'ധുരന്ധർ: ദ റിവഞ്ച്' സിനിമ Source: X
MOVIES

അത്ര വയലൻസ് വേണ്ട! 'ധുരന്ധർ 2'വിനും സെൻസർ കട്ട്

ഏകദേശം ആറ് മിനുട്ടോളം ദൈർഘ്യമുള്ള ഭാഗങ്ങളാണ് സെൻസർ ബോർഡ് നീക്കം ചെയ്തത്

Author : ന്യൂസ് ഡെസ്ക്

രൺവീർ സിംഗ് നായകനായ ആദിത്യ ധർ ചിത്രം 'ധുരന്ധർ: ദ റിവഞ്ചി'ന്റെ പെയ്‌ഡ് പ്രിവ്യൂ ഷോകൾ ഇന്ന് നടക്കും. നാളെയാണ് സിനിമ രാജ്യത്താകമാനം റിലീസ് ചെയ്യുന്നത്. നാല് മണിക്കൂറിന് അടുത്ത് ദൈർഘ്യമുള്ള സിനിമയുടെ ചില പ്രധാനപ്പെട്ട ഭാഗങ്ങൾ സെൻസർ ബോർഡ് കട്ട് ചെയ്തതായാണ് റിപ്പോർട്ടുകൾ.

സെൻസർ സർട്ടിഫിക്കേഷൻ റിപ്പോർട്ട് പ്രകാരം, ചിത്രത്തിൽ നിന്ന് ഏകദേശം ആറ് മിനുട്ടോളം ദൈർഘ്യമുള്ള ഭാഗങ്ങൾ സെൻസർ ബോർഡ് നീക്കം ചെയ്തു. ഇതോടെ ഇന്ത്യയിൽ റിലീസ് ചെയ്യുന്ന പതിപ്പിന്റെ ദൈർഘ്യം മൂന്ന് മണിക്കൂർ 49 മിനിറ്റായി കുറഞ്ഞു. എന്നാൽ, യുകെയിൽ മൂന്ന് മണിക്കൂർ 55 മിനിറ്റ് ദൈർഘ്യമുള്ള പൂർണരൂപമാണ് പ്രദർശിപ്പിക്കുക.

സിനിമയിൽ സെൻസർ ബോർഡ് നിർദേശിച്ച 21 പ്രധാന മാറ്റങ്ങളിൽ 4 എണ്ണം അതിക്രൂരമായ അക്രമ ദൃശ്യങ്ങളുമായി ബന്ധപ്പെട്ടതാണ്. കണ്ണടിച്ചു തകർക്കുന്ന രംഗം, തലയറുത്ത് തട്ടിക്കളിക്കുന്നത്, സിമന്റ് കട്ട കൊണ്ട് തലയ്ക്കടിക്കുന്നത്, ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിക്കുന്നത് തുടങ്ങിയ ദൃശ്യങ്ങളുടെ ദൈർഘ്യം കുറയ്ക്കാനാണ് നിർദേശിച്ചിരിക്കുന്നത്.

കൂടാതെ, സബ്‌ടൈറ്റിലുകളിൽ നൽകിയിരുന്ന നോട്ടുനിരോധനവുമായി ബന്ധപ്പെട്ട തീയതികളിൽ തിരുത്തൽ വരുത്തിയിട്ടുണ്ട്. വിവരങ്ങൾ നൽകുന്ന ടെക്സ്റ്റിൽ 'ലാഹോർ' എന്നതിന് പകരം 'ഡൽഹി' എന്നും മാറ്റിയിട്ടുണ്ട്. സിനിമയിൽ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പരാമർശങ്ങളും വാർത്താ ദൃശ്യങ്ങളും ഉപയോഗിക്കുന്നതിനായി സെൻസർ ബോർഡിന് മുൻപാകെ അണിയറപ്രവർത്തകർ ഔദ്യോഗിക അനുമതി പത്രം സമർപ്പിച്ചിരുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കടുത്ത അക്രമ രംഗങ്ങൾ പരിഗണിച്ച് ചിത്രത്തിന് 'എ' സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. 'ധുരന്ധർ' ആദ്യ ഭാഗം ഒടിടിയിൽ എത്തിയപ്പോൾ പല സംഭാഷണങ്ങളും മ്യൂട്ട് ചെയ്തതിലും ദൃശ്യങ്ങൾ കട്ട് ചെയ്തതിലും ആരാധകരുടെ ഭാഗത്തുനിന്നും വലിയ പ്രതിഷേധം ഉയർന്നിരുന്നു. രണ്ടാം ഭാഗത്തിലും സെൻസറിങ് ശക്തമായത് ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്.

രൺവീർ സിംഗിനൊപ്പം അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, ആർ. മാധവൻ, സാറ അർജുൻ, രാകേഷ് ബേദി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബി62 സ്റ്റുഡിയോ നിർമിച്ച് ജിയോ സ്റ്റുഡിയോ അവതരിപ്പിക്കുന്ന 'ധുരന്ധർ: ദ റിവഞ്ച്' ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ ആണ് ആഗോള റിലീസായി എത്തുന്നത്. സംവിധായകൻ ആദിത്യ ധർ തന്നെയാണ് തിരക്കഥ. ജ്യോതി ദേശ്പാണ്ഡെയും ലോകേഷ് ധറും ആദിത്യ ധറും ചേർന്നാണ് ഈ മെഗാ മാസ് ആക്ഷൻ സ്പൈ ത്രില്ലർ നിർമിച്ചിരിക്കുന്നത്.

SCROLL FOR NEXT