് എല്ലാവരും എത്തിയത്. റീ യൂണിയൻ ചിത്രങ്ങൾ സോഹ തന്റെ ഇൻസ്റ്റഗ്രാം പേജ് വഴി പങ്കുവച്ചു.
ഇന്ത്യൻ രാഷ്ട്രീയവും സ്വാതന്ത്ര്യ സമര ചരിത്രവും സംസാരിച്ച ഈ കമിങ് ഓഫ് ഏജ് ഡ്രാമ എഴുതി സംവിധാനം ചെയ്തതിന് പുറമേ നിർമിച്ചതും രാകേഷ് ഓംപ്രകാശ് മെഹ്റയാണ്. തമിഴ് നടൻ സിദ്ധാർഥിന്റെ ബോളിവുഡ് അരങ്ങേറ്റം ചിത്രം കൂടിയായിരുന്നുവിത്. ബ്രിട്ടീഷ് നടി ആലിസ് പാറ്റൻ, ആർ. മാധവൻ, വഹീദ റഹ്മാൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് സ്വന്തമാക്കിയ 'രംഗ് ദേ ബസന്തി', 2007ലെ ബാഫ്ട അവാർഡ്സിൽ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള നാമനിർദേശവും നേടിയിരുന്നു. കൂടാതെ, ഗോൾഡൻ ഗ്ലോബ് അവാർഡുകളിലേക്കും അക്കാദമി അവാർഡുകളിലേക്കും ഇതേ വിഭാഗത്തിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായും 'രംഗ് ദേ ബസന്തി' തിരഞ്ഞെടുക്കപ്പെട്ടു.