കമല്‍ ഹാസന്‍ 
MOVIES

സത്യം പറയട്ടെ, ഞാന്‍ ഇന്ത്യന്‍ 2 ചെയ്യാന്‍ കാരണം ഇന്ത്യന്‍ 3: കമല്‍ ഹാസന്‍

ഒരു ഭാഗം കൊണ്ട് മാത്രം സിനിമയോട് നീതി പുലര്‍ത്താനാകില്ലെന്ന് മനസിലാക്കിയതിനാലാണ് ചിത്രത്തിന് മൂന്നാം ഭാഗം ഉണ്ടായതെന്ന് സംവിധായകന്‍ ശങ്കര്‍ ഇന്ത്യന്‍ 2ന്റെ ഓഡിയോ ലോഞ്ചില്‍ പറഞ്ഞിരുന്നു

Author : ന്യൂസ് ഡെസ്ക്

ഇന്ത്യന്‍ 2 എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ കാരണം ചിത്രത്തിന്റെ മൂന്നാം ഭാഗമാണെന്ന് നടന്‍ കമല്‍ ഹാസന്‍. രണ്ടാം ഭാഗത്തേക്കാളും തനിക്കിഷ്ടം മൂന്നാം ഭാഗമാണെന്നും കമല്‍ ഹാസന്‍ പറഞ്ഞു. നിലവില്‍ കമല്‍ ഹാസന്‍ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളിലാണ്. ഇന്ത്യന്‍ 2 ജൂലൈ 12ന് തിയേറ്ററുകളിലെത്തും.

'സത്യം പറയട്ടെ, ഞാന്‍ രണ്ടാം ഭാഗം ചെയ്യാനുണ്ടായ കാരണം ഇന്ത്യനിന്റെ മൂന്നാം ഭാഗമാണ്. ഞാന്‍ മൂന്ന് ഭാഗത്തിന്റെ വലിയ ആരാധകനാണ്. സാധാരണ ആളുകള്‍ പറയാറ്, ഫസ്റ്റ് ഹാഫിനേക്കാളും സെക്കന്റ് ഹാഫ് ഇഷ്ടപ്പെട്ടു എന്നാണ്. എന്റെ സെക്കന്റ് ഹാഫാണ് ഇന്ത്യന്‍ 3. ഞാന്‍ ഈ സിനിമയെ സ്വയം പുകഴ്ത്താന്‍ തുടങ്ങിയിട്ട് കുറേ ആയി. ഇനിയും ആറ് മാസം കാത്തിരിക്കേണ്ടേ എന്ന ടെന്‍ഷന്‍ മാത്രമെ എനിക്കുള്ളൂ.', കമല്‍ ഹാസന്‍ പറഞ്ഞു.

ശങ്കറാണ് ഇന്ത്യന്‍ 2ന്റെ സംവിധായകന്‍. ചിത്രത്തില്‍ സിദ്ദാര്‍ഥ്, എസ്.ജെ സൂര്യ, കാജള്‍ അഗര്‍വാള്‍, രാകുല്‍ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കര്‍, കാളിദാസ് ജയറാം, ഗുല്‍ഷന്‍ ഗ്രോവര്‍, നെടുമുടി വേണു, വിവേക്, സമുദ്രകനി, ബോബി സിംഹ, ഗുരു സോമസുന്ദരം, ഡല്‍ഹി ഗണേശ്, ജയപ്രകാശ്, മനോബാല, വെണെല കിഷോര്‍, ദീപ ശങ്കര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദര്‍ ആണ് രണ്ട് ഭാഗങ്ങളുടെയും സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

രണ്ട് ഭാഗങ്ങളുടെയും ചിത്രീകരണം പൂര്‍ത്തിയായതാണ്. ഒരു ഭാഗം കൊണ്ട് മാത്രം സിനിമയോട് നീതി പുലര്‍ത്താനാകില്ലെന്ന് മനസിലാക്കിയതിനാലാണ് ചിത്രത്തിന് മൂന്നാം ഭാഗം ഉണ്ടായതെന്ന് സംവിധായകന്‍ ശങ്കര്‍ ഇന്ത്യന്‍ 2ന്റെ ഓഡിയോ ലോഞ്ചില്‍ പറഞ്ഞിരുന്നു.





SCROLL FOR NEXT