രഞ്ജി പണിക്കർ Source; Facebook
MOVIES

ജാനകി എന്നത് മുപ്പത്തി മുക്കോടി ദേവതകളിൽ ഒന്നിന്റെ പേരെങ്കിൽ എല്ലാ മതങ്ങളുമായി ബന്ധപ്പെട്ട് ഇതേ അപകട സാധ്യതയുണ്ട്: രഞ്ജി പണിക്കർ

വരാനിരിക്കുന്ന അന്തരീക്ഷത്തിന്റെ ഭീകരത വിളിച്ചു പറയുന്ന ഏറ്റവും പുതിയ സംഭവമായാണ് ഇതിനെ കാണേണ്ടത്.

Author : ന്യൂസ് ഡെസ്ക്

'ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് സംവിധായകനും, തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കർ.സുരേഷ് ഗോപി നായകനാകുന്ന ചിത്രത്തിന്റെ ജാനകി എന്ന പേര് മാറ്റണം എന്നായിരുന്നു സെൻസർ ബോർഡ് നിർദേശിച്ചത്. ഇങ്ങനെ പോയാൽ ഭാവിയിൽ കഥാപാത്രങ്ങൾക്ക് പേരിനു പകരം നമ്പർ ഇടേണ്ട അവസ്ഥ വരുമെന്ന് രഞ്ജി പണിക്കർ പറഞ്ഞു. ഏത് മതത്തിലും വ്യക്തികൾക്ക് പേരിടുന്നത് ദൈവ നാമങ്ങൾ ആയിരിക്കുമെന്നും രഞ്ജി പണിക്കർ പറഞ്ഞു.

'വ്യക്തികൾക്ക് നമ്മുടെ സംസ്കാരവും പാരമ്പര്യവും അനുസരിച്ച് ലഭിക്കുന്ന എല്ലാ നാമങ്ങളും ഏതെങ്കിലും അർത്ഥത്തിൽ ദൈവ നാമങ്ങളുമായി ബന്ധപ്പെട്ടതാണ്. അത് ഏത് മതമായാലും. ഒരു പേരിനെ സംബന്ധിച്ചുണ്ടാകുന്ന പ്രശ്നങ്ങൾ നാളെ കഥാപാത്രങ്ങൾക്ക് പേരിന് പകരം നമ്പർ ഇടേണ്ട സാഹചര്യത്തിലേക്ക് പോയേക്കാം. ജാനകി എന്നത് മുപ്പത്തി മുക്കോടി ദേവതകളിൽ ഒന്നിന്റെ പേരാണെങ്കിൽ എല്ലാ മതങ്ങളുമായി ബന്ധപ്പെട്ട് ഇതേ അപകട സാധ്യതയുണ്ട്. വരാനിരിക്കുന്ന അന്തരീക്ഷത്തിന്റെ ഭീകരത വിളിച്ചു പറയുന്ന ഏറ്റവും പുതിയ സംഭവമായാണ് ഇതിനെ കാണേണ്ടത്. ഇനി സിനിമയിലും, നാടകത്തിലും, എല്ലാം നമ്പർ ഇട്ട് കഥാപാത്രങ്ങൾ ഉണ്ടാകേണ്ട സാഹചര്യം ഉണ്ടാകും,' എന്നായിരുന്നു രഞ്ജി പണിക്കരുടെ പ്രതികരണം.

'ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' സിനിമയ്ക്ക് വേണ്ടി നിയമ പോരാട്ടത്തിന് ഒരുങ്ങി സിനിമാ സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്. ഹൈക്കോടതിയിൽ ഉടൻ റിട്ട് ഹർജി നൽകാനാണ് തീരുമാനം. തിരുവനന്തപുരത്ത് സെൻസർ ബോർഡ് ഓഫീസിനു മുൻപിൽ തിങ്കളാഴ്ച നടക്കുന്ന സമരത്തിൽ സിനിമ - ടെലിവിഷൻ മേഖലയിലെ സംഘടനകൾ മുഴുവൻ പങ്കെടുക്കുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ അറിയിച്ചു.

സിനിമാ സെൻസറിങ്ങിന്റെ മാനദണ്ഡങ്ങളിലും മാർഗരേഖയിലും സമൂലമായ മാറ്റം വേണമെന്നാണ് സിനിമാ സംഘടനകളുടെ ആവശ്യം. ഈ വിഷയം ഉന്നയിച്ച് ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകാനാണ് സിനിമ സംഘടനകളുടെ തീരുമാനം.അതേ സമയം സിനിമയുടെ പേരിന് എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി ചോദിച്ചു.പേര് മാറ്റാന്‍ നേരത്തെ നിര്‍ദേശം നല്‍കിയെന്ന് സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചു. സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തിന്റെ പകര്‍പ്പ് തിങ്കളാഴ്ച ഹാജരാക്കാനാണ് കോടതിയുടെ നിർദേശം.സെൻസർ ബോർഡിനെതിരെ 'ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' സിനിമയുടെ നിർമാതാക്കൾ നൽകിയ ഹർജിയിലാണ് കോടതി നിർദേശം.

സിനിമകള്‍ക്ക് എന്ത് പേര് നല്‍കിയാലെന്തെന്ന് കോടതി സിബിഎഫ്സിയോട് ചോദിച്ചു. ജാനകിയെന്നും ഗീതയെന്നും ഉള്ളത് എല്ലാവരും ഉപയോഗിക്കുന്ന പേരാണ്. ജാനകിയുടെ പേര് വേണ്ട മറ്റ് പേര് നല്‍കാമെന്നാണോയെന്ന് ഹൈക്കോടതി ചോദിച്ചു. സെന്‍സര്‍ ബോര്‍ഡിന്റെ കാരണം കാണിക്കല്‍ നോട്ടീസിന് എന്തുകൊണ്ട് മറുപടി നല്‍കിയില്ലെന്ന് നിര്‍മാതാക്കളോട് കോടതി ആരാഞ്ഞു. ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

തിങ്കളാഴ്ച നടക്കുന്ന സെൻസർ ബോർഡിനെതിരായ സമരം 'ജാനകി' സിനിമയ്ക്ക് വേണ്ടി മാത്രമല്ല. സിനിമാ മേഖലയുടെ നിലനിൽപ്പിനു വേണ്ടിയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. കേരളത്തിലെ എല്ലാ പാർട്ടികളുടെയും നേതാക്കളോട് സംസാരിച്ചുവെന്നും അവർക്കൊന്നും സിബിഎഫ്സി നിലപാടിനോട് യോജിപ്പില്ല എന്നും ഫെഫ്ക നേതൃത്വം മാധ്യമങ്ങളെ അറിയിച്ചു. മലയാള സിനിമാ അഭിനേതാക്കളുടെ സംഘടന, A.M.M.A പ്രതിനിധികളും ടെലിവിഷൻ മേഖലയിലുള്ളവരും തിങ്കളാഴ്ചത്തെ സമരത്തിൽ പങ്കെടുക്കും.

SCROLL FOR NEXT