രശ്മിക മന്ദാന കേന്ദ്ര കഥാപാത്രമായി എത്തുന്ന ഹൈ-ഓക്ടെയിൻ ഇമോഷണൽ ആക്ഷൻ ത്രില്ലർ 'മൈസ'യുടെ ടീസർ പുറത്ത്. നടിയുടെ ഞെട്ടിക്കുന്ന ആക്ഷൻ രംഗങ്ങളാണ് ട്രെയ്‌ലറിന്റെ ഹൈലൈറ്റ്. നവാഗതനായ രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ 'ഗോണ്ട്' വംശജയായ ഒരു സ്ത്രീയെയാണ് രശ്മിക അവതരിപ്പിക്കുന്നത്.
ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലുമാകും ഈ ചിത്രത്തിൽ രശ്മിക എത്തുകയെന്ന് സിനിമയുടെ അനൗൺസ്മെന്റ് സമയത്ത് തന്നെ അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു. അത് ശരിവയ്ക്കുന്നതാണ് ടീസർ. അതിസാഹസികമായ രംഗങ്ങൾ അനായാസമായി അവതരിപ്പിക്കുന്ന നടിയെയാണ് ടീസറിൽ കാണാൻ സാധിക്കുന്നത്.
ഈശ്വരി റാവു, രാഹുൽ രവീന്ദ്രൻ, സമുദ്രക്കനി, റാവു രമേഷ്, ശിവ കണ്ടുകുറി, കാർത്തിക് രഞ്ജിനി, താരക് പൊന്നപ്പ, നിധി സിംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. സെൻസേഷണൽ സംഗീത സംവിധായകൻ ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം. ശ്രേയാസ് കൃഷ്ണ ഛായാഗ്രഹണവും കാർത്തിക ശ്രീനിവാസ് ആർ എഡിറ്റിങ്ങും നിർവ്ഹിക്കുന്നു. ജി.എം. ശേഖർ പ്രൊഡക്ഷൻ ഡിസൈനറും കെച്ച ഖംഫാക്ഡി സ്റ്റണ്ട് കൊറിയോഗ്രാഫറുമാണ്. രാജ്കുമാർ കണ്ടമുഡിയുമായി ചേർന്ന് രവീന്ദ്ര പുല്ലെയാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
അൺഫോർമുല ഫിലിംസിന്റെ ബാനറിൽ അജയ് സായിപുറെഡ്ഡി, അനിൽ സയ്യപുറെഡ്ഡി, വീരസായി ഗോപ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന 'മൈസ' നവംബർ 27ന് തിയേറ്ററുകളിൽ ലോകമെമ്പാടും റിലീസ് ചെയ്യും.