കമല്‍ഹാസന്‍ 
MOVIES

യഥാര്‍ഥ താരപദവി ലഭിച്ചത് തെലുങ്ക് സിനിമയില്‍ നിന്ന്: കമല്‍ഹാസന്‍

കമലിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്ത ഇന്ത്യന്‍ 2-ന്‍റെ തെലുങ്ക് പതിപ്പ് ഭാരതിയുഡു 2-ന്‍റെ പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ ഹൈദരാബാദിലെത്തിയപ്പോഴായിരുന്നു നടന്‍റെ പ്രതികരണം.

Author : ന്യൂസ് ഡെസ്ക്

സിനിമാ കരിയറിലെ തന്‍റെ യഥാര്‍ഥ സ്റ്റാര്‍ഡം ആരംഭിച്ചത് ആന്ധ്രയില്‍ നിന്നാണെന്ന് നടന്‍ കമല്‍ഹാസന്‍. 1978-ല്‍ റിലീസായ തെലുങ്ക് ചിത്രം 'മാരോ ചൈത്ര' എന്ന സിനിമില്‍ നായകനായതോടെയാണ് താന്‍ താരമായതെന്ന് കമല്‍ഹാസന്‍ പറഞ്ഞു. കമലിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്ത ഇന്ത്യന്‍ 2-ന്‍റെ തെലുങ്ക് പതിപ്പ് ഭാരതിയുഡു 2-ന്‍റെ പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ ഹൈദരാബാദിലെത്തിയപ്പോഴായിരുന്നു നടന്‍റെ പ്രതികരണം.

മറ്റ് ഭാഷകളുമായി താരതമ്യം ചെയ്താല്‍ തമിഴ് കഴിഞ്ഞാല്‍ തെലുങ്ക് സിനിമാ വ്യവസായമാണ് തന്‍റെ ഭാഗ്യസ്ഥലം. 'അകാലി രാജ്യം', 'ഇന്ദ്രുഡു ചന്ദ്രുഡു' തുടങ്ങിയ ചിത്രങ്ങളും സംവിധായകൻ കെ വിശ്വനാഥിനൊപ്പം മറ്റ് നിരവധി ചിത്രങ്ങളും തെലുങ്കില്‍ നിന്ന് ലഭിച്ചിരുന്നതായി കമല്‍ഹാസന്‍ പറഞ്ഞു. 1995-ല്‍ ഇറങ്ങിയ 'ശുഭ സങ്കല്‍പ്പം' എന്ന സിനിമ കഴിഞ്ഞ് നീണ്ട 20 വര്‍ഷത്തിന് ശേഷം പ്രഭാസ് ചിത്രം കല്‍ക്കിയിലൂടെയാണ് കമല്‍ഹാസന്‍ വീണ്ടും തെലുങ്ക് സിനിമയുടെ ഭാഗമാകുന്നത്. ചിത്രത്തില്‍ സുപ്രീം യാസ്കിന്‍ എന്ന വില്ലന്‍ കഥാപാത്രത്തെയാണ് കമല്‍ അവതരിപ്പിച്ചിരിക്കുന്നത്.

ജൂലൈ 12-ന് തിയേറ്ററുകളിലെത്തുന്ന ഇന്ത്യന്‍-2 തമിഴ്,തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. സിദ്ധാര്‍ത്ഥ്, രാകുല്‍ പ്രീത് സിംഗ്, കാജള്‍ അഗര്‍വാള്‍, വിവേക്, ബോബി സിംഹ, നെടുമുടി വേണു, പ്രിയാ ഭവാനി ശങ്കര്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രവി വര്‍മ്മന്‍ ക്യാമറയും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. ലൈക്ക പ്രൊഡക്ഷന്‍സ്, റെഡ് ജെയിന്‍റ് മൂവീസ് എന്നിവരുടെ ബാനറില്‍ സുഭാസ്കരനും ഉദയനിധി സ്റ്റാലിനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

SCROLL FOR NEXT