സൂപ്പർതാരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹ ശേഷം ആദ്യമായി ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'രണബാലി'യുടെ പ്രധാന ഷെഡ്യൂൾ പൂർത്തിയായി. ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ സന്തോഷ വാർത്ത ആരാധകരുമായി പങ്കുവച്ചത്. റായലസീമയിലെ ഷെഡ്യൂൾ ആണ് പൂർത്തിയായിരിക്കുന്നത്. സെപ്റ്റംബർ 11നാണ് സിനിമയുടെ ആഗോള റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
സിനിമയുടെ ചിത്രീകരണത്തിന്റെ അവസാന ദിവസം രശ്മികയും വിജയ്‌യും റായലസീമ പ്രദേശവാസികൾക്ക് നന്ദി അറിയിച്ചു. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഷൂട്ടിങ് സമയത്ത് താരദമ്പതികളെ കാണാൻ വലിയ തോതിൽ ജനങ്ങൾ തടിച്ചുകൂടിയിരുന്നു. ഊഷ്മളമായ സ്വീകരണമാണ് ആരാധകർ ഇരുവർക്കും നൽകിയത്. ചില ആരാധകർ വിജയ്‌ക്കായി ബൈക്ക് റാലിയും സംഘടിപ്പിച്ചിരുന്നു.
രാഹുൽ സങ്ക്രിത്യനാണ് 'രണബാലി' സംവിധാനം ചെയ്യുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്ന് നിർമിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം ഗുൽഷൻ കുമാർ, ഭുഷൻ കുമാർ, ടി സീരീസ് എന്നിവർ ചേർന്നാണ് അവതരിപ്പിക്കുന്നത്. പിരിയോഡിക് ഡ്രാമയായി എത്തുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത ലുക്കിലാണ് വിജയ് ദേവരകൊണ്ടയും രശ്മികയും എത്തുന്നത്.
'ഗീതാ ഗോവിന്ദം', 'ഡിയർ കോമ്രേഡ്' എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയ്‌യും രശ്മികയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. 'ദ മമ്മി' എന്ന ചിത്രത്തിലൂടെ ലോകപ്രശസ്തനായ ഹോളിവുഡ് നടൻ അർനോൾഡ് വോസ്ലൂ ആണ് ചിത്രത്തിലെ പ്രധാന വില്ലൻ. സർ തിയോഡോർ ഹെക്ടർ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിട്ടാണ് നടൻ വേഷമിടുന്നത്. പാൻ-ഇന്ത്യൻ തലത്തിൽ പുറത്തിറങ്ങുന്ന 'രണബാലി' ഇന്ത്യൻ സിനിമയിലെ തന്നെ വമ്പൻ പ്രോജക്ടുകളിൽ ഒന്നായിരിക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
നിർമാതാക്കൾ: നവീൻ യേർനേനി വൈ രവിശങ്കർ, സഹ നിർമ്മാതാവ്: അനുരാഗ് പർവ്വതനേനി, സഹ നിർമാതാവ്: ശിവ ചനാന, പ്രസിഡന്റ് (ടി-സീരീസ്): നീരജ് കല്യാൺ, സിഇഒ: ചെറി, സംഗീതം: അജയ് - അതുൽ, ക്യാമറ: നീരവ് ഷാ, എഡിറ്റിംഗ്: കാർത്തിക ശ്രീനിവാസ് ആർ, രചന: പ്രമോദ് തമ്മിനേനി, പ്രൊഡക്ഷൻ ഡിസൈനർ: ശിവം റാവു നാഗസനി, ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ആർ ചന്ദ്രശേഖർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ചെമ്പോലു സായി ആദിത്യ, കൊറിയോഗ്രാഫി ഡയറക്ടർ: ക്രുതി മഹേഷ്, കോസ്റ്റ്യൂം ഡിസൈനർ: അർച്ചന റാവു, കലാസംവിധായകൻ: വിത്തൽ കോശം, VFX സൂപ്പർവൈസർ: സുനിൽ രാജു ചിന്ത, ആക്ഷൻ കൊറിയോഗ്രാഫർമാർ: യാനിക്ക് ബെൻ, ആൻഡി ലോംഗ് ഗുയെൻ, റാബിൻ സുബ്ബു, സൗണ്ട് ഡിസൈനർ: രഘുനാഥ് കെമിസെറ്റി, പബ്ലിസിറ്റി ഡിസൈനർ: കബിലൻ ചെല്ലിയ, പിആർഒ: ആതിര ദിൽജിത്ത്, മാർക്കറ്റിങ്: ഫസ്റ്റ് ഷോ.