മാമുക്കോയ ലോകത്തോട് വിടപറഞ്ഞെന്ന് പലര്‍ക്കും ഇപ്പോഴും വിശ്വസിക്കാന്‍ സാധിക്കാറില്ല. ജീവിച്ചിരുന്നെങ്കില്‍ ഇന്ന് 78-ാം പിറന്നാള്‍ ആഘോഷിക്കേണ്ട മലയാളത്തിന്‍റെ ഈ ചിരി വസന്തത്തെ മലയാള സിനിമ ഉള്ള കാലത്തോളം ഓര്‍ത്തിരിക്കും. പുറത്തിറങ്ങി ഒന്ന് കണ്ണോടിച്ചാല്‍ മുന്നില്‍പ്പെടുന്ന മനുഷ്യരില്‍ മാമുക്കോയയുടെ കഥാപാത്രങ്ങളെ കാണാം. ചായക്കടക്കാരനായി, ബ്രോക്കറായി, പൊലീസായി അങ്ങനെ പല രൂപത്തില്‍ പല വേഷത്തില്‍. കോഴിക്കോടന്‍ ഭാഷയുടെ നിഷ്കളങ്കമായ ശൈലിയെ മലയാള സിനിമയിലൂടെ ജനകീയമാക്കിയത് മാമുക്കോയ ആയിരുന്നു. 'മലബാറില്‍ ഏത് മഹര്‍ഷി ജനിച്ചാലും ഇങ്ങനെയേ പറയൂ' എന്ന് മന്ത്രമോതിരത്തിലെ കുമാരനെ ഉപദേശിക്കുന്ന ചായക്കടക്കാരന്‍ അബ്ദു ഈ ഭാഷാശൈലിയുടെ ചിരിയുണര്‍ത്തിയ കഥാപാത്രങ്ങളിലൊന്നാണ്.
ചാലിക്കണ്ടിയില്‍ മുഹമ്മദിന്റെയും ഇമ്പിച്ചി ആയിശയുടേയും മകനായി 1946-ല്‍ കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടിയിലാണ് ജനിക്കുന്നത്. ചെറുപ്പത്തിലേ മാതാപിതാക്കള്‍ മരിച്ചതിനാല്‍ ജ്യേഷ്ഠന്റെ സംരക്ഷണത്തിലാണ് വളര്‍ന്നത്. കോഴിക്കോട് എം.എം ഹൈസ്‌കൂളില്‍ പത്താംക്ലാസ് വരെയുള്ള പഠനം പൂര്‍ത്തിയാക്കി. പഠനകാലത്തു തന്നെ സ്‌കൂളില്‍ നാടകങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും അഭിനയിക്കുകയും ചെയ്യുമായിരുന്നു.
കല്ലായിയില്‍ മരം അളക്കലായിരുന്നു ആദ്യ തൊഴില്‍. മരത്തിനു നമ്പറിടുക, ക്വാളിറ്റി നോക്കുക, അളക്കുക എന്നിവയെല്ലാത്തിലും വിദഗ്ധനായി. അതോടൊപ്പം നാടകവും ഒരുമിച്ചു കൊണ്ടുപോകാന്‍ അദ്ദേഹം ശ്രദ്ധിച്ചു. മാമുക്കോയയ്ക്ക് മലബാറിലെ നിരവധി നാടക-സിനിമാ പ്രവര്‍ത്തകരുമായി സൗഹൃദമുണ്ടായിരുന്നു. കെ.ടി മുഹമ്മദ്, വാസു പ്രദീപ്, ബി. മുഹമ്മദ് (കവിമാഷ്), എ.കെ പുതിയങ്ങാടി, കെ.ടി കുഞ്ഞ്, ചെമ്മങ്ങാട് റഹ്മാന്‍ തുടങ്ങിയവരുടെ നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.
സുഹൃത്തുക്കളെല്ലാവരും ചേര്‍ന്ന് ഒരു നാടകം സിനിമയാക്കിയതാണ് ചലച്ചിത്ര രംഗത്തേക്കുള്ള വഴി തുറന്നത്. നിലമ്പൂര്‍ ബാലൻ സംവിധായകനായ 'അന്യരുടെ ഭൂമി' (1979) എന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. 1982-ല്‍ എസ് കൊന്നനാട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകള്‍ എന്ന ചിത്രത്തില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാര്‍ശയില്‍ ഒരു വേഷം ലഭിച്ചു. മമ്മൂട്ടിയെ നായകനാക്കി സാജന്‍ സംവിധാനം ചെയ്ത സ്‌നേഹമുള്ള സിംഹമായിരുന്നു മൂന്നാമത്തെ ചിത്രം. വളരെ സ്വഭാവികമായ അഭിനയ ശൈലിയിലൂടെ സിനിമയില്‍ തന്റേതായ ഇടം നേടിയെടുക്കുകയായിരുന്നു മാമുക്കോയ. പിന്നീട് സത്യന്‍ അന്തിക്കാടിന്റെ ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, സന്‍മനസ്സുള്ളവര്‍ക്ക് സമാധാനം തുടങ്ങിയ ചിത്രങ്ങളിലൂടെ തിരക്കേറിയ നടനായി മാറി. ദൂരെ ദൂരെ ഒരു കൂട് കൂട്ടാം എന്ന ചിത്രത്തിലെ അറബി മാഷിന്‍റെ വേഷം ശ്രദ്ധിക്കപ്പെട്ടു.
സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു മാമുക്കോയ. നാടോടിക്കാറ്റിലെ തട്ടിപ്പുകാരന്‍ ഗഫൂര്‍ക്ക, സന്ദേശത്തിലെ കെ.ജി പൊതുവാള്‍, ചന്ദ്രലേഖയിലെ പലിശക്കാരന്‍ മാമ, വെട്ടത്തിലെ ഹംസക്കോയ/രാമന്‍ കര്‍ത്താ, മഴവില്‍ക്കാവടിയിലെ കുഞ്ഞി ഖാദര്‍, റാംജിറാവു സ്പീക്കിംഗിലെ ഹംസക്കോയ, വരവേല്‍പ്പിലെ ഹംസ, പ്രാദേശിക വാര്‍ത്തകളിലെ ജബ്ബാര്‍, കണ്‍കെട്ടിലെ ഗുണ്ട കീലേരി അച്ചു, ഡോക്ടര്‍ പശുപതിയിലെ വേലായുധന്‍ കുട്ടി, തലയണമന്ത്രത്തിലെ കുഞ്ഞനന്ദന്‍ മേസ്തിരി, നരേന്ദ്രന്‍ മകന്‍ ജയകാന്തനിലെ നമ്പീശന്‍, കളിക്കളത്തിലെ പോലീസുകാരന്‍, ഹിസ് ഹൈനസ് അബ്ദുള്ളയില്‍ ജമാല്‍, കൗതുക വാര്‍ത്തകളിലെ അഹമ്മദ് കുട്ടി, മേഘത്തിലെ കുറുപ്പ്, പട്ടാളത്തിലെ ഹംസ, മനസ്സിനക്കരയിലെ ബ്രോക്കര്‍, പെരുമഴക്കാലത്തിലെ അബ്ദു, ബ്യാരി എന്ന ചിത്രത്തിലെ കഥാപാത്രം, ഉസ്ദാത് ഹോട്ടലിലെ ഉമ്മര്‍, ആട് 2 ലെ ഇരുമ്പ് അബ്ദുള്ള, മരയ്ക്കാര്‍ അറബിക്കടലിലെ സിംഹത്തിലെ അബൂബക്കര്‍ ഹാജി, കുരുതിയിലെ മൂസാ ഖാലിദ്, മിന്നല്‍ മുരളിയിലെ ഡോക്ടര്‍ നാരായണന്‍ തുടങ്ങിയവയെല്ലാം ശ്രദ്ധേയ കഥാപാത്രങ്ങളാണ്.
രസകരമായ ഡയലോഗ് ഡെലിവറിയായിരുന്നു മാമുക്കോയയുടെ മറ്റൊരു ഹൈലൈറ്റ്. മലയാള സിനിമയിലെ തഗ്ഗുകളുടെ രാജാവ് എന്നൊരു വിശേഷണം കൂടി സോഷ്യല്‍ മീഡിയ അദ്ദേഹത്തിനുണ്ട്. ട്രോള്‍ പേജുകളില്‍ ഇന്നും നിറഞ്ഞുനില്‍ക്കുകയാണ് മാമുക്കോയയും അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങളും. ചെയ്തപ്പോഴൊക്കെയും വിസ്മയിപ്പിച്ച ക്യാരക്ടര്‍ റോളുകളും മാമുക്കോയയുടെ ഫിലിമോഗ്രാഫിയില്‍ ഇടംപിടിച്ചിട്ടുണ്ട്. പെരുമഴക്കാലത്തിലെ അബ്ദു എന്ന കഥാപാത്രത്തിന് 2004 ല്‍ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യക ജൂറി പരാമര്‍ശം ലഭിച്ചു, ഇന്നത്തെ ചിന്താവിഷയത്തിലെ അഭിനയത്തിന് 2008 ല്‍ മികച്ച ഹാസ്യനടനായി തിരഞ്ഞെടുക്കപ്പെട്ടു.
2023 ഏപ്രില്‍ 26ന് 76-ാം വയസില്‍ ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവം മൂലമാണ് മാമുക്കോയ മരണപ്പെട്ടത്. നാല് പതിറ്റാണ്ട് കാലം നീണ്ടുനിന്ന അഭിനയസപര്യയില്‍ ചെയ്തുവെച്ച വേഷങ്ങളിലൂടെ മലയാള സിനിമയുടെ ഇടനെഞ്ചില്‍ മാമുക്കോയ ഇന്നും ജീവിക്കുന്നു.