'തും മേരെ നാ ഹുവേ' എന്ന ഗാനത്തില്‍ രശ്മിക മന്ദാന 
MOVIES

ഈ യക്ഷി കിടിലന്‍ ഡാന്‍സും കളിക്കും; രശ്മിക മന്ദാനയുടെ ഹൂക്ക് സ്റ്റെപ്പില്‍ ചാർട്ട്ബസ്റ്ററായി 'തമ്മ'യിലെ ഗാനം

ഗാനരംഗത്തിലെ രശ്മികുടെ ഊർജം നിറഞ്ഞ പ്രകടനത്തെപ്പറ്റിയാണ് എല്ലാവർക്കും സംസാരിക്കാനുള്ളത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മാഡോക്ക് ഫിലിംസിന്റെ ഹൊറർ കോമഡി ചിത്രം 'തമ്മ'യിലെ രശ്മിക മന്ദാനയുടെ ഡാന്‍സ് നമ്പർ ഏറ്റെടുത്ത് ആരാധകർ. നായകന്‍ അയുഷ്‍മാന്‍ ഖുറാനയ്ക്ക് ഒപ്പമുള്ള നൃത്തത്തിലെ രശ്മികയുടെ ഹൂക്ക് സ്റ്റെപ്പിന് വലിയ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. 'തും മേരെ നാ ഹുവേ' എന്ന ഗാനം സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം വൈറലാണ്.

ഗാനരംഗത്തിലെ രശ്മികുടെ ഊർജം നിറഞ്ഞ പ്രകടനത്തെപ്പറ്റിയാണ് എല്ലാവർക്കും സംസാരിക്കാനുള്ളത്. പ്രണയവും വേദനയും ഇത്രയും മനോഹരമായി മറ്റൊരാള്‍ക്കും മുഖത്ത് പ്രകടിപ്പിക്കാന്‍ ആകില്ലെന്ന് വരെ പോകുന്നു പ്രശംസ. അയുഷ്മാന്‍-രശ്മിക കെമസ്ട്രിയും എടുത്തുപറയുന്നവരുണ്ട്. 'ചില പ്രണയകഥകള്‍ക്ക് മരണമില്ല...അവ ഉള്ളില്‍ എരിഞ്ഞുകൊണ്ടിരിക്കും' എന്ന് കുറിച്ചുകൊണ്ടാണ് സിനിമയുടെ അണിയറ പ്രവർത്തകർ ഗാനം പുറത്തുവിട്ടത്.

'തമ്മ'യിലെ ഗാനത്തിന്റെ യൂട്യൂബ് വീഡിയോയ്ക്ക് വന്ന കമന്റുകള്‍

ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അമിതാബ് ഭട്ടാചാര്യ ആണ്. ഈണം നല്‍കിയത് സച്ചിന്‍ ജിഗാറും. മധുബന്തി ബാഗ്ചിയുടെ സ്വരം പാട്ടിനെ കൂടുതല്‍ ആകർഷണീയമാക്കുന്നു.

'സ്ത്രീ 2' ലെ 'ആജ് കീ രാത്ത്' എന്ന ഡാന്‍സ് നമ്പറും വലിയ തോതില്‍ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ഗാനരംഗത്തിലെ തമന്നയുടെ ചുവടുകള്‍ ഇന്‍സ്റ്റഗ്രാം റീലുകളായി ട്രെന്‍ഡിങ്ങായിരുന്നു.

മാഡോക്ക് ഫിലിംസിന്റെ ഹൊറർ കോമഡി സിനിമാറ്റിക് യൂണിവേഴ്സില്‍ ഉള്‍പ്പെടുന്ന ചിത്രമാണ് തമ്മ. സ്ത്രീ, ഭേഡിയാ, മൂഞ്ജിയ എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെയാണ് മാഡോക്ക് ഫിലിംസ് മറ്റൊരു ഹൊറർ കോമഡി പുറത്തിറക്കുന്നത്. 'മൂഞ്ജിയ' എടുത്ത ആദിത്യ സർപോത്ദാർ ആണ് ചിത്രത്തിന്റെ സംവിധായകന്‍. നിരേൻ ഭട്ട്, സുരേഷ് മാത്യു, അരുൺ ഫലാര എന്നിവർ ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. മാഡോക്ക് ഫിലിംസിന്റെ ബാനറില്‍ ദിനേശ് വിജനും 'സ്ത്രീ' സംവിധായകൻ അമർ കൗശിക്കും ചേർന്നാണ് നിർമാണം.

നവാസുദ്ദീന്‍ സിദ്ദിഖി, പരേഷ് റാവല്‍, ഗീതാ അഗർവാള്‍, സത്യരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. വരുൺ ധവാൻ അവതരിപ്പിച്ച ഭേഡിയയും, 'മൂഞ്ജിയ'യിലെ സത്യരാജിന്റെ എല്‍വിസ് കരീമിനെയും ട്രെയ്‌ലറില്‍ കാണാം. മാഡോക്ക് സിനിമാറ്റിക് യൂണിവേഴ്സില്‍ പെടുന്ന ചിത്രമാണ് ഇതെന്ന സൂചനകളാണ് ഇത് നല്‍കുന്നത്. ചിത്രം ദീപാവലി റിലീസായി ഒക്ടോബർ 21ന് തിയേറ്റുകളില്‍ എത്തും.

SCROLL FOR NEXT