അറ്റ്‌‍ലിക്കൊപ്പം അല്ലു അർജുന്‍, ദീപിക പദുകോണ്‍ Source: X
MOVIES

"അല്ലു അർജുൻ - ദീപിക ചിത്രം ഇന്ത്യന്‍ സിനിമയ്ക്ക് പുതിയ അനുഭവമാകും"; അറ്റ്‍ലിയെ പുകഴ്‌ത്തി രണ്‍വീർ സിംഗ്

'ജവാൻ' എന്ന ഷാരൂഖ് ഖാന്‍ ചിത്രമാണ് അറ്റ്‍ലിക്ക് രാജ്യവ്യാപകമായ പ്രശസ്തി നേടിക്കൊടുത്തത്

Author : ന്യൂസ് ഡെസ്ക്

മുംബൈ: ആരാധകർ ഏറെ പ്രതീക്ഷ കല്‍പ്പിക്കുന്ന സിനിമയാണ് ഹിറ്റ്‌മേക്കർ അറ്റ്‍ലിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ അല്ലു അർജുന്‍ ചിത്രം. 'AA22x A6' എന്ന വർക്കിങ് ടൈറ്റിലില്‍ അറിയപ്പെടുന്ന ചിത്രത്തില്‍ ബോളിവുഡ് സൂപ്പർ താരം ദീപിക പദുകോണ്‍ ആണ് നായിക. ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ 'ജവാന്' ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഷൂട്ടിങ് ലൊക്കേഷന്‍ സന്ദർശിച്ചതിനെപ്പറ്റിയുള്ള നടിയുടെ പങ്കാളിയും നടനുമായ രണ്‍വീർ സിംഗിന്റെ വാക്കുകള്‍ സിനിമയുടെ ഹൈപ്പ് കൂട്ടിയിരിക്കുകയാണ്.

"അറ്റ്‍ലിയുടെ ഇപ്പോഴത്തെ സിനിമയുടെ സെറ്റില്‍ പോകാന്‍ ഇടയായി. കാരണം എന്റെ ഭാര്യ ആ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. നിങ്ങള്‍ ഇത് മുന്‍പും കേട്ടിരിക്കാമെങ്കിലും ഞാന്‍ പറയുകയാണ്. ഇന്ത്യൻ സിനിമയിൽ നിങ്ങൾ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒന്നാണ് അദ്ദേഹം സൃഷ്ടിക്കുന്നത്," രണ്‍‌വീർ പറഞ്ഞു.

'ജവാൻ' എന്ന ഷാരൂഖ് ഖാന്‍ ചിത്രമാണ് അറ്റ്‍ലിക്ക് രാജ്യവ്യാപകമായ പ്രശസ്തി നേടിക്കൊടുത്തത്. എന്നാല്‍ ഇതിനും മുന്‍പ് വിജയ്‌യെ നായകനാക്കി അറ്റ്‍ലി സംവിധാനം ചെയ്ത 'മെർസല്‍' കണ്ട് താന്‍ അദ്ദേഹത്തെ വിളിച്ചിരുന്നതായി രണ്‍വീർ വെളിപ്പെടുത്തി. താങ്കളുടെ സിനിമകള്‍ ഇഷ്ടമാണെന്നും മുംബൈയിലേക്ക് വരുണമെന്നും ആവശ്യപ്പെട്ടതായും നടന്‍ പറയുന്നു. അറ്റ്‍ലിക്കൊപ്പം സിനിമ ചെയ്യാനുള്ള ആഗ്രഹവും രണ്‍വീർ സിംഗ് മറച്ചുവച്ചില്ല.

അടുത്തിടെ അറ്റ്‍ലിയുടെ ഒരു പരസ്യത്തില്‍ രണ്‍വീർ സിംഗ് അഭിനയിച്ചിരുന്നു. 'ചിങ്സ് സീക്രട്ട്' എന്ന ബ്രാന്‍ഡിന്റെ പരസ്യത്തില്‍ ആക്ഷന്‍ ഹീറോ ലുക്കിലാണ് നടന്‍ പ്രത്യക്ഷപ്പെട്ടത്. തെന്നിന്ത്യന്‍ താരം ശ്രീലീല, ബോബി ഡിയോള്‍ എന്നിവരും ഈ പരസ്യത്തില്‍ അഭിനയിച്ചിരുന്നു. ഇന്ത്യയിൽ ഇതുവരെ ഇറങ്ങിയതിൽ ഏറ്റവും മുതൽമുടക്കുള്ള പരസ്യചിത്രമാണ് ഇതെന്നാണ് റിപ്പോർട്ടുകൾ.

SCROLL FOR NEXT